മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യത്തെ മൂന്ന് മത്സരത്തിലെ തോല്‍വിക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ആദ്യ ജയം നേടിയത്. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് മുംബൈ ടീമിനുള്ളില്‍ വലിയ പൊട്ടിത്തെറി സൃഷ്ടിക്കുകയും ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തു.
മുംബൈ നായകസ്ഥാനം പോയെങ്കിലും ഇപ്പോഴും ഇന്ത്യയുടെ നായകന്‍ രോഹിത്താണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മയാവും. ഇന്ത്യയുടെ എല്ലാ താരങ്ങളുമായി അടുത്ത സൗഹൃദമുള്ളയാളാണ് രോഹിത്. നേരത്തെ ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ റൂം പങ്കിട്ടിരുന്നു. ഒരു റൂമില്‍ രണ്ട് താരങ്ങളെന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായ റൂമുകളാണുള്ളത്. അടുത്ത സൗഹൃദമുള്ളവരാണ് നേരത്തെ റൂം പങ്കിട്ടിരുന്നത്.
രോഹിത് മിക്കവര്‍ക്കൊപ്പവും റൂം പങ്കിട്ടുണ്ടെങ്കിലും റിഷഭ് പന്തിനും ശിഖര്‍ ധവാനുമൊപ്പം റൂം പങ്കിട്ടിട്ടില്ലെന്നും അവര്‍ക്കൊപ്പം ഒരേ റൂമില്‍ കഴിയാത്തതിന് കാരണമുണ്ടെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ. 'ഇപ്പോള്‍ എല്ലാവര്‍ക്കും വ്യത്യസ്തമായ റൂമുകള്‍ ലഭിക്കും. എന്നാല്‍ റൂം പങ്കിടാന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഞാന്‍ ശിഖര്‍ ധവാന്‍, റിഷഭ് പന്ത് എന്നിവരെയാണ് പറയുക. അവര്‍ അച്ചടക്കമില്ലാത്തവരാണ്.
പരിശീലനത്തിന് ശേഷം റൂമിലെത്തിയാല്‍ ജേഴ്‌സിയെല്ലാം ഊരി എവിടെയെങ്കിലുമൊക്കെ ഇടും. അവരുടെ റൂം മിക്കപ്പോഴും ഡുനോട്ട് ഡിസ്റ്റര്‍ബ് എന്നായിരിക്കും ഉണ്ടാവുക. അതിന് കാരണം അവരുടെ ഉറക്കമാണ്. ഉച്ചക്ക് 1 മണിവരെയൊക്കെ അവര്‍ കിടന്ന് ഉറങ്ങാറുണ്ട്. റൂം വൃത്തിയാക്കാന്‍ ആളുകള്‍ എത്തുമ്പോള്‍ പോലും അവര്‍ റൂം തുറക്കാത്ത അവസ്ഥകളുണ്ട്' രോഹിത് പറഞ്ഞു. രോഹിത് ശര്‍മക്കൊപ്പം ഏറെ നാള്‍ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ് ധവാന്‍.

രണ്ട് പേരും തമ്മില്‍ അടുത്ത സൗഹൃദവുമുണ്ട്. എന്നാല്‍ ധവാന്‍ ഉറക്കത്തിനോട് വളരെയധികം താല്‍പര്യമുള്ളയാളാണ്. പരിശീലന സെക്ഷനുകള്‍ മുടക്കാറില്ല. എന്നാല്‍ ലഭിക്കുന്ന ഇടവേളകളില്‍ കൂടുതലും ഉറങ്ങാനാണ് കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുന്ന താരമാണ് ധവാന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ധവാന്‍ വളരെ സജീവമായിരുന്നു. എന്നാല്‍ വിവാഹ മോചനത്തിന് ശേഷം അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളില്‍ അധികം സജീവമല്ല.
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനായ ധവാന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇൗ സീസണോടെ ധവാന്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കാനും സാധ്യതയുണ്ട്. അതേ സമയം റിഷഭ് പന്ത് ഇന്ത്യന്‍ ടീമിലെ ഏറ്റവും വൈബുള്ള താരങ്ങളിലൊരാളാണ്. മറ്റുള്ളവര്‍ ഉറങ്ങുന്ന സമയങ്ങളില്‍ ഉണര്‍ന്നിരിക്കുകയും അവരെ ശല്യപ്പെടുത്തുകയും ചെയ്യുന്നതാണ് റിഷഭിന്റെ പ്രധാന ഹോബി. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ്.
യുവതാരം സാഹസികമായ കാര്യങ്ങളെ ഇഷ്ടപ്പെടുന്നവനാണ്. എപ്പോഴും ഉറക്കെ സംസാരിച്ച് നടക്കുന്നയാളാണ് റിഷഭ്. അദ്ദേഹത്തോടൊപ്പം റൂം പങ്കിടുകയെന്നത് ദുഷ്‌കരമാണെന്നാണ് രോഹിത് പറയുന്നത്. ഇഷാന്‍ കിഷനും ഇത്തരത്തിലുള്ള താരമാണ്. എല്ലാവരും വിശ്രമിക്കുന്ന സമയങ്ങളില്‍ ഇഷാന്‍ പൊതുവേ സജീവമാണ്. ശല്യപ്പെടുത്തുന്നതില്‍ രസം കണ്ടെത്തുന്ന താരമാണ് ഇഷാന്‍. അതുകൊണ്ടുതന്നെ ഇഷാനൊപ്പം റൂം പങ്കിടാനും സീനിയര്‍ താരങ്ങള്‍ക്ക് മടിയാണ്.
ഇഷാനും ശുബ്മാന്‍ ഗില്ലും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടുതന്നെ ഇവര്‍ തമ്മിലാണ് റൂം പങ്കിടുന്നത്. ഐപിഎല്ലില്‍ വ്യത്യസ്ത ടീമുകള്‍ക്കായി കളിക്കുമ്പോഴും താരങ്ങള്‍ തമ്മില്‍ നല്ല സൗഹൃദം നിലനിര്‍ത്തുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലിലെ പ്രകടനം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പാണ്.