മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പ് എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തീരുമാനമാണ് മുംബൈ ഇന്ത്യന്‍സ് എടുത്തത്. ടീമിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ നായകന്‍ രോഹിത് ശര്‍മയെ മാറ്റി പകരം ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ടീമിലേക്ക് മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കാനാണ് മുംബൈ തീരുമാനിച്ചത്. ഇടവേളക്ക് ശേഷം കപ്പിലേക്കെത്താനാണ് മുംബൈ ഇത്തരമൊരു തീരുമാനമെടുത്തത്.
എന്നാല്‍ ഈ നീക്കം ഫലം കണ്ടില്ലെന്ന് പറയാം. സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന മുംബൈ ഇത്തവണ പ്ലേ ഓഫില്‍ കടക്കാനുള്ള സാധ്യതയും വളരെ കുറവാണെന്ന് പറയാം. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള കാരണം ഹാര്‍ദിക് പാണ്ഡ്യയാണെന്ന ആക്ഷേപം ശക്തമാണ്. നായകസ്ഥാനം ലഭിക്കാനായി മുംബൈയിലേക്കെത്താന്‍ ഹാര്‍ദിക് ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഈ വിവാദങ്ങളോട് രോഹിത് ശര്‍മ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മുംബൈയുടെ നായകസ്ഥാനം നഷ്ടമായതിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രോഹിത് ശര്‍മ. 'ഞാന്‍ ക്യാപ്റ്റനായിരുന്നു. എന്നാല്‍ ഇപ്പോള്‍ നായകസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നു. ഇതെല്ലാം ജീവിതത്തിന്റേയും കരിയറിന്റേയും ഭാഗമാണ്. എല്ലാം നമ്മള്‍ ചിന്തിക്കുന്നതുപോലെ നടക്കില്ല. നായകനായിരുന്നത് വലിയ അനുഭവമായിരുന്നു. ഞാന്‍ എല്ലാ കാലവും ഞാന്‍ നായകനായിരുന്നില്ല.
നിരവധി നായകന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. നായകസ്ഥാനമൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല. താരമെന്ന നിലയില്‍ ടീമിന് ആവശ്യമുള്ളത് നല്‍കാനാണ് ശ്രമിക്കുന്നത്. അവസാന ഒരുമാസമായി ചെയ്യുന്നതും അതാണ്' രോഹിത് ശര്‍മ പറഞ്ഞു. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം സ്‌പെഷ്യലിസ്റ്റ് ഓപ്പണറായാണ് രോഹിത് കളിക്കുന്നത്. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. മുംബൈ നായകസ്ഥാനത്ത് നിന്ന് രോഹിത്തിനെ മാറ്റിയെങ്കിലും ഇന്ത്യയുടെ നായകന്‍ രോഹിത്താണ്.

ടി20 ലോകകപ്പില്‍ രോഹിത്തിന് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. രണ്ട് പേരും തമ്മില്‍ പ്രശ്‌നങ്ങളിലെന്നാണ് രോഹിത് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നതാണ് വസ്തുത. മുംബൈയുടെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ നയിക്കുന്ന ടോപ് ഓഡര്‍ നിരയെ ഹാര്‍ദിക് വിമര്‍ശിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിച്ചടക്കം അപമാനിച്ചിരുന്നു.
ഇതിനെല്ലാം ടി20 ലോകകപ്പിലൂടെ രോഹിത് മറുപടി നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മുംബൈ ഇന്ത്യന്‍സ് വിട്ട് ഗുജറാത്തിനായി കളിച്ചപ്പോള്‍ മുംബൈ സൂപ്പര്‍ താരങ്ങളെ വെച്ച് കപ്പടിക്കുന്ന ടീമാണെന്നും അങ്ങനെ ചെയ്യാന്‍ ആര്‍ക്കും സാധിക്കുമെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. ഇതിന് മറുപടിയായി ഹാര്‍ദിക്കിനെപ്പോലെ ഇനിയും മികച്ച താരങ്ങളെ വളര്‍ത്താന്‍ മുംബൈക്ക് അറിയാമെന്ന് രോഹിത് പറയുകയും ചെയ്തു.
ഇതും വലിയ വിവാദമായി മാറിയിരുന്നു. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ മാനസികമായി പഴയ ബന്ധമുണ്ടെന്ന് പറയാനാവില്ല. ഹാര്‍ദിക്കിനെ നായകനാക്കിയതില്‍ മുംബൈയിലെ സഹതാരങ്ങള്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. യുവതാരങ്ങളുമായി ഹാര്‍ദിക് വാക്കേറ്റം നടത്തുന്ന സാഹചര്യം പോലുമുണ്ടായി. തിലക് വര്‍മയും ഹാര്‍ദിക്കും തമ്മില്‍ വാക്കേറ്റം നടന്നുവെന്ന റിപ്പോര്‍ട്ട് മുംബൈ ടീമില്‍ നിന്ന് തന്നെ പുറത്തുവന്നിരുന്നു. എന്തായാലും ഹാര്‍ദിക്കിന് കീഴില്‍ മുംബൈക്ക് പഴയ മികവില്ല.
ടീമിന്റെ ഒത്തിണക്കം നഷ്ടപ്പെടുകയും ടീം രണ്ട് തട്ടിലാവുകയും ചെയ്തിരിക്കുകയാണ്. അടുത്ത മെഗാ ലേലത്തിലൂടെ പല പ്രധാന താരങ്ങളും മുംബൈ വിടാന്‍ സാധ്യതയുണ്ട്. ഹാര്‍ദിക്കിന്റെ സ്വഭാവത്തോട് ചേര്‍ന്ന് പോകാന്‍ സീനിയര്‍ താരങ്ങള്‍ക്ക് പ്രയാസമുണ്ടെന്നതാണ് വസ്തുത. എന്തായാലും ഇത്തവണ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ സാധിക്കാതെ പോയാല്‍ ഹാര്‍ദിക്കിനത് വലിയ തിരിച്ചടിയാവുമെന്നുറപ്പാണ്.