ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 65ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 5 വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റിന് 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 7 പന്തും 5 വിക്കറ്റും ബാക്കിയാക്കി ജയം നേടി. സാം കറെന്റെ (63*) ബാറ്റിങ്ങാണ് പഞ്ചാബിന് ജയമൊരുക്കിയത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാറ്റ്‌സ്മാന്‍മാര്‍ കാഴ്ചവെച്ചത്. ആദ്യ പന്ത് ബൗണ്ടറി പായിച്ച് യശ്വസി ജയ്‌സ്വാള്‍ ഞെട്ടിച്ചെങ്കിലും വലിയ ആയുസുണ്ടായില്ല. നാല് പന്ത് നേരിട്ട് 1 ഫോറടക്കം 4 റണ്‍സ് നേടിയ ജയ്‌സ്വാളിനെ സാം കറെന്‍ ക്ലീന്‍ബൗള്‍ഡാക്കി. ജോസ് ബട്‌ലര്‍ക്ക് പകരം ടോം കോഹ്ലര്‍ കാഡ്‌മോറാണ് ഓപ്പണറായെത്തിയത്.
സഞ്ജു സാംസണ്‍ കാഡ്‌മോറിനൊപ്പം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ മോശം ഷോട്ടിന് ശ്രമിച്ച് സഞ്ജു പുറത്തായി. 15 പന്തില്‍ 18 റണ്‍സെടുത്ത സഞ്ജുവിനെ നതാന്‍ ഇല്ലിസാണ് മടക്കിയത്. പ്രതീക്ഷ നല്‍കുന്ന ഷോട്ടുകള്‍ കളിച്ചെങ്കിലും ടോം കോഹ്ലര്‍ കാഡ്‌മോറിന് വലിയ സ്‌കോറിലേക്കുയരാനായില്ല.
23 പന്ത് നേരിട്ട് 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 18 റണ്‍സ് നേടിയ ടോം കോഹ്ലറിനെ രാഹുല്‍ ചഹാര്‍ പുറത്താക്കി. ഇതോടെ 42 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് രാജസ്ഥാന്‍ തകര്‍ന്നു.
അഞ്ചാമനായി ആര്‍ അശ്വിനെയാണ് രാജസ്ഥാന്‍ കളത്തിലിറക്കിയത്. 19 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 28 റണ്‍സ് നേടിയ അശ്വിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കി. ടോപ് ഓഡറിന്റെ തകര്‍ച്ച മധ്യനിരയേയും കാര്യമായി ബാധിച്ചു. ദ്രുവ് ജുറേല്‍ ഗോള്‍ഡന്‍ ഡെക്കായി.
സാം കറെന്റെ പന്തില്‍ ഹര്‍പ്രീത് ബ്രാറിന് ക്യാച്ച് നല്‍കിയാണ് ജുറേല്‍ മടങ്ങിയത്. വമ്പനടിക്കാരനായ റോവ്മാന്‍ പവലിനും ഒന്നും ചെയ്യാനായില്ല. 5 പന്തില്‍ 4 റണ്‍സെടുത്ത പവലിനെ രാഹുല്‍ ചഹാര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി.
ഇംപാക്ട് പ്ലയറായി ഇറങ്ങിയ ഡൊനോവന്‍ ഫെരൈയ്‌റ 8 പന്തില്‍ 7 റണ്‍സുമായി മടങ്ങി. ഹര്‍ഷല്‍ പട്ടേലിന്റെ പന്തില്‍ റോവ്മാന്‍ പവലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഫെരൈയ്‌റ പുറത്തായത്. റിയാന്‍ പരാഗ് നിര്‍ണ്ണായക പ്രകടനം നടത്തി. 34 പന്തില്‍ 6 ഫോറടക്കം 48 റണ്‍സ് നേടിയ പരാഗിനെ ഹര്‍ഷല്‍ പട്ടേല്‍ എല്‍ബിയില്‍ കുടുക്കി. ട്രന്റ് ബോള്‍ട്ട് (9 പന്തില്‍ 12) അവസാന പന്തില്‍ റണ്ണൗട്ടായി.

ആവേശ് ഖാന്‍ (3) പുറത്താവാതെ നിന്നു. ഇതോടെ രാജസ്ഥാന്‍ 9ന് 144 റണ്‍സിലേക്കൊതുങ്ങി. പഞ്ചാബിനായി സാം കറെന്‍, രാഹുല്‍ ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ 2 വിക്കറ്റ് പങ്കിട്ടപ്പോള്‍ അര്‍ഷ്ദീപ് സിങ്, നതാന്‍ ഇല്ലിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടിക്കിറങ്ങിയ പഞ്ചാബിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ത്തന്നെ പ്രഭ്‌സിംറാന്‍ സിങ്ങിനെ (6) ട്രന്റ് ബോള്‍ട്ട് പുറത്താക്കി. ചഹാലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് പ്രഭ്‌സിംറാന്‍ മടങ്ങിയത്.
രണ്ടാം വിക്കറ്റില്‍ ജോണി ബെയര്‍സ്റ്റോയും റില്ലി റൂസോയും (22) ചേര്‍ന്ന് 30 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 13 പന്തില്‍ 5 ഫോറടക്കം 22 റണ്‍സെടുത്ത റൂസോയെ ആവേശ് ഖാന്‍ മടക്കി. ഇതേ ഓവറില്‍ അപകടകാരിയായ ശശാങ്ക് സിങ്ങിനെ ആവേശ് ഡെക്കാക്കി.
നിലയുറപ്പിച്ച് ആക്രമിക്കാന്‍ ശ്രമിച്ച ബെയര്‍സ്റ്റോക്ക് പിഴച്ചു. 22 പന്തില്‍ 1 ഫോറടക്കം 14 റണ്‍സെടുത്ത ബെയര്‍സ്‌റ്റോയെ ചഹാല്‍ മടക്കി. ഇതോടെ 48ന് 4 എന്ന നിലയിലേക്ക് പഞ്ചാബ് തകര്‍ന്നു.
എന്നാല്‍ സാം കറെനും ജിതേഷ് ശര്‍മയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടോടെ പഞ്ചാബിനെ മുന്നോട്ട് കൊണ്ടുപോയി. 20 പന്തില്‍ 22 റണ്‍സെടുത്ത ജിതേഷിനെ ചഹാല്‍ പുറത്താക്കുമ്പോള്‍ 5 വിക്കറ്റിന് 111 എന്ന നിലയിലായിരുന്നു പഞ്ചാബ്.
എന്നാല്‍ അഷുതോഷ് ശര്‍മയെ (11 പന്തില്‍ 17*) കൂട്ടുപിടിച്ച് സാം കറെന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റ് ജയത്തിലേക്കെത്തിച്ചു. 41 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 63 റണ്‍സോടെ കറെന്‍ പുറത്താവാതെ നിന്നു.
പ്ലേയിങ് 11- രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, ടോം കോഹ്ലര്‍ കാഡ്‌മോര്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, റോവ്മാന്‍ പവല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹാല്‍
പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിംറാന്‍ സിങ്, ജോണി ബെയര്‍സ്‌റ്റോ, റില്ലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (wc), സാം കറെന്‍ (c), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നതാന്‍ ഇല്ലിസ്, രാഹുല്‍ ചഹാര്‍, അര്‍ഷ്ദീപ് സിങ്