മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത ടീമുകളിലൊന്നാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ്. 2009ലെ ഐപിഎല്‍ ചാമ്പ്യന്മാരായിരുന്നു ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ഡെക്കാന്‍ ചാര്‍ജേഴ്‌സ്. ആദം ഗില്‍ക്രിസ്റ്റ് നായകനായിരുന്ന ഡെക്കാന്‍ മികച്ച പ്രകടനങ്ങളോടെ ആരാധക മനസില്‍ ഇടം നേടിയ ടീമാണ്. ഐപിഎല്ലിലേക്ക് ഡെക്കാന്‍ മടങ്ങിയെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍. അടുത്ത സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് തിരിച്ചുവരുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.
ഡെക്കാന്‍ ചാര്‍ജേഴ്‌സിലെ ഓര്‍മകള്‍ രോഹിത് ശര്‍മ പങ്കുവെച്ചത് ടീമിന്റെ തിരിച്ചുവരവ് സാധ്യതകളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. വരുന്ന സീസണില്‍ ഡെക്കാന്‍ തിരിച്ചെത്തിയാല്‍ ടീമില്‍ ആരൊക്കെയാവും ഉണ്ടാവുക. നേരത്തെ ടീമിലുണ്ടായിരുന്ന പല താരങ്ങളും ഡെക്കാന്‍ ടീമിലുണ്ടാവും. ഇത്തരത്തില്‍ ഡെക്കാനിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പരിശോധിക്കാം. ഡെക്കാന്റെ നായകനായി രോഹിത് ശര്‍മ എത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയത് മുതല്‍ താരം ടീം വിടുന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനുള്ളതിനാല്‍ രോഹിത് ശര്‍മ ഏത് ടീമിലേക്ക് കൂടുമാറുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ ഡെക്കാന്റെ നായകനായി വന്നാല്‍ ടീമിന്റെ തിരിച്ചുവരവ് രാജകീയമാവും. ഡെക്കാനൊപ്പം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് രോഹിത് ശര്‍മ.
ഹാട്രിക്കടക്കം രോഹിത് ശര്‍മ ഡെക്കാനൊപ്പം നേടിയിട്ടുണ്ട്. രോഹിത് ശര്‍മ ഡെക്കാന്റെ നായകനായാല്‍ വലിയ ആരാധക പിന്തുണയും ടീമിന് ലഭിച്ചേക്കും. ഡെക്കാന് തിരിച്ചുവരാനായാല്‍ പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച നായകന്‍ രോഹിത്താവും. ഡെക്കാനോട് വൈകാരികമായുള്ള അടുപ്പം രോഹിത് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഡെക്കാന്‍ മടങ്ങിയെത്തിയാല്‍ രോഹിത് ഒപ്പമുണ്ടാവുമെന്നുറപ്പാണ്.

ഡെക്കാന്‍ തിരിച്ചെത്തിയാല്‍ ശിഖര്‍ ധവാനേയും അവര്‍ ഒപ്പം കൂട്ടിയേക്കും. നേരത്തെ ഡെക്കാനായി കളിച്ചിട്ടുള്ള താരമാണ് ധവാന്‍. മികച്ച പ്രകടനങ്ങളും ടീമിനായി നടത്താന്‍ ധവാനായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡെക്കാന്‍ വന്നാല്‍ പഞ്ചാബ് കിങ്‌സ് വിട്ട് ധവാന്‍ ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെ സംഭവിച്ചാല്‍ ധവാനും രോഹിത്തും ചേര്‍ന്ന് ഓപ്പണര്‍മാരാവുന്നത് വീണ്ടും കാണാന്‍ സാധിക്കും. രണ്ട് പേരും ഇന്ത്യക്കായി ഏറെ നാള്‍ ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിച്ച താരങ്ങളാണ്.
സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയാണ് മറ്റൊരു താരം. ലെഗ് സ്പിന്നറായ അമിത് മിശ്ര ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുള്ളത് ഡെക്കാനൊപ്പമാണ്. ഹാട്രിക് വിക്കറ്റ് പ്രകടനമടക്കം ഡെക്കാനൊപ്പം നടത്താന്‍ മിശ്രക്കായിട്ടുണ്ട്. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് അമിത് മിശ്രയുള്ളത്. അവസരം ലഭിക്കാതെ ബെഞ്ചിലേക്ക് ഒതുക്കപ്പെട്ടിരിക്കുകയാണ് താരം. ഈ സാഹചര്യത്തില്‍ ഡെക്കാനില്‍ നിന്ന് വിളി ലഭിച്ചാല്‍ അമിത് മിശ്ര ടീമിനൊപ്പം പോകുമെന്ന കാര്യം ഉറപ്പാണ്.
മിച്ചല്‍ മാര്‍ഷാണ് മറ്റൊരു താരം. ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറായ മിച്ചല്‍ മാര്‍ഷ് നേരത്തെ ഡെക്കാനായി കളിച്ചിട്ടുള്ള താരമാണ്. 2010ലാണ് താരം ഡെക്കാനൊപ്പം കളിച്ചത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് മിച്ചല്‍ മാര്‍ഷ്. പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ മാര്‍ഷ് കളിക്കുന്നില്ല. എന്നാല്‍ ഡെക്കാന്‍ ടീം തിരിച്ചുവരുമ്പോള്‍ മാര്‍ഷ് ടീമിനൊപ്പമുണ്ടാവാന്‍ സാധ്യത കൂടുതലാണ്. നിലവിലെ മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളായ മാര്‍ഷ് ടീമിനെ നയിക്കാനും കഴിവുള്ള താരമാണ്.
ഡെക്കാന്‍ തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണെങ്കിലും അത് എളുപ്പമാവില്ലെന്നുറപ്പാണ്. ഇനി ഒരു ടീമിന് മാത്രമായി ഐപിഎല്ലിലേക്ക് വരാനാകില്ല. 2 ടീമുകളെ പരിഗണിച്ചാല്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം വളരെ കൂടും. ഇതിന് നിലവിലെ സാഹചര്യത്തില്‍ സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഡെക്കാന്റെ മടങ്ങിവരവ് ഉണ്ടാകുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.