Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത് സിഎസ്‌കെയിലേക്ക്! സൂചന നല്‍കി റിതിക- പോസ്റ്റ് വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് വലിയ വിവാദമായിരുന്നു. മുംബൈയെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകനാണ് രോഹിത്. എന്നാല്‍ അതിന്റെ നന്ദികാട്ടാതെ രോഹിത്തിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റുകയും ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കുകയുമായിരുന്നു. മുംബൈ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.

മുംബൈയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ആരാധക പിന്തുണയിലടക്കം വലിയ കുറവാണുണ്ടായിരിക്കുന്നത്. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയുമെല്ലാം ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോട് വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. ഇപ്പോഴിതാ രോഹിത് ശര്‍മ സിഎസ്‌കെയിലേക്ക് കൂടുമാറിയേക്കുമെന്ന വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് രോഹിത് ശര്‍മയുടെ ഭാര്യ റിതിക.

രോഹിത് ശര്‍മയെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ സിഎസ്‌കെ രോഹിത്തിന് ആദരവ് നേര്‍ന്ന് പോസ്റ്റിട്ടിരുന്നു. ഇതിന് താഴെ മഞ്ഞ കളറിലുള്ള ലൗ പോസ്റ്റ് ചെയ്താണ് റിതിക സിഎസ്‌കെയോട് നന്ദി അറിയിച്ചത്. റിതിക സിഎസ്‌കെയുടെ ഈ പോസ്റ്റിനോട് മാത്രമേ പ്രതികരിച്ചിട്ടുള്ളൂവെന്നതാണ് കൗതുകം. അതുകൊണ്ടുതന്നെ രോഹിത് സിഎസ്‌കെയിലേക്കാവും കൂടുമാറുകയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.

രോഹിത് ശര്‍മയെപ്പോലൊരു സീനിയര്‍ താരത്തെ സ്വന്തമാക്കാന്‍ സിഎസ്‌കെ മടികാട്ടിയേക്കില്ല. സിഎസ്‌കെയെ ഏറ്റവും കൂടുതല്‍ വെള്ളം കുടിപ്പിച്ച നായകനാണ് രോഹിത്. എംഎസ് ധോണിയുടെ തന്ത്രങ്ങള്‍ ഏറ്റവും കൂടുതല്‍ ഫലിക്കാതെ പോയത് രോഹിത്തിനെതിരേയാണ്. ഐപിഎല്ലിലെ ചിരവൈരികളാണ് മുംബൈയും ചെന്നൈയും. എന്നാല്‍ മുംബൈ വിട്ട് പല താരങ്ങളും ചെന്നൈയിലേക്ക് എത്തിയിട്ടുണ്ടെന്ന് ചരിത്രം വ്യക്തമാക്കുന്നു.

rohit sharma

മുംബൈ വളര്‍ത്തിയ അമ്പാട്ടി റായിഡു പിന്നീട് സിഎസ്‌കെയ്‌ക്കൊപ്പമാണ് കരിയര്‍ അവസാനിപ്പിച്ചത്. മുംബൈക്ക് ആദ്യ കിരീടം നേടിക്കൊടുത്ത നായകനാണ് ഹര്‍ഭജന്‍ സിങ്. അദ്ദേഹവും മുംബൈ വിട്ട് സിഎസ്‌കെയ്ക്കായി കളിച്ചു. ഈ വഴിയേ രോഹിത് ശര്‍മയും പോകാനാണ് സാധ്യത. സീനിയര്‍ താരങ്ങളെ വാങ്ങാന്‍ മറ്റ് പല ടീമുകളും വലിയ താല്‍പര്യം കാട്ടിയേക്കില്ല. എന്നാല്‍ സിഎസ്‌കെ സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് കപ്പടിച്ച് നിരവധി തവണ കൈയടി നേടിയിട്ടുള്ളവരാണ്.

ഈ സീസണോടെ ധോണി സിഎസ്‌കെയിലെ കരിയറിന് വിരാമമിട്ടേക്കും. ധോണിക്ക് പകരം സിഎസ്‌കെയുടെ നായകനായി രോഹിത് ശര്‍മയെത്താനും സാധ്യതയുണ്ട്. രോഹിത്തിന്റെ സമീപകാലത്തെ ഐപിഎല്ലിലെ പ്രകടനങ്ങള്‍ മോശമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ഓപ്പണറാണെങ്കിലും ഐപിഎല്ലില്‍ പഴയ മികവ് കാട്ടാന്‍ രോഹിത്തിന് പ്രയാസമുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ രോഹിത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

നായകസ്ഥാനത്ത് നിന്ന് മാറ്റിയാലും ഈ സീസണില്‍ക്കൂടി രോഹിത് മുംബൈയില്‍ തുടരാനാണ് സാധ്യത. 2011ല്‍ മുംബൈയിലെത്തിയ രോഹിത്തിന് 2013ലാണ് നായകസ്ഥാനം ലഭിക്കുന്നത്. ഇത്തവണ മിനി താരലേലമാണ് നടക്കാനിരിക്കുന്നത്. ഈ സീസണില്‍ക്കൂടി മുംബൈയില്‍ തുടര്‍ന്ന് അടുത്ത മെഗാ താരലേലത്തില്‍ രോഹിത് ശര്‍മ കൂടുമാറാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ അത് സിഎസ്‌കെയിലേക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഹാര്‍ദിക്കിന് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. ടീമിനുള്ളില്‍ ഭിന്നിപ്പ് മാറ്റുകയെന്നതാണ് വലിയ വെല്ലുവിളി. സൂര്യകുമാര്‍ യാദവിനേയും ജസ്പ്രീത് ബുംറയേയും മറികടന്നാണ് ഹാര്‍ദിക് മുംബൈയുടെ നായകനാവുന്നത്. അതുകൊണ്ടുതന്നെ ഇവര്‍ക്കെല്ലാം ഹാര്‍ദിക്കിനോട് എതിര്‍പ്പുണ്ടാവുമെന്നുറപ്പ്. രോഹിത് വളര്‍ത്തിയവരാണ് സൂര്യയും ബുംറയും. ഇതിന്റെ സ്‌നേഹവും അവര്‍ രോഹിത്തിനോട് കാട്ടുമ്പോള്‍ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

മെഗാ ലേലത്തില്‍ രോഹിത് ശര്‍മക്കൊപ്പം ജസ്പ്രീത് ബുംറയും സൂര്യകുമാര്‍ യാദവും കൂടുമാറുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും രോഹിത് മുംബൈ വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയാം.

Story first published: Sunday, December 17, 2023, 6:52 [IST]
Other articles published on Dec 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+