മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഏഴാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കവെ ടൂര്‍ണമെന്റ് പാതി പിന്നിട്ടിരിക്കുകയാണെന്ന് പറയാം. ഇതുവരെയുള്ള പ്രകടനം പരിശോധിക്കുമ്പോള്‍ പല പ്രമുഖ ടീമുകളും പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടില്ലെന്ന് വ്യക്തം. പ്ലേ ഓഫിനായി ഏഴ് മത്സരങ്ങളാണ് ഇനി മിക്ക ടീമുകള്‍ക്കും ബാക്കിയുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, കെകെആര്‍, സിഎസ്‌കെ ടീമുകളാണ് ഏറ്റവും സ്ഥിരതയോടെ കളിക്കുന്നത്.
ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തി ഇത്തവണ പ്ലേ ഓഫിലേക്കെത്തുന്ന ടീമുകള്‍ ഏതൊക്കെയായിരിക്കുമെന്ന് പരിശോധിക്കാം. നിലവില്‍ കൂടുതല്‍ സാധ്യത രാജസ്ഥാന്‍ റോയല്‍സിനാണെന്ന് നിസംശയം പറയാം. ഏഴ് മത്സരത്തില്‍ നിന്ന് 6ലും ജയിച്ച രാജസ്ഥാന്‍ 12 പോയിന്റുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ഏറ്റവും സംതുലിതമായി കളിക്കുന്ന ടീമാണ് രാജസ്ഥാന്‍. ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ രാജസ്ഥാന് സാധിക്കുന്നു.
യശ്വസി ജയ്‌സ്വാളുകൂടി ഫോമിലേക്കെത്തിയാല്‍ ആര്‍ക്കും രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ സാധിച്ചേക്കില്ല. ഏഴ് മത്സരം ശേഷിക്കെ നാല് മത്സരങ്ങളില്‍ ജയിക്കാനായാല്‍ പോലും രാജസ്ഥാന്‍ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം. സഞ്ജു സാംസണിന് കീഴില്‍ ഒത്തൊരുമയോടെ കളിക്കാന്‍ രാജസ്ഥാന് സാധിക്കുന്നു. അതേ സമയം കഴിഞ്ഞ സീസണുകളിലേത് പോലെ ആദ്യ പാദത്തില്‍ മികവ് കാട്ടി രണ്ടാം പാദത്തില്‍ തുടര്‍ തോല്‍വികള്‍ വഴങ്ങി ടീം പ്ലേ ഓഫ് കാണാതെ പുറത്തുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും ഉയര്‍ന്ന സാധ്യതകളാണുള്ളത്. 6ല്‍ 4 മത്സരവും ജയിച്ച കെകെആര്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ബാറ്റിങ്ങില്‍ അതി ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കുന്നുണ്ടെങ്കിലും ബൗളര്‍മാര്‍ക്ക് പലപ്പോഴും അവസരത്തിനൊത്തുയരാനാവാത്തതാണ് പ്രശ്‌നം. എങ്കിലും ടീമെന്ന നിലയില്‍ ശക്തമായ താരനിര കെകെആറിനുണ്ട്. ഇതേ പ്രകടനം നടത്തിയാല്‍ കെകെആര്‍ പ്ലേ ഓഫിലേക്കെത്താനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയാം.

സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍, ഫില്‍ സാള്‍ട്ട് എന്നിവരെല്ലാം മികച്ച ഫോമിലാണ് കളിക്കുന്നത്. നിധീഷ് റാണ കൂടി ശക്തമായി തിരിച്ചെത്തിയാല്‍ കെകെആര്‍ കൂടുതല്‍ കരുത്തുറ്റ ടീമായി മാറും. ചെന്നൈ സൂപ്പര്‍ കിങ്‌സും പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഇത്തവണ എംഎസ് ധോണി നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ റുതുരാജ് ഗെയ്ക് വാദിന് കീഴിലാണ് സിഎസ്‌കെ കളിക്കാനിറങ്ങിയത്. ഭേദപ്പെട്ട പ്രകടനം തന്നെ ടീം കാഴ്ചവെക്കുന്നു.
മുംബൈയെ മുംബൈയുടെ തട്ടകത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. റുതുരാജ്, ശിവം ദുബെ എന്നിവര്‍ ബാറ്റിങ് നിരയില്‍ തിളങ്ങുന്നു. ബൗളിങ്ങില്‍ മതീഷ പതിരാനയ്ക്കും ശക്തമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നു. മുസ്തഫിസുര്‍ റഹ്‌മാന്റെ സ്ലോ കട്ടറുകളും ഇത്തവണ സിഎസ്‌കെയ്ക്ക് ഗുണം ചെയ്യുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഇത്തവണ പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് പറയാം.
6 മത്സരത്തില്‍ നിന്ന് 8 പോയിന്റോടെ ഹൈദരാബാദ് നാലാം സ്ഥാനത്താണ്. ഇതുവരെയുള്ള പ്രകടനത്തില്‍ നിന്ന് ആര്‍സിബി പ്ലേ ഓഫിലേക്കെത്താന്‍ സാധ്യത കുറവാണ്. 7 മത്സരത്തില്‍ നിന്ന് 6 മത്സരവും തോറ്റ ആര്‍സിബിക്ക് ഇനിയുള്ള 7 മത്സരങ്ങളും ജയിക്കാനാവാത്ത പക്ഷം പ്ലേ ഓഫില്‍ കടക്കാനാവില്ല. നിലവിലെ താരങ്ങളെ വെച്ച് 7 തുടര്‍ ജയങ്ങളെന്നത് ആര്‍സിബിക്ക് സ്വപ്‌നം മാത്രമാണ്. 8 മത്സരം ശേഷിക്കെ മുംബൈക്ക് 4 പോയിന്റാണുള്ളത്.
ഇനിയുള്ള മത്സരങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയെന്നത് മുംബൈക്ക് ഒട്ടും എളുപ്പമാവില്ല. ജിടി, ഡല്‍ഹി ടീമുകള്‍ 7 മത്സരത്തില്‍ 4 മത്സരം തോറ്റു. ലഖ്‌നൗ 6 മത്സരത്തില്‍ 3 ജയമാണ് നേടിയത്. എന്തായാലും നിലവിലെ വിലയിരുത്തല്‍ പ്രകാരം രാജസ്ഥാന്‍, കെകെആര്‍, സിഎസ്‌കെ, ഹൈദരാബാദ് ടീമുകള്‍ പ്ലേ ഓഫ് കളിക്കാനാണ് സാധ്യത കൂടുതല്‍.