മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ ജയം മുംബൈ ഇന്ത്യന്‍സ് നേടിയെടുത്തിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 29 റണ്‍സിനാണ് മുംബൈ തകര്‍ത്തത്. തട്ടകത്തില്‍ ആദ്യം ബാറ്റു ചെയ്ത മുംബൈ 5 വിക്കറ്റിന് 234 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 8 വിക്കറ്റിന് 205 റണ്‍സാണ് നേടാനായത്. മുംബൈക്കായി ആരും അര്‍ധ സെഞ്ച്വറി നേടിയില്ലെങ്കിലും ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിച്ച് വമ്പന്‍ റെക്കോഡിടാന്‍ മുംബൈക്കായി.
മുംബൈക്കായി മുന്‍ നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. 27 പന്ത് നേരിട്ട് 49 റണ്‍സാണ് രോഹിത് ശര്‍മ നേടിയത്. 6 ഫോറും 3 സിക്‌സുമാണ് രോഹിത് നേടിയത്. അര്‍ധ സെഞ്ച്വറിക്ക് ഒരു റണ്‍സ് അകലെ അക്ഷര്‍ പട്ടേലാണ് രോഹിത്തിനെ പുറത്താക്കിയത്. മത്സരത്തിലൂടെ നിരവധി റെക്കോഡുകളും രോഹിത് സ്വന്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 1000 റണ്‍സ് രോഹിത് മറികടന്നു. ഇതോടെ രണ്ട് ടീമുകള്‍ക്കെതിരേ 1000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് മാറി.
വിരാട് കോലിക്ക് ശേഷം രണ്ട് ടീമുകള്‍ക്കെതിരേ 1000 റണ്‍സ് നേടുന്ന താരമായി രോഹിത് ശര്‍മ മാറി. കൂടാതെ ഒരു എതിരാളിക്കെതിരേ കൂടുതല്‍ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കും രോഹിത് എത്തി. ടി20 ക്രിക്കറ്റില്‍ 1500ലധികം ബൗണ്ടറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയിലേക്കും രോഹിത്തെത്തി. ഇന്ത്യയുടെ മറ്റാര്‍ക്കുമില്ലാത്ത റെക്കോഡിലേക്കും ഹിറ്റ്മാനെത്തിയിട്ടുണ്ട്. ടി20യില്‍ 250ലധികം ജയം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്.
രോഹിത് ശര്‍മ ഫോമിലേക്കെത്തിയതോടെ മുംബൈയുടെ കഷ്ടകാലവും തീര്‍ന്നെന്ന് പറയാം. രോഹിത് പവര്‍പ്ലേയില്‍ വെടിക്കെട്ട് നടത്തിയതോടെ പവര്‍പ്ലേയില്‍ 75 റണ്‍സിലേക്കെത്താനും മുംബൈക്കായി. വരുന്ന മത്സരങ്ങളിലും രോഹിത് ഇതേ പ്രകടനം തുടര്‍ന്നാല്‍ മുംബൈക്ക് വിജയം തുടരാന്‍ അത് കരുത്താവുമെന്നുറപ്പ്. ഡല്‍ഹിക്കെതിരേ മുംബൈയുടെ ജയം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ഇഷാന്‍ കിഷനും ഡല്‍ഹിക്കെതിരേ തിളങ്ങി. 23 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് ഇഷാന്‍ നേടിയത്.

സൂര്യകുമാര്‍ യാദവ് മുംബൈ ടീമിലേക്കെത്തിയത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. ഡല്‍ഹിക്കെതിരേ ഡെക്കായെങ്കിലും സൂര്യയുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്കും വലിയ ആത്മവിശ്വാസം നല്‍കുന്ന ജയമാണ് ഡല്‍ഹിക്കെതിരേ നേടിയത്. ആദ്യ മൂന്ന് മത്സരവും തോറ്റതോടെ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കിയത് മുതല്‍ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
രോഹിത്തിനൊപ്പമാണ് കൂടുതല്‍ ആരാധകരും മുംബൈയിലെ സഹതാരങ്ങളും. ഇത് ടീമിനുള്ളില്‍ ഹാര്‍ദിക് ഒറ്റപ്പെടാന്‍ കാരണമായി. ഹാര്‍ദിക്കിന്റെ പെരുമാറ്റത്തിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ടീം രണ്ട് തട്ടിലായി. എന്നാല്‍ ഇപ്പോള്‍ മുംബൈ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിരിക്കുകയാണ്. ഇതിന്റെ വ്യത്യാസം ടീമിന്റെ പ്രകടനത്തില്‍ നിന്നും വ്യക്തമാണ്. മുംബൈ ഇന്ത്യന്‍സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത് എതിരാളികളേയും ആശങ്കപ്പെടുത്തും.
നിലവില്‍ മുംബൈ ടീമിലെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ് കളിക്കുന്നത്. ഇത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ടിം ഡേവിഡ് ഫിനിഷര്‍ റോളില്‍ മിടുക്കുകാട്ടി. 21 പന്തില്‍ 45 റണ്‍സാണ് അദ്ദേഹം ഡല്‍ഹിക്കെതിരേ നേടിയത്. റൊമാരിയോ ഷിഫേര്‍ഡിന്റെ വെടിക്കെട്ടും മുംബൈക്ക് കരുത്തായി. 10 പന്തില്‍ 39 റണ്‍സാണ് ഷിഫേര്‍ഡ് നേടിയത്. 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് ഷിഫേര്‍ഡിന്റെ പ്രകടനം. അവസാന ഓവറില്‍ മാത്രം 32 റണ്‍സാണ് ഷിഫേര്‍ഡ് നേടിയത്.