IPL 2024: തിരക്കിട്ട് റിഷഭ് മടങ്ങി വരേണ്ട, പണി കാത്തിരിക്കുന്നു! മുന്നറിയിപ്പ് നല്‍കി ഉത്തപ്പ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് വരാനിരിക്കുന്നു. ഇത്തവണത്തെ ഐപിഎല്‍ പല കാരണങ്ങളാല്‍ സവിശേഷമായതാണ്. ഇടവേളക്ക് ശേഷം റിഷഭ് പന്ത് തിരിച്ചെത്തുന്ന ടൂര്‍ണമെന്റായി ഐപിഎല്‍ 17ാം സീസണ്‍ മാറുകയാണ്. കാര്‍ അപകടത്തെത്തുടര്‍ന്ന് ഏറെ നാളുകളായി വിശ്രമത്തിലായിരുന്നു റിഷഭ്.
ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനത്ത് റിഷഭുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും റിഷഭ് മടങ്ങിയെത്തിയേക്കും. ഇപ്പോഴിതാ തിരിച്ചുവരവിനൊരുങ്ങുന്ന റിഷഭിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. തിരക്കിട്ട് റിഷഭ് തിരിച്ചുവരവ് നടത്തേണ്ടതായിട്ടില്ലെന്നാണ് ഉത്തപ്പ പറയുന്നത്. ആവശ്യത്തിന് സമയമെടുത്ത് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തി തിരിച്ചുവരവ് നടത്തുന്നതാണ് നല്ലതെന്നാണ് ഉത്തപ്പ ഉപദേശിക്കുന്നത്.
'റിഷഭ് പന്തിന്റെ മടങ്ങിവരവ് അവന്റെ ഫിറ്റ്‌നസിനെ ആശ്രയിച്ചിരിക്കും. അവനെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ വര്‍ഷമാണ് വരാനിരിക്കുന്നത്. ഏറ്റവും മികച്ച ഫിറ്റ്‌നസോടെ തിരിച്ചുവരാനുള്ള ആത്മവിശ്വാസമാണ് അവന് നല്‍കേണ്ടത്. അവന്‍ നെറ്റ്‌സിലേക്ക് തിരിച്ചെത്തിയത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. നന്നായി ഷോട്ട് കളിക്കുകയും വിക്കറ്റ് കീപ്പിങ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ തിരിച്ചുവരവിനായി അവന്‍ തിടുക്കം കാട്ടരുത്.
ക്രിക്കറ്റില്‍ നിന്ന് ഏറെ നാള്‍ പുറത്തിരിക്കുകയെന്നത് വളരെ പ്രയാസമാണ്. പ്രത്യേകിച്ച് മാച്ച് വിന്നിങ് പ്രകടനം നടത്തി സൂപ്പര്‍ താരമായി നില്‍ക്കുമ്പോള്‍. ചില സമയങ്ങളില്‍ മടങ്ങിവരവിന് തിടുക്കം കാട്ടുമ്പോള്‍ കൂടുതല്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കും. തിരിച്ചുവരാന്‍ അവന്‍ ആവശ്യത്തിന് സമയമെടുക്കണമെന്നാണ് പറയാനുള്ളത്' ഇന്‍സൈഡ് സ്‌പോര്‍ട്ടിനോട് സംസാരിക്കവെ ഉത്തപ്പ പറഞ്ഞു. ഐപിഎല്ലില്‍ ഇത്തവണ വിക്കറ്റ് കീപ്പറായി റിഷഭ് കളിക്കില്ല.

സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനും നായകനുമായിരിക്കും. റിഷഭിനെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ റിഷഭ് പന്ത് കളിച്ചേക്കില്ല. അതിന് ശേഷം ജൂലൈയില്‍ ഇന്ത്യ സിംബാബ് വെ പര്യടനം നടത്തുന്നുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്തുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം നിര്‍ണ്ണായകമാവും.
തിരിച്ചുവരുമ്പോള്‍ റിഷഭിന് പഴയ മികവുണ്ടാവുമോയെന്നത് എല്ലാവരുടേയും സംശയമാണ്. ഗുരുതരമായി അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ പഴയ മെയ് വഴക്കം റിഷഭിനുണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഐപിഎല്ലിന് മുന്നോടിയായുള്ള പരിശീലനത്തില്‍ ഒറ്റ കൈ സിക്‌സറടക്കം റിഷഭ് പന്ത് നേടിയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ട്.
ടി20 ലോകകപ്പില്‍ ആരാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നത് ചോദ്യമാണ്. ഇഷാന്‍ കിഷന്‍ ബിസിസി ഐ കരാറിന് പുറത്താണ്. സഞ്ജു സാംസണ്‍ സ്ഥിരതയില്ലാത്തവനാണ്. ജിതേഷ് ശര്‍മക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഈ സാഹചര്യത്തില്‍ ദ്രുവ് ജുറേലിനെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. എന്നാല്‍ ജുറേലിനെ ഇപ്പോള്‍ ഇന്ത്യ ടി20യിലേക്ക് പരിഗണിക്കേണ്ടതായിട്ടില്ലെന്നാണ് ഉത്തപ്പ പറയുന്നത്.
'ദ്രുവ് ജുറേലിന്റെ കാര്യം പരിഗണിക്കുമ്പോള്‍ സമീപകാലത്ത് ഇന്ത്യന്‍ ടീമില്‍ സംഭവിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കണം. ഇഷാന്‍ കിഷന്‍, കെ എസ് ഭരത് തുടങ്ങി പലരും വന്നിട്ടും അവരുടെ വിധി മാറിയത് പെട്ടെന്നാണ്. ഐപിഎല്ലിലെ പ്രകടനങ്ങള്‍ നമുക്ക് നോക്കാം. കെ എല്‍ രാഹുല്‍ കീപ്പറാണ്. ജുറേല്‍ ടി20യില്‍ അല്‍പ്പം കൂടി കാത്തിരിക്കണം. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ജുറേല്‍ നേടിയത് അവിസ്മരണീയ നേട്ടമാണ്' ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications