ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ബാറ്റിങ് പ്രകടനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ചെപ്പോക്കില്‍ നടന്ന കളിയില്‍ റോയല്‍സ് അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് റോയല്‍സിന്റെ പരാജയത്തിനു വഴിയൊരുക്കിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. റണ്‍ചേസില്‍ സിഎസ്‌കെ അഞ്ചു വിക്കറ്റിനു വിജയത്തിലെത്തുകയും ചെയ്തു.
സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയാണ് റോയല്‍സിന്റെ ബാറ്റിങ് സമീപനം വളരെ വിചിത്രമായിട്ടാണ് തോന്നിയതെന്നു ചോപ്ര വിമര്‍ശിച്ചത്. ഈ മല്‍സരം എനിക്കു മനസ്സിലാവുന്നില്ല. ഞാന്‍ സത്യസന്ധമായിട്ട് തന്നെയാണ് ഇക്കാര്യം പറയുന്നത്. രാജസ്ഥാന്‍ ടോസ് ലഭിച്ച ശേഷം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്.

ഇതു ഉച്ചയ്ക്കു ശേഷമുള്ള മല്‍സരമായതിനാല്‍ ആദ്യം ബാറ്റ് ചെയ്തത് മനസ്സിലാക്കാന്‍ സാധിക്കും. അതിനു ശേഷം 20ാം ഓവറിനു മുമ്പ് റോയല്‍സ് നേടിയത് മൂന്നു വിക്കറ്റിനു 131 റണ്‍സാണ്. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത് ഫാസ്റ്റ് ബൗളര്‍മാരാണ്. സ്പിന്നര്‍മാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ചോപ്ര വിലയിരുത്തി.
ഈ പിച്ച് സ്ലോ ആയിരുന്നെങ്കില്‍ ബാറ്റര്‍മാരെ പുറത്താക്കേണ്ടിയിരുന്നത് സ്പിന്നര്‍മാരാണ്. പക്ഷെ അതു സംഭവിച്ചില്ല. ഇതാണ് ഞാന്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. സിമര്‍ജീത്ത് സിങ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. റോയല്‍സ് നിരയില്‍ ഒരു ബാറ്ററും പ്രതീക്ഷിച്ചതു പോലെ സ്‌കോര്‍ ചെയ്തതുമില്ല. നിങ്ങള്‍ 19 ഓവറില്‍ 131 റണ്‍സാണ് സ്‌കോര്‍ ചെയ്യുന്നതെങ്കില്‍ അതു എനിക്കു മനസ്സിലാക്കാവുന്നതിലും അപ്പുറമാണെന്നും ചോപ്ര തുറന്നടിക്കുകയും ചെയ്തു.
റോയല്‍സ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനു 24 റണ്‍സാണ് കളിയില്‍ സ്‌കോര്‍ ചെയ്യാനായത്. 21 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സിമര്‍ജീത്തിനെതിരേ പുള്‍ ഷോട്ടിനു ശ്രമിച്ചാണ് ജയ്‌സ്വാള്‍ പുറത്തായത്. ഫൈന്‍ ലെഗില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയയ്ക്വാദ് ക്യാച്ചെടുക്കുകയായിരുന്നു. പുള്‍ ഷോട്ട് കളിക്കുമ്പോള്‍ ജയ്‌സ്വാളിനു ഇപ്പോള്‍ പിഴയ്ക്കുന്നതായി ചോപ്ര ചൂണ്ടിക്കാട്ടി.

തുടക്കം മുതല്‍ തന്നെ ഈ കളിയില്‍ റോയല്‍സ് നന്നായിട്ട് ബാറ്റ് ചെയ്തില്ല. ബാറ്റിങില്‍ യശസ്വിയെ പുതിയൊരു പ്രശ്‌നം അലട്ടുകയാണ്. ഈ സീസണില്‍ പുള്‍ ഷോട്ട് കളിച്ച് അവന്‍ പുറത്താവുന്നത് ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
സ്‌കൂപ്പ് ഷോട്ട് കളിച്ച ജോസ് ബട്‌ലര്‍ ഡീപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. അതൊരു മികച്ച ക്യാച്ചുമായിരുന്നു. റിയാന്‍ പരാഗ് സ്‌കോര്‍ ചെയ്‌തെങ്കിലും ഇതിനിടെ ആയുസ് നീട്ടിക്കിട്ടിയിരുന്നു. ഡീപ്പില്‍ മഹീഷ് തീക്ഷണ സിംപിള്‍ ക്യാച്ച് എടുത്തിരുന്നെങ്കില്‍ പരാഗിനും സ്‌കോര്‍ ചെയ്യാന്‍ കഴിയില്ലായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു.
സഞ്ജു സാംസണിനും ബാറ്റിങില്‍ നല്ല രീതിയില്‍ മുന്നോട്ടു പോവാന്‍ കഴിഞ്ഞില്ല. ധ്രുവ് ജുറേല്‍ ചില ഷോട്ടുകള്‍ കളിച്ചെങ്കിലം ബാറ്റിങില്‍ ഒരിക്കലും താളമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ റോയല്‍സ് എന്താണ് ചെയ്തതെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും.
നിങ്ങള്‍ക്കു ടോസ് ലഭിച്ചു, ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു വിദേശ താരങ്ങളെ മാത്രമാണ് നിങ്ങള്‍ കളിപ്പിച്ചത്. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ലഭ്യമല്ലെങ്കില്‍ റോയല്‍സിനു റോവ്മന്‍ പവെലിനെ കളിപ്പിക്കാമായിരുന്നു. വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള താരമാണ് പവലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.