ഐപിഎല്ലിന്റെ 17ാം സീസണ്‍ ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് ഐസിസി ടി20 ലോകകപ്പിനുള്ള എന്‍ട്രന്‍സ് പരീക്ഷയായി മാറിയിരിക്കുകയാണ്. കാരണം ഐപിഎല്‍ ഫൈനലിനു പിന്നാലെയാണ് ജൂണില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. മാത്രമല്ല. ഐപിഎല്‍ അല്ലാതെ ഇന്ത്യന്‍ താരങ്ങള്‍ മറ്റു ടി20 പരമ്പരകളിലൊന്നും ഇനി കളിക്കുകയും ചെയ്യുന്നില്ല. ഈ കാരണത്താല്‍ തന്നെ ഈ മാസം 22നു തുടങ്ങുന്ന ഐപിഎല്ലിലെ പ്രകടനം മാനദണ്ഡമാക്കിയാവും ആരൊക്കെ ലോകകപ്പ് സ്‌ക്വാഡില്‍ വേണമെന്നു സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുക.
ഇന്ത്യയുടെ ചില സ്റ്റാര്‍ ബാറ്റര്‍മാര്‍ക്കു ഐപിഎല്ലിലെ പ്രകടനം വളരെ നിര്‍ണായകമാണ്. ടൂര്‍ണമെന്റില്‍ ബാറ്റിങില്‍ കസറിയെങ്കില്‍ മാത്രമേ ഇവര്‍ ലോകകപ്പ് ഇടം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കൊപ്പം റണ്‍വേട്ടയ്ക്കു കച്ചമുറുക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ് ഈ ലിസ്റ്റിലെ ഒരാള്‍. ടി20 ലോകകപ്പില്‍ അദ്ദേഹത്തിനു ഇനിയും സ്ഥാനമുറപ്പില്ല. യശസ്വി ജയ്‌സ്വാളിന്റെ ഉജ്ജ്വല ഫോമാണ് ഗില്ലിനു തിരിച്ചടിയായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ജയ്‌സ്വാളും ചേര്‍ന്നാവും ലോകകപ്പില്‍ ഓപ്പണ്‍ ചെയ്‌തേക്കുക. ജയ്‌സ്വാളിനെ ഓവര്‍ടേക്ക് ചെയ്ത് ഈ റോള്‍ പിടിച്ചെടുക്കണമെങ്കില്‍ ഐപിഎല്ലില്‍ അസാധാരണ പ്രകടനം തന്നെ ഗില്ലിനു കാഴ്ചവച്ചേ തീരൂ.
കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരനായ അദ്ദേഹം ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിനും അവകാശിയായി മാറിയിരുന്നു. ഇത്തവണയും സമാനമായൊരു പ്രകടനം ഗില്ലിനു നടത്തിയേ തീരൂ. അല്ലാത്ത പക്ഷം ലോകകപ്പ് സ്‌ക്വാഡില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് രണ്ടാമത്തെ താരം. ഗില്ലിനോടൊപ്പം തന്നെ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണിങ് റോളിലേക്കു മല്‍സരിക്കുന്ന മറ്റൊരാളാണ് അദ്ദേഹം. സിഎസ്‌കെയ്ക്കു അരങ്ങേറ്റം നടത്തിയതു മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് റുതുരാജ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി റണ്‍സ് വാരിക്കൂട്ടുന്ന അദ്ദേഹത്തിനു ദേശീയ ടീമില്‍ ഇതേ പ്രകടനം ഇനിയും ആവര്‍ത്തിക്കാനായിട്ടില്ല. എങ്കിലും ടി20 ലോകകപ്പ് പ്രതീക്ഷ റുതുരാജ് കൈവിട്ടില്ല. സിഎസ്‌കെയ്ക്കായി റണ്‍വേട്ട നടത്തിയാല്‍ ടീമില്‍ ബാക്കപ്പ് ഓപ്പണറായെങ്കിലും തനിക്കു അവസരം ലഭിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ മൂന്നാമത്തെ താരം. നിലവില്‍ ലോകകപ്പിനുള്ള ടീമിലെ വിക്കറ്റ് കീപ്പര്‍മാരെ ഇന്ത്യ തീരുമാനിച്ചിട്ടില്ല. സഞ്ജുവും ജിതേഷ് ശര്‍മയും തമ്മിലാണ് പ്രധാന മല്‍സരം. ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും പുറത്തായതോടെ ഇഷാന്‍ കിഷന്റെ സാധ്യതകള്‍ക്കു മങ്ങലേറ്റിരിക്കുകയാണ്. റിഷഭ് പന്താവട്ടെ വിക്കറ്റ് കീപ്പിങില്‍ ഫിറ്റ്‌നസ് ഇനിയും വീണ്ടെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ രണ്ടു പേരും ലോകകപ്പ് ടീമിലേക്കു വന്നേക്കില്ല.

എങ്കിലും സഞ്ജുവിനു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനമൊന്നും ഉറപ്പില്ല. റോയല്‍സിനോടൊപ്പം ബാറ്റിങില്‍ തിളങ്ങിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍ക്കും. അതുകൊണ്ടു തന്നെ റോയല്‍സിനായി പരാമവധി റണ്‍സ് സ്‌കോര്‍ ചെയ്യാനായിരിക്കും സഞ്ജുവിന്റെ പ്ലാന്‍. 500-600 റണ്‍സെങ്കിലും ഐപിഎല്ലില്‍ അടിച്ചെടുക്കാനായാല്‍ അദ്ദേഹത്തിനു ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിക്കാം.
ഫിനിഷറായി തിളങ്ങുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം റിങ്കു സിങാണ് നാലാമത്തെയാള്‍. ലോകകപ്പ് ടീമില്‍ അദ്ദേഹം സ്ഥാനമുറപ്പിച്ച മട്ടാണ്. എങ്കിലും റിങ്കുവിനു ഐപിഎല്ലിനെ നിസാരമായി തള്ളാന്‍ കഴിയില്ല. കഴിഞ്ഞ സീസണിലേതു പോലെ വീണ്ടും കെകെആറിനായി ഫിനിഷിങില്‍ മിന്നിച്ചാല്‍ റിങ്കുവിനു കരിയറിലാദ്യമായി ഇന്ത്യക്കു വേണ്ടി ഒരു ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാം.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വമ്പടനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് ഐപിഎല്ലിലൂടെ ടി20 ലോകകപ്പ് സ്വപ്‌നം കാണുന്ന അഞ്ചാമത്തെ താരം. സിഎസ്‌കെയിലേക്കു വന്നതിനു ശേഷം ദുബെയുടെ പ്രകടനത്തില്‍ വലിയ വ്യത്യാസമാണ് സംഭവിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ സിഎസ്‌കെയുടെ തുറുപ്പുചീട്ടായി അദ്ദേഹം മാറിയിരുന്നു. ഈ സീസണിലും അതു തുടര്‍ന്നാല്‍ ദുബെയ്ക്കു ലോകകപ്പ് ടീമിലേക്കു വരാം. അഫ്ഗാനിസ്താനുമായി ഇന്ത്യ അവസാനം കളിച്ച ടി20 പരമ്പരയില്‍ രണ്ടു മല്‍സരങ്ങളില്‍ ദുബെ ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ കുറിച്ചിരുന്നു.