മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ മൂന്ന് മത്സരവും തോറ്റ് നിരാശപ്പെടുത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രതിഷേധവും വിമര്‍ശനവും ഇപ്പോള്‍ അതിന്റെ പരകോടിയിലെത്തിയിരിക്കുകയാണെന്ന് പറയാം. സ്വന്തം കാണികള്‍ പോലും രോഹിത്തിനെ കൂവുന്ന അവസ്ഥയാണുള്ളത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ത്തന്നെ ആദ്യമായാണ്.
മുംബൈയില്‍ ജയിച്ച് തിരിച്ചുവരാമെന്ന് കരുതിയ മുംബൈയെ രാജസ്ഥാന്‍ തകര്‍ത്തുവിട്ടതോടെ ഹാട്രിക് തോല്‍വിയുമായി ടീം അവസാന സ്ഥാനത്ത് തുടരുകയാണ്. ഇത്തവണ ഒരു മത്സരം പോലും ജയിക്കാത്ത ഏക ടീം എന്ന നാണക്കേട് മുംബൈക്ക് അവകാശപ്പെട്ടതാണ്. ടീമിനുള്ളിലെ പ്രശ്‌നങ്ങളും ആരാധക പ്രതിഷേധവും മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്നു. സൂര്യകുമാര്‍ യാദവിന്റെ അഭാവവും മുംബൈ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നു.
മുംബൈയുടെ നിലവിലെ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാനാവുമെന്നാണ് ടീം മാനേജ്‌മെന്റ് തലപുകയ്ക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കാര്യങ്ങള്‍ എളുപ്പമല്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ മുംബൈയുടെ പ്രതിസന്ധി അവസാനിപ്പിക്കാന്‍ രോഹിത്തിനെ തിരികെ നായകസ്ഥാനം ഏല്‍പ്പിക്കാന്‍ മുംബൈ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് നടത്തിയതുപോലെ മുംബൈയും യു ടേണ്‍ അടിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകസ്ഥാനത്ത് നിന്ന് ധോണിയെ മാറ്റി പകരം രവീന്ദ്ര ജഡേജക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ ജഡേജക്ക് കീഴില്‍ സിഎസ്‌കെ സമ്പൂര്‍ണ്ണ പരാജയമായതോടെ താരത്തെ സിഎസ്‌കെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുകയും എംഎസ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിക്കുകയും ചെയ്തു. ഇതാണ് മുംബൈയും ഇപ്പോള്‍ മാതൃകയാക്കേണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ രോഹിത് ശര്‍മക്ക് നായകസ്ഥാനം തിരികെ നല്‍കണം.

അല്ലാതെ ഈ പ്രശ്‌നത്തിന് അവസാനം കാണാനാവില്ലെന്നാണ് ആരാധക പക്ഷം. വരുന്ന മത്സരങ്ങളിലും ഹാര്‍ദിക്കിനെതിരേ ആരാധക പ്രതിഷേധമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇതിനിടെ രോഹിത്തിനോട് വീണ്ടും മുംബൈയെ നയിക്കാമോയെന്ന് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഈ ഓഫര്‍ നിരസിച്ചുവെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വേണ്ടത്ര ചര്‍ച്ചകളില്ലാതെയാണ് രോഹിത്തിനെ നീക്കിയത്.
മുംബൈയിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനം ആവശ്യപ്പെട്ടുവെന്ന അഭ്യൂഹവും പരന്നതോടെ ആരാധകര്‍ ഹാര്‍ദിക്കിനെതിരായി. ആദ്യ മത്സരത്തില്‍ത്തന്നെ രോഹിത്തിനെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യില്ല ഹാര്‍ദിക് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. മുംബൈക്ക് അഞ്ച് തവണ കിരീടം നേടിക്കൊടുത്ത നായകനെന്ന നിലയില്‍ രോഹിത് ബഹുമാനം അര്‍ഹിക്കുന്നു. എന്നാല്‍ അത് ലഭിക്കുന്നില്ലെന്നതാണ് നിലവില്‍ ആരാധകരെ ചൊടിപ്പിക്കുന്നത്.
മുംബൈ സിഎസ്‌കെയെ മാതൃകയാക്കണമെന്ന് പറയുമ്പോഴും കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്. ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്ന് നീക്കുകയെന്നത് മുംബൈയെ സംബന്ധിച്ച് എളുപ്പമല്ല. ഹാര്‍ദിക് ഇതിന് തയ്യാറായേക്കില്ല. അത്ര പെട്ടെന്ന് തോറ്റുകൊടുക്കുന്ന നായകനല്ല ഹാര്‍ദിക്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഈ സമയത്ത് മുംബൈ ടീം മാനേജ്‌മെന്റ് പിന്തുണക്കാനാണ് സാധ്യത. മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഈ സീസണില്‍ പ്ലേ ഓഫില്‍ കടക്കാനാവാതെ പോയാലും വലിയ തിരിച്ചടിയായി കരുതില്ല.
കാരണം അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. രോഹിത് ശര്‍മയടക്കം ടീം വിടാന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോള്‍ നിലവിലെ പ്രശ്‌നങ്ങളെല്ലാം സ്വാഭാവികമായും കെട്ടടങ്ങും. അതുകൊണ്ടുതന്നെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ മുംബൈ ടീം മാനേജ്‌മെന്റ് കണ്ണടക്കാനാണ് സാധ്യത കൂടുതല്‍. എന്തായാലും ഹാര്‍ദിക് പാണ്ഡ്യ ഒട്ടും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് നായകനെന്ന നിലയില്‍ നേരിട്ടത്. ഇതില്‍ നിന്ന് കരകയറാന്‍ അല്‍പ്പം കൂടി സമയം വേണ്ടിവരുമെന്നുറപ്പ്.