ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 5 വിക്കറ്റിന്റെ ജയം സിഎസ്‌കെ നേടിയിരിക്കുകയാണ്. മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ ജയം പിടിച്ചെടുത്ത സിഎസ്‌കെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കുകയും ചെയ്തു.
എന്നാല്‍ ജയത്തിനിടെയിലും സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്. 142 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ സിഎസ്‌കെയ്ക്കായി ആറാമനായാണ് ജഡേജ കളത്തിലെത്തിയത്. സിഎസ്‌കെ ബാറ്റിങ്ങിന്റെ 16ാം ഓവറിലാണ് വിവാദ വിക്കറ്റ് സംഭവിച്ചത്. അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് ചെയ്തത് ജഡേജയായിരുന്നു.
ഷോട്ട് കളിച്ച ജഡേജ സിംഗിള്‍ പൂര്‍ത്തിയാക്കിയെങ്കിലും അനാവശ്യമായി രണ്ടാം സണ്‍സിനായി ശ്രമിച്ച് നോണ്‍ സ്‌ട്രൈക്കില്‍ നിന്ന് റണ്‍സിനായി ഓടി പിച്ചിന്റെ പകുതിയിലെത്തി. ഇതിനിടെ ഫീല്‍ഡര്‍ പന്ത് സഞ്ജുവിന്റെ കൈയിലേക്ക് എറിഞ്ഞുകൊടുത്തു. എന്നാല്‍ സഞ്ജു ത്രോ ചെയ്തപ്പോഴേക്കും പിച്ചിന്റെ നടുവില്‍ക്കൂടെ ഓടിയ ജഡേജ റണ്ണൗട്ട് ശ്രമം തടുക്കാന്‍ ശ്രമിച്ചു. സഞ്ജുവിന്റെ സ്റ്റംപിന് നേരെയുള്ള ത്രോ ജഡേജയുടെ പുറത്താണ് കൊണ്ടത്. ദേഷ്യത്തോടെ സഞ്ജു ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് അപ്പീല്‍ ചെയ്തു.
ഫീല്‍ഡ് അംപയര്‍മാര്‍ തീരുമാനമെടുക്കാന്‍ തേര്‍ഡ് അംപയര്‍ക്ക് കൈമാറി. പരിശോധനയില്‍ പന്ത് സഞ്ജുവിന്റെ കൈയിലേക്കെത്തുന്നത് കൃത്യമായി ജഡേജ നോക്കുന്നുണ്ടെന്ന് വ്യക്തമായി. ഇതിന് ശേഷം പിച്ചിന്റെ മധ്യത്തിലേക്ക് ഓടുന്നതിന്റെ ദിശ മാറ്റുകയും പുറം വിരിച്ച് റണ്ണൗട്ട് ആകാനുള്ള സാഹചര്യം ഒഴിവാക്കാനും ജഡേജ ശ്രമിച്ചുവെന്ന് വ്യക്തമായി. മനപൂര്‍വ്വമാണ് ഇത്തരമൊരു നീക്കമെന്ന് വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഫീല്‍ഡിങ് നടസപ്പെടുത്തിയതിന് ജഡേജയെ പുറത്താക്കി.

എന്നാല്‍ അംപയറുടെ തീരുമാനത്തെ ജഡേജ ചോദ്യം ചെയ്താണ് കളം വിട്ടത്. ജഡേജ ഇത്രക്കും ചീപ്പാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. കളി ജയിക്കാനായി ജഡേജ ഇത്രയും തരം താഴ്ന്ന നിലയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ജഡേജയുടെ വിക്കറ്റ് ഇതിനോടകം വലിയ ചര്‍ച്ചക്ക് വഴിതുറന്നിരിക്കുകയാണ്. വലിയ വിമര്‍ശനമാണ് ജഡേജക്കെതിരേ ആരാധകര്‍ ഉയര്‍ത്തുന്നത്.
