അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 59ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. അഹമ്മദാബാദിലെ വലിയ മൈതാനത്ത് ഓപ്പണര്‍മാരായ സായ് സുദര്‍ശനും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് വമ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. തുടക്കം മുതല്‍ തല്ലിത്തകര്‍ത്ത ഇരുവരും 15 ഓവറില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 190ലേക്കെത്തിച്ചു. തകര്‍പ്പന്‍ പ്രകടനത്തോടെ വമ്പനൊരു റെക്കോഡിലേക്കെത്തിയിരിക്കുകയാണ് സായ് സുദര്‍ശന്‍.
ഐപിഎല്ലില്‍ വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോഡിലേക്കാണ് സായ് എത്തിയിരിക്കുന്നത്. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെയാണ് സായ് മറികടന്നിരിക്കുന്നത്. 25ാം ഇന്നിങ്‌സില്‍ നിന്നാണ് സായ് 1000 റണ്‍സ് പിന്നിട്ടത്. ഈ നേട്ടത്തിലെത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും റുതുരാജ് ഗെയ്ക് വാദിനും 31 ഇന്നിങ്‌സുകളാണ് വേണ്ടിവന്നത്. വലിയ സ്‌ട്രൈക്ക് റേറ്റില്‍ കടന്നാക്രമിക്കുന്ന താരമല്ല സായ്.
എന്നാല്‍ മികച്ച ടൈമിങ്ങോടെ ഗ്യാപ്പ് ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ സായ്ക്ക് കഴിവുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ പതിയെ തുടങ്ങിയ സായ് പിന്നീട് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ വേഗത്തില്‍ 1000 റണ്‍സ് ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ താരമാവാനും സായ്ക്കായി. 21 ഇന്നിങ്‌സില്‍ നിന്ന് ഷോണ്‍ മാര്‍ഷും 23 ഇന്നിങ്‌സില്‍ നിന്ന് ലിന്‍ഡന്‍ സിമ്മന്‍സുമാണ് ഈ റെക്കോഡില്‍ സായ്ക്ക് മുന്നിലുള്ളത്.
സിഎസ്‌ക്കെയ്‌ക്കെതിരേ വമ്പന്‍ റെക്കോഡാണ് അഹമ്മദാബാദ് കുറിച്ചത്. ഐപിഎല്‍ ചരിത്രത്തില്‍ ഇതാദ്യമായാണ് സിഎസ്‌കെയ്‌ക്കെതിരേ ഒരു ടീം ഒന്നാം വിക്കറ്റില്‍ 150 പ്ലസ് സ്‌കോര്‍ നേടുന്നത്. ഇതിന് കാരണം സിഎസ്‌കെയുടെ സൂപ്പര്‍ ബൗളര്‍മാരുടെ അഭാവമാണെന്ന് പറയാം. മതീഷ പതിരാന പരിക്കിന്റെ പിടിയിലായപ്പോള്‍ മുസ്തഫിസുര്‍ റഹ്‌മാന്‍ നാട്ടിലേക്ക് മടങ്ങി. പവര്‍പ്ലേയില്‍ കസറുന്ന ദീപക് ചഹാറിന്റെ അഭാവവും സിഎസ്‌കെയെ ബാധിച്ചു.

തുഷാര്‍ ദെശപാണ്ഡെ, ശാര്‍ദ്ദുല്‍ ടാക്കൂര്‍, സിമര്‍ജീത് സിങ് എന്നീ യുവ പേസര്‍മാരെ ഉപയോഗിച്ച് ഒന്നും ചെയ്യാനാവാതെ സിഎസ്‌കെ നായകന്‍ റുതുരാജ് വിയര്‍ത്തു. ഡാരില്‍ മിച്ചലിന്റെ പന്തില്‍ ശുബ്മാന്‍ ഗില്ലിന്റെ ക്യാച്ച് തുഷാര്‍ ദെശപാണ്ഡെ നഷ്ടപ്പെടുത്തിയതും മിച്ചല്‍ സാന്റ്‌നര്‍ ഡൈവ് ചെയ്ത് ക്യാച്ചിന് ശ്രമിക്കാതിരുന്നതും സിഎസ്‌കെയുടെ പിഴവായി പറയാം. എങ്കിലും ബൗളര്‍മാര്‍ക്ക് മുകളില്‍ സര്‍വാധിപത്യം കാട്ടുന്ന ബാറ്റിങ് പ്രകടനമാണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ കാഴ്ചവെച്ചത്.
210 റണ്‍സിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 51 പന്തില്‍ 5 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സെടുത്ത സായ് സുദര്‍ശനെ തുഷാര്‍ ദെശപാണ്ഡെയാണ് പുറത്താക്കിയത്. ശുബ്മാന്‍ ഗില്ലും സെഞ്ച്വറിയോടെ കസറിയപ്പോള്‍ ഐപിഎല്‍ ചരിത്രത്തില്‍ 100ാം സെഞ്ച്വറിയെന്ന നാഴികക്കല്ലും പിന്നിട്ടു. ഐപിഎല്‍ ചരിത്രത്തിലെ ഉയര്‍ന്ന നാലാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണിത്. നായകനായ ഗില്‍ 55 പന്തില്‍ 104 റണ്‍സ് നേടിയാണ് പുറത്തായത്. 9 ഫോറും 6 സിക്‌സും ഗില്‍ പറത്തി. താരത്തിന്റെ നാലാം ഐപിഎല്‍ സെഞ്ച്വറിയാണിത്.
പ്ലേയിങ് 11- സിഎസ്‌കെ- രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്‌വാദ് (c), ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, മോയിന്‍ അലി, മിച്ചല്‍ സാന്റ്‌നര്‍, എംഎസ് ധോണി (c), ശാര്‍ദ്ദുല്‍ ടാക്കൂര്‍, തുഷാര്‍ ദെശപാണ്ഡെ, സിമര്‍ജീത് സിങ്
ഗുജറാത്ത് ടൈറ്റന്‍സ്- ശുബ്മാന്‍ ഗില്‍ (c), സായ് സുദര്‍ശന്‍, ഷാരൂഖ് ഖാന്‍, ഡേവിഡ് മില്ലര്‍, മാത്യു വേഡ് (wc), രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദാബാദ്, ഉമേഷ് യാദവ്, മോഹിത് ശര്‍മ, കാര്‍ത്തിക് ത്യാഗി