ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റിന് 179 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 18.4 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടന്നു.
യശ്വസി ജയ്‌സ്വാളിന്റെ സെഞ്ച്വറിയും (104*) സന്ദീപ് ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനവുമാണ് രാജസ്ഥാന് വമ്പന്‍ ജയമൊരുക്കിയത്. ജയ്‌സ്വാള്‍ 60 പന്തില്‍ 9 ഫോറും 7 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ നിന്നു. സഞ്ജു സാംസണ്‍ 28 പന്തില്‍ 2 ഫോറും സിക്‌സും ഉള്‍പ്പെടെ 38* റണ്‍സോടെ ഗംഭീര പ്രകടനം നടത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ മുംബൈക്ക് തുടക്കം പ്രതീക്ഷിച്ച പോലെ മികച്ചതായില്ല. ആദ്യ ഓവറില്‍ത്തന്നെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ മടങ്ങി. 5 പന്തില്‍ 1 ഫോറടക്കം 6 റണ്‍സ് നേടിയ രോഹിത്തിനെ ട്രന്റ് ബോള്‍ട്ടാണ് പുറത്താക്കിയത്. സിക്‌സറിന് ശ്രമിച്ച രോഹിത്തിന്റെ ടൈമിങ് പിഴച്ചപ്പോള്‍ സഞ്ജു സാംസണ്‍ ക്യാച്ചിലൂടെ പുറത്താക്കി. ഇഷാന്‍ കിഷന്‍ രണ്ടാം ഓവറില്‍ പുറത്തായി. 3 പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെയാണ് ഇഷാന്റെ മടക്കം.
സന്ദീപ് ശര്‍മയുടെ പന്തില്‍ ബാറ്റില്‍ എഡ്ജായപ്പോള്‍ സഞ്ജുവാണ് ക്യാച്ചിലൂടെ പുറത്താക്കിയത്. ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവിനും കാര്യമായൊന്നും ചെയ്യാനായില്ല. 8 പന്തില്‍ 2 ബൗണ്ടറിയടക്കം 10 റണ്‍സെടുത്ത സൂര്യകുമാറിനെ സന്ദീപ് ശര്‍മയാണ് പുറത്താക്കിയത്. ഇതോടെ 20 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് മുംബൈ തകര്‍ന്നു. അഞ്ചാം നമ്പറില്‍ മുഹമ്മദ് നബിയെയാണ് മുംബൈ കളത്തിലിറക്കിയത്. 17 പന്തില്‍ 2 ഫോറും 1 സിക്‌സുമടക്കം 23 റണ്‍സെടുത്ത നബിയെ യുസ് വേന്ദ്ര ചഹാല്‍ പുറത്താക്കി.
താരത്തിന്റെ 200ാം ഐപിഎല്‍ വിക്കറ്റായിരുന്നു ഇത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ് ചഹാല്‍. മുംബൈ വലിയ തകര്‍ച്ചയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും തിലക് വര്‍മ, നേഹല്‍ വദേര കൂട്ടുകെട്ട് മുംബൈക്ക് അടിത്തറ പാകി. 99 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം വദേര പുറത്തായി. 24 പന്ത് നേരിട്ട് 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 49 റണ്‍സാണ് വദേരക്ക് നേടാനായത്. 204 ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിച്ച വദേരയെ ട്രന്റ് ബോള്‍ട്ടാണ് മടക്കിയത്.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യ മോശം ഫോമില്‍ തുടരുകയാണ്. 10 പന്തില്‍ 10 റണ്‍സെടുത്ത ഹാര്‍ദിക്കിനെ ആവേശ് ഖാന്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. മികച്ച നിലയില്‍ പോയ മുംബൈ ഇന്ത്യന്‍സിന്റെ റണ്ണൊഴുക്കിന്റെ വേഗം കുറച്ചത് ഹാര്‍ദിക്കാണെന്ന് പറയാം. ഡെത്തോവറില്‍ പ്രതീക്ഷിച്ച പോലെ മുംബൈക്ക് റണ്‍സുയര്‍ത്താനായില്ല. അവസാന ഓവറിലെ ആദ്യ പന്തില്‍ തിലക് വര്‍മയെ സന്ദീപ് ശര്‍മ പുറത്താക്കി. 45 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 65 റണ്‍സാണ് തിലക് നേടിയത്.
ജെറാള്‍ഡ് കോയിറ്റ്‌സി തൊട്ടടുത്ത പന്തില്‍ ഗോള്‍ഡന്‍ ഡെക്കായി. ടിം ഡേവിഡിനെയും (3) പുറത്താക്കി സന്ദീപ് ശര്‍മ അഞ്ച് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 4 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്താണ് സന്ദീപിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ട്രന്റ് ബോള്‍ട്ട് 2 വിക്കറ്റും ആവേശ് ഖാനും ചഹാലും ഓരോ വിക്കറ്റും വീഴ്ത്തിയതോടെ 20 ഓവറില്‍ 9 വിക്കറ്റിന് 179 റണ്‍സിലേക്ക് മുംബൈ ഒതുങ്ങി. അവസാന 2 ഓവറില്‍ 9 റണ്‍സാണ് മുംബൈക്ക് നേടാനായത്.
മറുപടിക്കിറങ്ങിയ രാജസ്ഥാന് ഗംഭീര തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 74 റണ്‍സ് കൂട്ടുകെട്ട് എത്തിയപ്പോള്‍ ജോസ് ബട്‌ലര്‍ പുറത്തായി. 25 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സെടുത്ത ബട്‌ലറെ പീയൂഷ് ചൗള ക്ലീന്‍ബൗള്‍ഡാക്കി. മഴമൂലം 20 മിനുറ്റോളം മത്സരം നിര്‍ത്തിവെക്കേണ്ടി വന്നു. പിന്നീട് കളി തുടര്‍ന്നപ്പോള്‍ രണ്ടാം വിക്കറ്റിലൊത്തുകൂടിയ ജയ്‌സ്വാളും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ മുന്നോട്ട് നയിച്ചു.
പ്ലേയിങ് 11: മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (wc), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, മുഹമ്മദ് നബി, നേഹല്‍ വദേര, ജെറാള്‍ഡ് കോയിറ്റ്‌സി, ജസ്പ്രീത് ബുംറ, പീയൂഷ് ചൗള
രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