ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണിനു ശേഷം അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന്റെ സ്‌ക്വാഡില്‍ ചില വമ്പന്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കുമെന്ന സൂചനകളാണ് വരുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരികയും പുതിയ ക്യാപ്റ്റനാക്കുകയും ചെയ്തതോടെ മുംബൈ ടീമിന്റെ ഡ്രസിങ് റൂം സംഘര്‍ഷഭരിതമായിരിക്കുകയാണ്. കാരണം ഹാര്‍ദിക്കിനെ തിരികെ വാങ്ങുന്നതിനോടും നായകനാക്കുന്നതിനോടും ടീമിലെ ചില സീനിയര്‍ താരങ്ങള്‍ക്കു ഒട്ടും താല്‍പ്പര്യമില്ലായിരുന്നു.
വണ്‍ ഫാമിലിയെന്നറിയപ്പെട്ട മുംബൈ ടീം പുതിയ സീസണില്‍ രണ്ടു വ്യത്യസ്ത ഗ്രൂപ്പുകളായി പരസ്പരം പോരടിക്കാനുള്ള നിലയിലേക്കാണ് സാഹചര്യങ്ങള്‍ എത്തി നില്‍ക്കുന്നത്. ടീമിന്റെ നേരത്തേയുണ്ടായിരുന്ന ഐക്യം തകരാനുള്ള പ്രധാന കാരണം ഹാര്‍ദിക് തന്നെയാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റനെന്ന നിലയില്‍ വരാനിരിക്കുന്ന സീസണില്‍ അദ്ദേഹത്തിനു കാര്യങ്ങള്‍ അത്ര സുഖകരമാവില്ല.

2025ലെ അടുത്ത സീസണിനു മുമ്പ് മെഗ താരലേലം നടന്നേക്കുമെന്നാണ് വിവരം. അതുകൊണ്ടു തന്നെ ഫ്രാഞ്ചൈസികളിലെല്ലാം വലിയ രീതിയിലുള്ള അഴിച്ചുപണി സീസണിനു ശേഷം പ്രതീക്ഷിക്കാം. ഇക്കൂട്ടത്തില്‍ മുംബൈ ടീമിലായിരിക്കും ചില വമ്പന്‍ മാറ്റങ്ങള്‍ സംഭവിച്ചേക്കുക. ടീമിന്റെ നെടുംതൂണുകളായ ചില കളിക്കാര്‍ സീസണ്‍ കഴിഞ്ഞാല്‍ മുംബൈ വിട്ട് മറ്റൊരു ഫ്രാഞ്ചൈസിയിലേക്കു മാറിയേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.
മുന്‍ ക്യാപ്റ്റനും ഇന്ത്യയുടെ ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മയാണ് സീസണ്‍ കഴിഞ്ഞാല്‍ മുംബൈയോടു ഗുഡ്‌ബൈ പറയാന്‍ പോവുന്ന ഒരാള്‍. ഇപ്പോള്‍ തന്നെ ഫ്രാഞ്ചൈസിയില്‍ അദ്ദേഹത്തിനു മനസ്സ് മടുത്തുകഴിഞ്ഞെന്നാണ് വിവരം. കാരണം ഹാര്‍ദിക്കിനെ ടീമിലേക്കു തിരികെ വാങ്ങുന്നതിനെ എതിര്‍ത്തയാളായിരുന്നു രോഹിത്.
ഓസ്‌ട്രേലിയന്‍ യുവ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ വിറ്റ് ഹാര്‍ദിക്കിനു വേണ്ടി പണം സ്വരൂപിക്കാന്‍ മുംബൈ ശ്രമിച്ചപ്പോള്‍ അതിനെ രോഹിത് എതിര്‍ത്തിരുന്നു. മികച്ച ഭാവിയുള്ള ഗ്രീന്‍ തീര്‍ച്ചയായും ടീമില്‍ വേണമെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. പക്ഷെ അതു വകവയ്ക്കാതെയാണ് മുംബൈ ഈ നീക്കവുമായി മുന്നോടു പോയത്. മാത്രമല്ല ഹാര്‍ദിക്കിനെ കിട്ടിയപ്പോള്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത്തിനെ മുംബൈ പുറത്താക്കുകയും ചെയ്തു.
