ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 43ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 4 വിക്കറ്റിന് 257 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ മുംബൈയുടെ തുടക്കം അത്ര മികച്ചതായില്ല. മുന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മക്ക് പ്രതീക്ഷിച്ച വെടിക്കെട്ട് തുടക്കം നല്‍കാനായില്ല. 8 പന്തില്‍ 8 റണ്‍സാണ് രോഹിത് നേടിയത്.
ഖലീല്‍ അഹമ്മദാണ് രോഹിത്തിനെ പുറത്താക്കിയത്. രോഹിത് ശര്‍മക്ക് തിളങ്ങാനായില്ലെങ്കിലും ഡല്‍ഹിക്കെതിരേ വമ്പനൊരു റെക്കോഡ് നേടാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. 1032 റണ്‍സാണ് നിലവില്‍ രോഹിത് ഡല്‍ഹിക്കെതിരേ നേടിയിട്ടുള്ളത്. വിരാട് കോലിയുടെ 1030 റണ്‍സിന്റെ റെക്കോഡാണ് രോഹിത് തകര്‍ത്തത്. വീണ്ടും ഈ റെക്കോഡില്‍ കോലി തലപ്പത്തെത്താന്‍ സാധ്യതയുണ്ട്.

എന്നാല്‍ നിലവില്‍ തലപ്പത്തേക്കെത്താന്‍ രോഹിത്തിനായി. അജിന്‍ക്യ രഹാനെ 858 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. റോബിന്‍ ഉത്തപ്പ 740 റണ്‍സുമായി നാലാം സ്ഥാനത്ത്. 709 റണ്‍സുള്ള എംഎസ് ധോണിയാണ് അഞ്ചാം സ്ഥാനത്ത്. സീസണില്‍ സെഞ്ച്വറിയടക്കം നേടാന്‍ രോഹിത്തിന് സാധിച്ചെങ്കിലും സ്ഥിരതയോടെയുള്ള പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായിട്ടില്ല. രോഹിത്തിന്റെ സ്ഥിരതയില്ലായ്മ മുംബൈയെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
മുംബൈക്കെതിരേ ഗംഭീര പ്രകടനം നടത്താന്‍ ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിത്തു. ആദ്യ പന്ത് മുതല്‍ ഡല്‍ഹി താരങ്ങള്‍ കടന്നാക്രമിച്ചു. ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിന്റെ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിക്ക് കരുത്തായത്. 27 പന്തില്‍ 84 റണ്‍സാണ് മഗ്യൂര്‍ക്ക് അടിത്തെടുത്തത്. 11 ഫോറും 6 സിക്‌സും ഉള്‍പ്പെടെയാണ് മഗ്യൂര്‍ക്കിന്റെ പ്രകടനം. ആദ്യ ഓവറില്‍ 19 റണ്‍സാണ് മഗ്യൂര്‍ക്ക് അടിച്ചെടുത്തത്.
രണ്ടാം ഓവറില്‍ 18 റണ്‍സും മൂന്നാം ഓവറില്‍ 18 റണ്‍സും നാലാം ഓവറില്‍ 14 റണ്‍സും അഞ്ചാം ഓവറില്‍ 20 റണ്‍സുമാണ് ഡല്‍ഹി നേടിയത്. പവര്‍പ്ലേയില്‍ 92 റണ്‍സ് നേടാന്‍ ഡല്‍ഹിക്ക് സാധിച്ചു. മഗ്യൂര്‍ക്ക് മടങ്ങിയ ശേഷം മധ്യ നിരയില്‍ ഷായ് ഹോപ്പ് ചെറിയൊരു കാമിയോ കാഴ്ചവെച്ചു. 17 പന്തില്‍ 41 റണ്‍സാണ് ഹോപ്പ് നേടിയത്. സ്റ്റബ്‌സ് 25 പന്തില്‍ 6 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 48 റണ്‍സോടെ പുറത്താവാതെ നിന്നു.
ഇതോടെ 257 എന്ന മികച്ച സ്‌കോറിലേക്ക് ഡല്‍ഹി എത്തുകയായിരുന്നു. മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി ഇഷാന്‍ കിഷനും (20) രോഹിത് ശര്‍മയും (8) സൂര്യകുമാര്‍ യാദവും (26) നിരാശപ്പെടുത്തി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ 24 പന്തില്‍ 46 റണ്‍സാണ് നേടിയത്. നിഹാല്‍ വദേര 4 റണ്‍സുമായി മടങ്ങി. ഡല്‍ഹിയോട് മുട്ടുമടക്കുന്നത് മുംബൈക്ക് കടുത്ത തിരിച്ചടിയായിരിക്കുമെന്ന് നിസംശയം പറയാം. ഇതോടെ ടീമിന്റെ പ്ലേ ഓഫ് സാധ്യതയും പരുങ്ങലിലാവും.