ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിട്ട് നില്‍ക്കുന്നത് രാജസ്ഥാന്‍ റോയല്‍സാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ സീസണില്‍ തകര്‍പ്പന്‍ ഫോമിലാണുള്ളത്. 7 മത്സരത്തില്‍ നിന്ന് 6ലും ജയിച്ച രാജസ്ഥാന്‍ 12 പോയിന്റുമായി പട്ടികയില്‍ തലപ്പത്താണ്. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാത്ത രാജസ്ഥാന് ഇത്തവണ പ്ലേ ഓഫിലെത്താന്‍ സാധിക്കുമെന്ന് തന്നെ വിലയിരുത്താം.
നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും സഞ്ജു സാംസണ്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു ഉണ്ടാകുമോയെന്നത് പറയാറായിട്ടില്ല. സഞ്ജു രാജസ്ഥാന്‍ വിട്ട് സിഎസ്‌കെയ്ക്കിലേക്ക് പോയാല്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. തനിക്ക് വലിയ ടീമിന്റെ ഓഫര്‍ വന്നിട്ടുണ്ടെന്ന് പലപ്പോഴും സഞ്ജു തുറന്ന് പറഞ്ഞിട്ടുമുണ്ട്.
ഇത്തവണ ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കാതെ വന്നാല്‍ അടുത്ത സീസണില്‍ എംഎസ് ധോണിയുടെ വിടവ് നികത്തി സഞ്ജു സിഎസ്‌കെയിലേക്കെത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ സഞ്ജു സിഎസ്‌കെയിലേക്കല്ല എങ്ങോട്ടും പോകില്ലെന്നും സഞ്ജു വിരമിക്കുക രാജസ്ഥാനൊപ്പമായിരിക്കുമെന്നും അതിനുള്ള കാരണവും ഒരിക്കല്‍ രാജസ്ഥാന്റെ ഫിറ്റ്‌നസ് ട്രയ്‌നര്‍ രാജമണി പ്രഭു വെളിപ്പെടുത്തിയിരുന്നു.
സഞ്ജുവിന് കൂടുമാറാനുള്ള അവസരം നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും അതിന് തയ്യാറാവാതെ ഇരുന്നത് കൃത്യമായ നിലപാടുള്ളതിനാലാണെന്നാണ് രാജമണി പറയുന്നത്. '2021ല്‍ രാജസ്ഥാന്‍ വിട്ട് വലിയ ടീമിലേക്ക് കൂടുമാറ്റം നടത്തുന്നതിനെക്കുറിച്ച് സഞ്ജുവിനോട് ചോദിച്ചിരുന്നു. വലിയ ടീമിനൊപ്പം പോയാല്‍ വലിയ താരമാകാന്‍ സാധിക്കും. ദേശീയ ടീമിലും കൂടുതല്‍ അവസരം ലഭിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞു.

എന്നാല്‍ സഞ്ജു ഇതിന് മറുപടി പറഞ്ഞത് എന്തിനാണ് വലിയൊരു ടീമിലേക്ക് പോകുന്നത് നമ്മള്‍ കളിക്കുന്ന ടീമിനെ വലിയ ടീമാക്കി മാറ്റാമെന്നാണ്. ഇത് എന്നെ ഞെട്ടിക്കുന്നതായിരുന്നു. സഞ്ജുവിന് താന്‍ വളര്‍ന്ന രാജസ്ഥാന്‍ ടീമിനോട് വലിയ ആത്മബന്ധമുണ്ട്' രാജമണി പറഞ്ഞു. സഞ്ജുവിനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്ന ടീം രാജസ്ഥാനാണ്. രണ്ട് വര്‍ഷം രാജസ്ഥാന് വിലക്ക് ലഭിച്ചപ്പോള്‍ സഞ്ജു ഡല്‍ഹിക്കായി കളിച്ചിരുന്നു.
എന്നാല്‍ രാജസ്ഥാന്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടും രാജസ്ഥാനിലേക്കെത്തി. പ്രഥമ സീസണിനെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീട് വലിയൊരു പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. അജിന്‍ക്യ രഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരെല്ലാം നയിച്ചിട്ടും വലിയൊരു നിലയിലേക്ക് ടീമിനെ വളര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സഞ്ജു നായകനായതോടെ രാജസ്ഥാന് കൂടുതല്‍ ആരാധക പിന്തുണ ലഭിച്ചു. ടീമിന്റെ ബ്രാന്റ് മൂല്യത്തിലും വര്‍ധനവുണ്ടായി.
സഞ്ജുവിന് കീഴില്‍ രാജസ്ഥാന്‍ ഫൈനലിലും കളിച്ചു. രാജസ്ഥാന്‍ നായകനെന്ന നിലയില്‍ വലിയ പിന്തുണ സഞ്ജുവിന് ലഭിക്കുന്നുണ്ട്. സഞ്ജുവിനെ സൂപ്പര്‍ താരമായിത്തന്നെ രാജസ്ഥാന്‍ ഉയര്‍ത്തിക്കാട്ടുന്നു. മറ്റൊരു ടീമിലേക്ക് പോയാല്‍ സഞ്ജുവിന് നായകനായി ഉയരുക പ്രയാസമായിരിക്കും. സഞ്ജുവിന് കീഴില്‍ ടീമെന്ന നിലയില്‍ രാജസ്ഥാന്‍ വളരെയധികം വലുതായിട്ടുണ്ട്. ടീമിനെ കപ്പിലേക്കെത്തിക്കാന്‍ വൈകാതെ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ.
ഇത്തവണ രാജസ്ഥാന് വലിയ കിരീട സാധ്യതയാണുള്ളത്. ഒത്തൊരുമയോടെ കളിക്കുന്ന ടീമായി വളരാന്‍ രാജസ്ഥാന് സാധിക്കുന്നു. യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, റിയാന്‍ പരാഗ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറേല്‍ ഉള്‍പ്പെടെ മികച്ച താരനിര രാജസ്ഥാനുണ്ട്. ബൗളിങ് നിരയില്‍ ട്രന്റ് ബോള്‍ട്ട്, ആര്‍ അശ്വിന്‍, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍ എന്നീ സീനിയര്‍ താരങ്ങളുമുണ്ട്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ രാജസ്ഥാന്‍ കപ്പിലേക്കെത്താന്‍ സാധ്യതകളേറെയാണ്.