മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. എല്ലാത്തവണയും മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടമാണ് കൂടുതല്‍ ആവേശം നല്‍കുന്നത്.
മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇറങ്ങാനൊരുങ്ങൂന്നത്. മുംബൈക്ക് ഇത്തവണത്തെ സീസണ്‍ അഭിമാന പ്രശ്‌നമാണെന്നിരിക്കെ ടീമിന് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തന്നെ തുടരണം. രണ്ട് പേരും നിരവധി തവണ ഓപ്പണര്‍മാരായി ഒരുമിച്ച് ബാറ്റുചെയ്തിട്ടുള്ളവരാണ്. രണ്ട് പേര്‍ക്കും ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡാണുള്ളത്.
ഇത്തവണ നായകനെന്ന റോളിലല്ല രോഹിത് ശര്‍മ കളിക്കുന്നത്. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യത്തോടെ രോഹിത് ശര്‍മ കത്തിക്കയറാനാണ് സാധ്യത. സമീപകാലത്തെ രോഹിത്തിന്റെ പ്രകടനങ്ങളെല്ലാം ഗംഭീരമാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ രോഹിത് കളിക്കുമ്പോള്‍ പ്രകടനം പിന്നോട്ട് പോകുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇഷാന്‍ കിഷന്‍ ബിസിസി ഐ കരാറില്‍ നിന്ന് പുറത്തായ ശേഷം കളിക്കുന്ന ഐപിഎല്ലില്‍ പ്രകടനം എങ്ങനെയായിരിക്കുമെന്നത് കണ്ടറിയണം.
മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സൂര്യകുമാര്‍ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. അതിവേഗത്തില്‍ കത്തിക്കയറുന്ന സൂര്യ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ ഇത് സൂര്യയുടെ പ്രകടനത്തെ ബാധിക്കില്ലെന്ന് തന്നെ കരുതാം. സൂര്യയുടെ ഫോം ഇത്തവണയും മുംബൈക്ക് വളരെ പ്രധാനപ്പെട്ടതാണ്. നാലാം നമ്പറില്‍ തിലക് വര്‍മയെ കളിപ്പിക്കാവുന്നതാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ താരത്തെ കളിപ്പിക്കാം.

ഇന്ത്യയുടെ ടി20 ടീമിനൊപ്പം മികവ് കാട്ടാന്‍ തിലകിനായിരുന്നില്ല. എന്നാല്‍ മുംബൈയ്‌ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ ഇടം കൈയനായ തിലകിന് സാധിച്ചിട്ടുണ്ട്. പാര്‍ട്ട് ടൈം സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ് തിലക് വര്‍മ. അഞ്ചാം നമ്പറില്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുണ്ടാവും. ഫിനിഷര്‍ റോളിലേക്ക് മാത്രമായി ഹാര്‍ദിക് ഒതുങ്ങില്ല. ഗുജറാത്ത് ടൈറ്റന്‍സില്‍ കളിച്ചപ്പോള്‍ കൂടുതലും ടോപ് ഓഡറില്‍ ബാറ്റുചെയ്യാന്‍ ഹാര്‍ദിക് ശ്രമിച്ചിരുന്നു.
മുംബൈ ഇന്ത്യന്‍സിന്റെ നായകനായതിനാല്‍ത്തന്നെ ഹാര്‍ദിക് ടോപ് ഓഡറിലേക്ക് ബാറ്റിങ് പൊസിഷന്‍ ഉയര്‍ത്താന്‍ ശ്രമിച്ചേക്കും. ആറാം നമ്പറില്‍ ഫിനിഷറായി ടിം ഡേവിഡിനെ കളിപ്പിക്കാം. ഓസ്‌ട്രേലിയന്‍ താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. കറെന്‍ പൊള്ളാര്‍ഡ് ചെയ്തതുപോലെ മുംബൈക്ക് അത്ഭുത ജയങ്ങള്‍ നേടിക്കൊടുക്കാന്‍ കഴിവുള്ളവനാണ് ടിം ഡേവിഡ്. ഏഴാം നമ്പറില്‍ പീയൂഷ് ചൗളയെയാണ് പരിഗണിക്കേണ്ടത്.
സ്പിന്നറെന്ന നിലയില്‍ ചൗളക്ക് വലിയ മികവുണ്ട്. കൂടാതെ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാനും ചൗളക്ക് സാധിക്കും. എട്ടാം നമ്പറില്‍ കുമാര്‍ കാര്‍ത്തികേയയെ പരിഗണിക്കണം. സ്പിന്‍ ഓള്‍റൗണ്ടര്‍ റോളില്‍ തിളങ്ങാന്‍ കുമാറിന് കഴിവുണ്ട്. ജസ്പ്രീത് ബുംറയാണ് ഒമ്പതാം നമ്പറില്‍. മുംബൈയുടെ തുറുപ്പുചീട്ട് ബുംറയാണ്. ബുംറയുടെ ഡെത്തോവറിലെ മികവില്‍ ഇത്തവണയും മുംബൈ വലിയ പ്രതീക്ഷവെക്കുന്നു. ഇന്ത്യക്കായി സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം ബുംറ തിളങ്ങിയിരുന്നു.
10ാം നമ്പറില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ജെറാള്‍ഡ് കോയിറ്റ്‌സിക്കാണ് അവസരം. ഇത്തവണ മുംബൈ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് കോയിറ്റ്‌സി. താരത്തിന്റെ ബൗളിങ് ഇത്തവണ മുംബൈക്ക് മുതല്‍ക്കൂട്ടായേക്കും. ജേസന്‍ ബെഹറന്‍ഡോര്‍ഫാണ് 11ാമന്‍. ഓസീസ് പേസറുടെ ന്യൂബോളിലെ പ്രകടനം മുംബൈക്ക് വളരെ പ്രധാനപ്പെട്ടതാണ്.