നായകസ്ഥാനത്തു നിന്നും നീക്കിയതില്‍ രോഹിത് തീര്‍ത്തും നിരാശനും അസംതൃപ്തനുമാണെന്നാണ് ഭാര്യ റിതിക സജ്‌ദേയടക്കമുള്ളവരുടെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ മുംബൈയ്‌ക്കൊപ്പം ഇതു ഹിറ്റ്മാന്റെ അവസാന സീസണായിരിക്കും. സീസണിനു ശേഷം മുംബൈ വിട്ട് മറ്റൊരു ടീമിലേക്കു അദ്ദേഹം മാറുമെന്നുറപ്പാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സടക്കമുള്ള ടീമുകള്‍ രോഹിത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
360 ബാറ്ററും മുംബൈയുടെ തുറുപ്പുചീട്ടുമായ സൂര്യകുമാര്‍ യാദവാണ് സീസണ്‍ കഴിഞ്ഞാല്‍ ടീം വിടാനിടയുള്ള രണ്ടാമത്തെയാള്‍. സൂര്യയെ ഇന്നു കാണുന്ന സൂപ്പര്‍ താര പദവിയിലേക്കുയര്‍ത്തിയതിനു പിന്നില്‍ രോഹിത്താണ്. അതുകൊണ്ടു തന്നെ വലിയ സ്‌നേഹവും ബഹുമാനവുമാണ് ഹിറ്റ്മാനോടു സൂര്യക്കുള്ളത്. നായക സ്ഥാനത്തു നിന്നും രോഹിത്തിനെ പുറത്താക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി പ്രതികരിച്ച താരങ്ങളിലൊരാളും കൂടിയാണ് സ്‌കൈ.
ഹൃദയം തകര്‍ന്ന ഇമോജിയായിരുന്നു മുംബൈയുടെ ക്യാപ്റ്റന്‍സി മാറ്റത്തോടുള്ള സൂര്യയുടെ പ്രതികരണം. സീസണ്‍ കഴിഞ്ഞാല്‍ അദ്ദേഹം മുംബൈയില്‍ തുടരാനുള്ള സാധ്യത തീരെ കുറവാണ്. രോഹിത്തിനു ശേഷം മുംബൈയുടെ ക്യാപ്റ്റന്‍സി പ്രതീക്ഷിച്ച താരങ്ങളിലൊരാള്‍ കൂടിയാണ് സൂര്യ. പക്ഷെ എല്ലാം തകിടം മറിച്ചാണ് ഹാര്‍ദിക് ടീമിലേക്കു മടങ്ങിവന്നത്.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മുംബൈ സീസണിനു ശേഷം ടീമിനോടു വിട പറയാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. സൂര്യയെപ്പോലെ തന്നെ രോഹിത്തുമായി വളരെ ആത്മാര്‍ഥമായ ബന്ധം പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ബുംറ. മുംബൈയില്‍ രോഹിത്തിനു കീഴില്‍ കരിയര്‍ ആരംഭിച്ചാണ് ഇപ്പോള്‍ അദ്ദേഹം ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി മാറിയത്.
ഹാര്‍ദിക്കിനെ മുംബൈ ടീമിലേക്കു തിരികെ കൊണ്ടുവന്നപ്പോള്‍ അതിനെ പരോക്ഷമായി വിമര്‍ശിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചയാള്‍ കൂടിയാണ് ബുംറ. മാത്രമല്ല രോഹിത്തിനു ശേഷം മുംബൈയുടെ നായകസ്ഥാനവും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു.
പക്ഷെ ഹാര്‍ദിക്കിന്റെ വരവ് ഈ മോഹം തകര്‍ത്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ മുംബൈയില്‍ തുടരാന്‍ ബുംറയ്ക്കും വലിയ ആഗ്രഹമില്ലെന്നാണ് സൂചനകള്‍. സീസണ്‍ കഴിഞ്ഞാല്‍ മറ്റൊരു ടീമിലേക്കു മാറുന്നതിനെക്കുറിച്ചും അദ്ദേഹം ഗൗരവായി തന്നെ ആലോചിക്കുന്നുണ്ട്.