ഐപിഎല്ലിന്റെ 17ാം സീസണിനു ശേഷം വലിയ മാറ്റങ്ങളാണ് ഓരോ ടീമുകളിലും സംഭവിക്കാന്‍ പോവുന്നത്. കാരണം 2025ലെ സീസണിനു മുമ്പ് മെഗാ താരലേലം നടക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാലാണ് ഇതേക്കുറിച്ച് തുറന്നു പറഞ്ഞത്. അതുകൊണ്ടു തന്നെ നടക്കാനിരിക്കുന്ന സീസണ്‍ കഴിഞ്ഞാല്‍ പരമാവധി നാലു വരെ കളിക്കാരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും മെഗാ ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
ബാക്കിയുള്ളവരെയെല്ലാം കൈവിടേണ്ടതായി വരും. അതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരെ ത്രില്ലടിപ്പിക്കുന്ന അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ സിഎസ്കെ താരം അമ്പാട്ടി റായുഡു. 2025ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സിഎസ്‌കെയെ നയിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായാണ് മുംബൈയുടെ മുന്‍ താരം കൂടിയായ റായുഡു വ്യക്തമാക്കിയത്.

ന്യൂസ് 24 സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തിലാണ് രോഹിത്തിന്റെ സര്‍പ്രൈസ് കൂടുമാറ്റത്തെക്കുറിച്ച് റായുഡു സംസാരിച്ചത്. മുംബൈയ്ക്കായി ദീര്‍ഘകാലം കളിച്ച ശേഷം പിന്നീട് സിഎസ്‌കെയിലേക്കു മാറുകയും കഴിഞ്ഞ സീസണോടെ ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയും ചെയ്ത താരമാണ് റായുഡു.
തന്റെ വഴിയെ രോഹിത്തും മുംബൈ വിട്ട് സിഎസ്‌കെയിലേക്കു വരണമെന്നാണ് റായുഡു ആഗ്രഹിക്കുന്നത്. 2025ലെ ഐപിഎല്ലില്‍ രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എംഎസ് (ധോണി) വിരമിക്കുകയാണെങ്കില്‍ രോഹിത്തിനു അവരെ നയിക്കാനും സാധിക്കുമെന്നും റായുഡു വ്യക്തമാക്കി.
മുംബൈ ടീമില്‍ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞ ലേലത്തിനു മുമ്പ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മുംബൈ നീക്കിയിരുന്നു. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ചുമതലയേല്‍പ്പിക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതില്‍ രോഹിത് ഇപ്പോഴും അസംതൃപ്തനാണെന്നാണ് വിവരം.
അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സമ്മാനിച്ച ക്യാപ്റ്റനായിട്ടും രോഹിത്തിനോടു മുംബൈ അതിന്റെ ബഹുമാനം പോലും കാണിക്കാതെയാണ് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്താക്കിയതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരടക്കുള്ള സീനിയര്‍ താരങ്ങള്‍ക്കും രോഹിത്തിനെ നായകസ്ഥാനത്തു നിന്നു മാറ്റിയതില്‍ അരിശവും നിരാശയമുണ്ടെന്നാണ് നേരത്തേ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
മെഗാ ലേലം 2025ല്‍ നടക്കാനിരിക്കെ അതിനു മുമ്പ് രോഹിത്തിനെ മുംബൈ ഒഴിക്കാന്‍ തന്നെയാണ് സാധ്യത. ടീമില്‍ തുടര്‍ന്നു കളിക്കാന്‍ ഹിറ്റ്മാനും താല്‍പ്പര്യമില്ലെന്നു അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. മെഗാ ലേലത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ വലിയ ഡിമാന്റ് തന്നയാവും രോഹിത്തിനുണ്ടാവുക. ഡല്‍ഹി ക്യാപ്പിറ്റല്‍സുള്‍പ്പെടെയുള്ള ടീമുകള്‍ ഇതിനകം തന്നെ അദ്ദേഹത്തെ ടീമിലേക്കു കൊണ്ടുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു.
ഇതിഹാസ നായകന്‍ ധോണിക്കു സിഎസ്‌കെയോടൊപ്പം ഇതു അവസാനത്തെ സീസണായിരിക്കും. അടുത്ത സീസണില്‍ കൂടി 43 കാരനായ അദ്ദേഹം കളിക്കാന്‍ സാധ്യത തീരെ കുറവാണ്. അതുകൊണ്ടു തന്നെ 2025ലെ ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കു പുതിയ നായകനെയും ആവശ്യമായി വരും.

ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരമാണ് രോഹിത്തെന്നു നിസംശയം പറയാം. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ റെക്കോര്‍ഡും അനുഭവസമ്പത്തുമെല്ലാം സിഎസ്‌കെയ്ക്കു ഏറെ മുതല്‍ക്കൂട്ടാവും. ഒന്നോ, രണ്ടോ സീസണുകള്‍ കൂടി തീര്‍ച്ചയായും രോഹിത്തിന് സിഎസ്‌കെയെ നയിക്കാനുള്ള ശേഷിയുണ്ട്.
നേരത്തേയും സിഎസ്‌കെയുമായി ചേര്‍ത്ത് രോഹിത്തിനെക്കുറിച്ചു വാര്‍ത്തകള്‍ വന്നിരുന്നു. മുംബൈയുടെ നായകസ്ഥാനത്തു നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടപ്പോഴായിരുന്നു ഇത്. ട്രേഡ് വിന്‍ഡോയില്‍ രോഹിത്തിനെ വാങ്ങാന്‍ സിഎസ്‌കെ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അഭ്യൂഹങ്ങള്‍.
എന്നാല്‍ സിഎസ്‌കെ അധികൃതര്‍ ഇതു നിഷേധിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു. പക്ഷെ 2025ലെ മെഗാ ലേലത്തിലെ പൂളില്‍ രോഹിത്തുണ്ടെങ്കില്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ സിഎസ്‌കെ എന്തു വില കൊടുത്തും രംഗത്തിറങ്ങുമെന്നുറപ്പാണ്.