മത്സരത്തില്‍ രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ സഞ്ജുവിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ സഞ്ജുവെടുത്ത തീരുമാനം തെറ്റായിരുന്നു. തട്ടകത്തില്‍ മൃഗീയ ആധിപത്യം കാട്ടുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
പ്രത്യേകിച്ച് റണ്‍സ് പിന്തുടരുമ്പോള്‍ സിഎസ്‌കെയ്ക്ക് പ്രത്യേക മികവുണ്ട്. രാജസ്ഥാന്റെ ബൗളിങ് നിരയെക്കാള്‍ ശക്തം ബാറ്റിങ് നിരയാണെന്നിരിക്കെ സഞ്ജു സാംസണ്‍ എന്തുകൊണ്ടാണ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാന്റെ ബാറ്റിങ് മനോഭാവം തെറ്റായിരുന്നു.
പിച്ച് സ്ലോവായതിനാല്‍ ബാറ്റിങ് ദുഷ്‌കരമാണെന്നത് വസ്തുതയാണ്. എന്നാല്‍ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ഇതിലും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായിരുന്നു. യശ്വസി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേര്‍ന്ന് 43 റണ്‍സിന്റെ കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചെങ്കിലും മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തിയത്. പവര്‍പ്ലേയില്‍ 42 റണ്‍സെന്ന ശരാശരി സ്‌കോറാണ് രാജസ്ഥാന്‍ നേടിയത്. ഇത് വലിയ തിരിച്ചടിയായി.
നായകനെന്ന നിലയില്‍ സഞ്ജു സാംസണും ശോഭിക്കാനായില്ല. 19 പന്തില്‍ 15 റണ്‍സാണ് സഞ്ജുവിന് നേടാനായത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമായിട്ടും നായകന്റെ അനാവശ്യ സമ്മര്‍ദ്ദം കാട്ടി സഞ്ജു സ്ലോ ഇന്നിങ്‌സ് കളിച്ചത് രാജസ്ഥാനെ പിന്നോട്ടടിച്ചു. പിടിച്ചുനിന്ന ശേഷം റണ്‍സുയര്‍ത്താമെന്നതായിരുന്നു സഞ്ജുവിന്റെ പദ്ധതി. എന്നാല്‍ ഈ തന്ത്രം പാളിയപ്പോള്‍ സഞ്ജു ദുരന്തമായി മാറി. സഞ്ജു സ്വാഭാവിക ശൈലിയില്‍ കളിക്കാതിരുന്നത് വലിയ പിഴവാണ്.
റിയാന്‍ പരാഗും ദ്രുവ് ജുറേലും മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. പരാഗ് 35 പന്തില്‍ 47 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ ജുറേല്‍ 18 പന്തില്‍ 28 റണ്‍സാണ് നേടിയത്. 175ന് മുകളിലേക്ക് സ്‌കോര്‍ എത്തിക്കാനുള്ള ശ്രമം ജയ്‌സ്വാള്‍, ബട്‌ലര്‍, സഞ്ജു എന്നീ പ്രധാന ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് ഉണ്ടായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രാജസ്ഥാന്റെ ബാറ്റിങ് ശൈലി സിഎസ്‌കെയെ ജയിപ്പിക്കാനുള്ള തരത്തിലായിരുന്നുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
ദ്രുവ് ജുറേല്‍ നോബോള്‍ അപ്പീല്‍ പരിശോധിക്കേണ്ടെന്ന് അംപയറോട് പറഞ്ഞതും ആരാധകര്‍ ചോദ്യം ചെയ്യുന്നു. രാജസ്ഥാന്റെ ഫീല്‍ഡിങ് പ്രകടനത്തിനെതിരേയും ആരാധകര്‍ ചോദ്യം ഉയര്‍ത്തുന്നുണ്ട്. ജയിക്കാനുള്ള പ്രകടനമല്ല രാജസ്ഥാന്‍ തുടക്കം മുതല്‍ കാഴ്ചവെച്ചതെന്നാണ് ആരോപണമുയരുന്നത്.