മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റിയത് മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും ടീമിനെ വേട്ടയാടുകയാണ്. മുന്‍ നായകന്‍ രോഹിത് ശര്‍മയുടേയും പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടേയും ആരാധകരും പിന്തുണക്കുന്ന താരങ്ങളും രണ്ട് തട്ടില്‍ നില്‍ക്കുന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.
ആദ്യത്തെ രണ്ട് മത്സരം തോറ്റ മുംബൈക്ക് മൂന്നാം മത്സരം എന്ത് വിലകൊടുത്തും ജയിക്കേണ്ടതായുണ്ട്. രാജസ്ഥാന്‍ റോയല്‍സിനെതിരേ തട്ടകത്തിലാണ് മൂന്നാം മത്സരം. അതുകൊണ്ടുതന്നെ മുംബൈ സജീവ വിജയ പ്രതീക്ഷയിലാണ്. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കാനുള്ള നീക്കങ്ങളാണ് മുംബൈ ടീം മാനേജ്‌മെന്റ് നടത്തുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് പരിശീലന സെക്ഷനിടെ നടന്നത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുമ്പ് മുംബൈ തട്ടകത്തില്‍ പരിശീലനം നടത്തുകയാണ്. ഇന്ന് നടന്ന പരിശീലക സെക്ഷനില്‍ രോഹിത് ശര്‍മയും ഹാര്‍ദിക്കും രണ്ട് ഭാഗത്ത് നിന്ന് പരിശീലനം നടത്തുകയും പരസ്പരം കാര്യമായി മൈന്റ് ചെയ്യാതെ നില്‍ക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. രോഹിത് ശര്‍മക്കൊപ്പം ജസ്പ്രീത് ബുംറയും അര്‍ജുന്‍ ടെണ്ടുല്‍ക്കറും തിലക് വര്‍മയുമെല്ലാമുണ്ട്. എന്നാല്‍ ഹാര്‍ദിക് ബാറ്റിങ് കോച്ച് കറെന്‍ പൊള്ളാര്‍ഡിനൊപ്പം പരിശീലനം നടത്തുന്നതാണ് കണ്ടത്.
രോഹിത്തും ബുംറയും യുവതാരങ്ങളോട് തമാശയടക്കം പറഞ്ഞ് പരിശീലനം നടത്തുന്നതായാണ് വീഡിയോയില്‍ വ്യക്തമാവുന്നത്. എന്നാല്‍ ഹാര്‍ദിക്കിന്റെ മുഖ ഭാവത്തില്‍ നിന്ന് വലിയ സമ്മര്‍ദ്ദമുണ്ടെന്നത് വ്യക്തമാണ്. ഹാര്‍ദിക് പാണ്ഡ്യക്ക് മുംബൈ ടീമിനുള്ളില്‍ പിന്തുണ കുറവാണെന്ന് വീണ്ടും വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോയെന്ന് പറയാം. രാജസ്ഥാനെതിരായ മത്സരത്തില്‍ ഹാര്‍ദിക്കിന് മുംബൈയെ ജയിപ്പിക്കേണ്ടതായുണ്ട്.

അല്ലാത്ത പക്ഷം ടീം മാനേജ്‌മെന്റ് നിര്‍ണ്ണായക മാറ്റത്തിന് തയ്യാറായേക്കും. മൂന്നാം മത്സരവും തോറ്റാല്‍ ടീമിലെ സാഹചര്യവും ആരാധകരുടെ രോഷവും പരിഗണിച്ച് ഹാര്‍ദിക്കിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയേക്കും. സൂര്യകുമാര്‍ യാദവ് കൂടി തിരിച്ചുവരുന്നതോടെ ഹാര്‍ദിക്കിന്റെ സമ്മര്‍ദ്ദം ഉയരും. രോഹിത്തിനൊപ്പമാണ് സൂര്യകുമാര്‍. ഹാര്‍ദിക്കിനെ നായകനാക്കിയപ്പോള്‍ അനിഷ്ടം വ്യക്തമാക്കി സൂര്യകുമാര്‍ പോസ്റ്റിട്ടിരുന്നു.
നിലവില്‍ പരിക്കേറ്റ് പുറത്തുള്ള സൂര്യകുമാര്‍ വൈകാതെ മുംബൈ ടീമിലേക്ക് മടങ്ങിയെത്തിയേക്കും. രോഹിത് ശര്‍മക്ക് ആദ്യ രണ്ട് മത്സരത്തിലും വലിയ സ്‌കോറിലേക്കുയരാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മൂന്നാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങേണ്ടത് രോഹിത്തിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പരിശീലനത്തിനിടെ രോഹിത് സച്ചിനുമായി ഏറെ സംസാരിച്ചിരുന്നു. ബാറ്റിങ്ങിനെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്ന് വ്യക്തം.
അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഹാര്‍ദിക് കാര്യമായി പരിഗണിച്ചിട്ടില്ല. എന്നാല്‍ രാജസ്ഥാനെതിരായ മത്സരത്തിന് മുമ്പ് അര്‍ജുന്‍ ബൗളിങ് പരിശീലനം നടത്തിയിട്ടുണ്ട്. അത് അര്‍ജുന്‍ പ്ലേയിങ് 11ലേക്കെത്തുമെന്ന പ്രതീക്ഷ നല്‍കുന്നതാണ്. ഹാര്‍ദിക്കിന്റെ പല പരിഷ്‌കാരങ്ങളും മുംബൈയെ പിന്നോട്ടടിക്കുന്നുണ്ട്. അവസാന സീസണില്‍ കസറിയ പേസര്‍ ആകാശ് മധ്വാളിനെ ഹാര്‍ദിക് ആദ്യ രണ്ട് മത്സരത്തിലും കളിപ്പിച്ചിട്ടില്ല. വിഷ്ണു വിനോദും പ്ലേയിങ് 11ന് പുറത്താണ്.
ആദ്യ മത്സരത്തില്‍ മിന്നിച്ച ഡെവാള്‍ഡ് ബ്രെവിസിനെ രണ്ടാം മത്സരത്തില്‍ കളിപ്പിച്ചില്ല. ജസ്പ്രീത് ബുംറയെ പവര്‍പ്ലേയില്‍ വേണ്ടവിധം ഉപയോഗിച്ചിട്ടുമില്ല. ഇതെല്ലാം ഹാര്‍ദിക് വലിയ വിമര്‍ശനം ഏറ്റുവാങ്ങിയ നീക്കങ്ങളാണ്. എന്തായാലും മുംബൈ ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ തീരാതെ ടീമിന് തിരിച്ചുവരവ് എളുപ്പമാവില്ല. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് കിണഞ്ഞ് പരിശ്രമിക്കുമ്പോഴും വസ്തുത അങ്ങനെയല്ലെന്നാണ് വീണ്ടും വ്യക്തമാവുന്നത്.