മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യ മൂന്ന് മത്സരത്തിലും നാണംകെട്ട തോല്‍വിയാണ് ടീം ഏറ്റുവാങ്ങിയത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് മുതല്‍ മുംബൈ ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതാണ്. ഇപ്പോള്‍ ഹാര്‍ദിക്കിന് മുംബൈയിലെ സ്വന്തം ആരാധകരുടെ കൂവല്‍ വരെ ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.
രോഹിത്തിനെ നായകസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരണമെന്നാണ് കൂടുതല്‍ ആരാധകരും ആവശ്യപ്പെടുന്നതെങ്കിലും ഇതൊട്ടും എളുപ്പമല്ല. മുംബൈ ടീം തുടര്‍തോല്‍വികള്‍ വഴങ്ങവെ രോഹിത് ശര്‍മയുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്. മുംബൈ ഉഴപ്പന്മാരുടെ നിരയാണെന്ന് രോഹിത് പറയുന്നതിന്റെ വീഡിയോയാണ് ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. കപില്‍ ശര്‍മയുടെ ചാറ്റ് ഷോയില്‍ സംസാരിക്കുന്ന രോഹിത്തിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.
'ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഞങ്ങളുടെ ആണ്‍കുട്ടികളെല്ലാം ഉഴപ്പന്മാരും മടിയന്മാരുമാണ്. അവര്‍ റണ്‍സെടുക്കില്ല' എന്നാണ് രോഹിത് ഈ വീഡിയോയില്‍ പറഞ്ഞത്. ഇത് ഇന്ന് സത്യമായിരിക്കുകയാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. രോഹിത് ശര്‍മ പറഞ്ഞ ഒരു കാര്യം പോലും മാറിയിട്ടില്ല. ടീമിലെ ഏറ്റവും വലിയ മടിയന്‍ രോഹിത്താണെന്നാണ് ആരാധകര്‍ ട്രോളുന്നത്. നിലവില്‍ മുംബൈ ടീമിന്റെ തകര്‍ച്ചക്ക് പിന്നിലെ ശരിയായ സൂത്രധാരന്‍ രോഹിത്താണ്.
എന്നാല്‍ ഒന്നും അറിയാത്ത പോലെയാണ് രോഹിത് പെരുമാറുന്നതെന്നും ആരാധകര്‍ പറയുന്നു. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ മുതല്‍ മുംബൈ ഇന്ത്യന്‍സില്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇപ്പോഴും തുടരുന്നത്. ഇത് ടീമിന്റെ പ്രകടനത്തേയും ബാധിക്കുകയും മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് കാരണമാവുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയെ നായകനെന്ന നിലയില്‍ ആരും അംഗീകരിക്കാത്ത സാഹചര്യമാണുള്ളത്.

രോഹിത്തിനുള്ള സ്വാകാര്യത മുംബൈ ടീമില്‍ ഹാര്‍ദിക്കിന് ഇപ്പോള്‍ ലഭിക്കുന്നില്ല. നിലവിലെ ടീമിലെ താരങ്ങളെല്ലാം ഉഴപ്പന്മാരാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിനോട് തട്ടകത്തിലാണ് മുംബൈ തോറ്റത്. സ്വന്തം കാണികള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക്കിനെ കൂവിയപ്പോള്‍ രോഹിത്തിനായി ആര്‍പ്പുവിളിക്കുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിലെ നിലവിലെ താരങ്ങള്‍ക്കൊന്നും ടീം ജയിക്കണമെന്ന് ആഗ്രഹമില്ല.
എല്ലാവരും ഉത്തരവാദിത്തമില്ലാതെ ഉഴപ്പുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. നായകസ്ഥാനം പോയതോടെ രോഹിത്തും ഉഴപ്പാന്‍ തുടങ്ങിയിരിക്കുന്നു. ഹാര്‍ദിക്കിനെതിരായ കൂവലുകള്‍ രോഹിത് ആസ്വദിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ ടീമില്‍ നിലവില്‍ ഹാര്‍ദിക് ഒറ്റപ്പെട്ട അവസ്ഥയാണുള്ളത്. രാജസ്ഥാനെതിരായ തോല്‍വിക്ക് ശേഷം ഡഗൗട്ടില്‍ ഒറ്റക്കിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയുടെ വീഡിയോ വൈറലായിരുന്നു.
അതേ സമയം മൂന്ന് തോല്‍വിക്ക് ശേഷവും തിരിച്ചുവരാന്‍ മുംബൈക്ക് സാധിക്കുമെന്നാണ് ഹാര്‍ദിക് ഓര്‍മിപ്പിക്കുന്നത്. 'ഈ ടീമിനെക്കുറിച്ച് ഒരു കാര്യം നിങ്ങള്‍ അറിയേണ്ടതാണ്. ഞങ്ങള്‍ ഒരിക്കലും വിട്ടുകൊടുക്കില്ല. ഞങ്ങള്‍ പോരാട്ടം തുടരും. ഞങ്ങള്‍ മുന്നോട്ട് പോകും' എന്നാണ് എക്‌സില്‍ ഹാര്‍ദിക് കുറിച്ചത്. ഈ പോസ്റ്റിന് കീഴിലും ട്രോളുകളാണ് ഉയരുന്നത്. നിലവില്‍ മുംബൈ ടീമിനുള്ളില്‍ ഹാര്‍ദിക്കിനെ ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് കരുതുന്നത്.
വരുന്ന മത്സരങ്ങളിലും മുംബൈ ജയിക്കാന്‍ സാധ്യത കുറവാണ്. സൂര്യകുമാര്‍ യാദവ് മടങ്ങിയെത്തുന്നത് മുംബൈ ടീമിനുള്ളില്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചേക്കും. അല്ലാത്ത പക്ഷം മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമല്ല. രോഹിത്തും ഇഷാനും മോശം ഫോമിലാണ്. ഹാര്‍ദിക് പാണ്ഡ്യ പൊരുതി നോക്കുന്നുണ്ടെങ്കിലും പിന്തുണ ലഭിക്കുന്നില്ലെന്നതാണ് വസ്തുത. മുംബൈ ഇതിലും കൂടുതല്‍ തുടര്‍ തോല്‍വികളേറ്റിട്ടും തിരിച്ചെത്തി കപ്പടിച്ച ചരിത്രമുണ്ട്.
എന്നാല്‍ അന്ന് രോഹിത് ശര്‍മയായിരുന്നു നായകന്‍. ഇന്നത് ഹാര്‍ദിക് പാണ്ഡ്യയായതിനാല്‍ അത്തരമൊരു തിരിച്ചുവരവ് അസാധ്യമായിരിക്കും. എന്തായാലും മുംബൈയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് വൈകാതെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.