മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ മുംബൈ ഇന്ത്യന്‍സിന്റെ കാര്യങ്ങള്‍ പരുങ്ങലിലാണ്. ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് തുടങ്ങിയ മുംബൈ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും നാണംകെട്ട തോല്‍വിയാണ് നേരിട്ടത്. 277 റണ്‍സാണ് ഹൈദരാബാദ് മുംബൈക്കെതിരേ അടിച്ചെടുത്തത്. ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും ടീമിനെ വേട്ടയാടുന്നു.
രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി നായകസ്ഥാനത്തേക്കെത്തിയത് ഹാര്‍ദിക് പാണ്ഡ്യയാണ്. ആദ്യ മത്സരത്തിന് ശേഷം ഹാര്‍ദിക് പാണ്ഡ്യക്കെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. രോഹിത് ശര്‍മയെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യിച്ചത് വലിയ വിവാദത്തിനാണ് വഴി തുറന്നത്. മത്സരശേഷം രോഹിത്തും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ അത്ര രസത്തിലല്ല പെരുമാറിയത്. ഹാര്‍ദിക്കിനോട് അല്‍പ്പം പരുക്കമായാണ് രോഹിത് പെരുമാറിയത്.
ഹൈദരാബാദിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ ഹാര്‍ദിക്കിനെതിരേ ആരാധക രോഷം കടുക്കുകയാണ്. ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ടീമിനെ ബാധിച്ചിരിക്കുന്നതെന്നാണ് പൊതുവേയുള്ള ആരോപണം. എന്നാല്‍ മുംബൈയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരന്‍ മറ്റൊരാളാണ്. അത് ടീമിന്റെ മുഖ്യ പരിശീലകനായ മാര്‍ച്ച് ബൗച്ചറാണ്. 16ാം സീസണിലാണ് മഹേല ജയവര്‍ധനക്ക് പകരം ബൗച്ചര്‍ മുംബൈയുടെ പരിശീലകനാവുന്നത്.
രോഹിത് ശര്‍മയായിരുന്നു ടീമിന്റെ നായകന്‍. മുംബൈ ക്യാംപില്‍ രോഹിത് ശര്‍മയും ബൗച്ചറും തമ്മില്‍ പല കാര്യത്തിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ടീമിന്റെ പ്രകടനം പിന്നോട്ട് പോയതോടെ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇടപെടല്‍ നടത്തിയത് ബൗച്ചറാണെന്നാണ് പുറത്തുവരുന്ന വിവരം. ഹാര്‍ദിക് പാണ്ഡ്യ മുംബൈയിലേക്കെത്തിയത് നായകസ്ഥാനമെന്ന കരാറോടെയായിരുന്നില്ല. എന്നാല്‍ ബൗച്ചറിന്റെ ഇടപെടലാണ് ഹാര്‍ദിക്കിനെ നായകസ്ഥാനത്തേക്കെത്തിച്ചത്.

മുംബൈയുടെ ശരിയായ വില്ലന്‍ ബൗച്ചറാണെന്നും അദ്ദേഹത്തെ മാറ്റിയാല്‍ മുംബൈയുടെ പ്രശ്‌നങ്ങള്‍ തീരുമെന്നുമാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ രോഹിത്തിനെ അനുകൂലിക്കുന്നവരും ഹാര്‍ദിക്കിനെ അനുകൂലിക്കുന്നവരും രണ്ട് പക്ഷത്താണുള്ളത്. ഇത് ടീമിന്റെ ഒത്തിണക്കത്തെ ബാധിക്കുന്നു. മുംബൈയെ പിന്നോട്ടടിക്കാന്‍ കാരണവുമാകയും ചെയ്യുന്നു. പരിശീലകന്‍ ബൗച്ചര്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തുന്നില്ല. ആദ്യ മത്സരത്തിന് ശേഷം നാടകീയ സംഭവങ്ങളുണ്ടായി.
രോഹിത്തും ഹാര്‍ദിക്കും രണ്ട് വശത്തായി സംസാരിക്കുമ്പോഴും ബൗച്ചര്‍ ഒന്നിലും ഇടപെടാതെ ഡഗൗട്ടില്‍ ഇരിക്കുകയാണ് ചെയ്തത്. ഹാര്‍ദിക്കിനെ പിന്തുണക്കുന്ന രീതിയിലാണ് ബൗച്ചര്‍ സംസാരിച്ചത്. അതേ സമയം രോഹിത്തിനെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞുമില്ല. മുംബൈ ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രധാനയാള്‍ ബൗച്ചറാണെന്നാണ് ആരാധക പക്ഷം. കറെന്‍ പൊള്ളാര്‍ഡും ലസിത് മലിംഗയും മുംബൈയുടെ പരിശീലക സംഘത്തിനൊപ്പമുണ്ട്.
എന്നാല്‍ ഇവര്‍ക്കൊന്നും യാതൊരു റോളുമില്ലാതെ എല്ലാ കാര്യങ്ങളും ഹാര്‍ദിക്കും ബൗച്ചറും കൂടിച്ചേര്‍ന്നാണെടുക്കുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മുംബൈ ടീമിനുള്ളിലെ തീരുമാനങ്ങള്‍ ഒറ്റക്കെട്ടായി എടുക്കുന്നതാണെന്ന് പൊള്ളാര്‍ഡ് പറഞ്ഞിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന്റേയും ബൗച്ചറുടേയും ഏകാധിപത്യമാണ് ടീമിനുള്ളില്‍ നടക്കുന്നത്. ഇതിലാണ് രോഹിത്തിന് അതൃപ്തി. പ്രധാന തീരുമാനങ്ങളില്‍ രോഹിത്തിന്റെ അഭിപ്രായം പരിഗണിക്കുന്നില്ല.
ഗുജറാത്തിനെതിരായ മത്സരശേഷം ഡ്രസിങ് റൂമില്‍ നടന്ന സംഭവങ്ങളില്‍ ബൗച്ചര്‍ ഹാര്‍ദിക്കിനെയാണ് പിന്തുണച്ചത്. രോഹിത്തിന് വേണ്ട ബഹുമാനം ബൗച്ചര്‍ പരിശീലകനായ ശേഷം ലഭിക്കുന്നില്ല. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് മുംബൈ ക്യാംപില്‍ നിന്ന് പുറത്തുവരുന്ന വിവരം. എന്തായാലും വരുന്ന മത്സരങ്ങളിലും മുംബൈ ഇതേ മോശം പ്രകടനം തുടര്‍ന്നാല്‍ പല വലിയ മാറ്റങ്ങള്‍ക്കും മുംബൈ ടീം മാനേജ്‌മെന്റ് തയ്യാറായേക്കും.
രോഹിത്തും ടീം ഉടമ ആകാശ് അംബാനിയും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. പാതിവഴിയില്‍ ബൗച്ചറെ പുറത്താക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഈ സീസണിന് ശേഷം ബൗച്ചറെ മുംബൈ പറപ്പിക്കാന്‍ സാധ്യത കൂടുതലാണ്.