കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഫൈനല്‍ സീറ്റ് നേടുന്ന ആദ്യത്തെ ടീമായിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒന്നാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് കെകെആര്‍ ഫൈനല്‍ സീറ്റ് നേടിയത്. ഹൈദരാബാദ് കെകെആറിന് വലിയ ഭീഷണി ഉയര്‍ത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും കെകെആറിന്റെ സര്‍വാധിപത്യ ജയമാണ് കാണാനായത്.
കെകെആറിന്റെ ഈ സീസണിലെ ഗംഭീര തിരിച്ചുവരവിന് പിന്നില്‍ ഗൗതം ഗംഭീറെന്ന ഉപദേഷ്ടാവിന് വലിയ റോളുണ്ട്. ഇത്തവണ ഗംഭീര്‍ ടീമിന്റെ പരിശീലക സംഘത്തിലേക്കെത്തിയ ശേഷം കെകെആര്‍ ടീമെന്ന നിലയിലേക്ക് ഒത്തിണക്കത്തിലേക്കെത്തിയിട്ടുണ്ട്. എല്ലാ താരങ്ങള്‍ക്കും കൃത്യമായ റോള്‍ നല്‍കാനും അവരെ ഫോമിലേക്കെത്തിക്കാനും ഗംഭീറിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗംഭീറും എംഎസ് ധോണിയും ഒരുപോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റോബിന്‍ ഉത്തപ്പ.
ഗംഭീറിന് കീഴില്‍ കെകെആറിലും ധോണിക്ക് കീഴില്‍ സിഎസ്‌കെയിലും കളിച്ചിട്ടുള്ള താരമാണ് ഉത്തപ്പ. അതുകൊണ്ടുതന്നെ രണ്ട് പേരുടേയും ശൈലിയെ ഉത്തപ്പക്ക് നന്നായി അറിയാം. രണ്ട് പേരും ടീമില്‍ ഒരുപോലെ ഇംപാക്ട് സൃഷ്ടിക്കുന്നവരാണെന്നാണ് ഉത്തപ്പ പറയുന്നത്. 'ഗംഭീറും ധോണിയും ഒരേ ശൈലിയുള്ള നായകന്മാരാണെന്നാണ് എപ്പോഴും കരുതുന്നത്. രണ്ട് പേരും വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും രണ്ട് പേരുടേയും ശൈലി ഒരുപോലെയാണ്.
താരങ്ങളുടെ കഴിവുകളെ തിരിച്ചറിയാനും ഫോമിലേക്കെത്തിക്കാനും ഇവര്‍ക്ക് പ്രത്യേക കഴിവുണ്ട്. ഗംഭീര്‍ വന്നതിന് ശേഷമുള്ള സുനില്‍ നരെയ്‌ന്റേയും ആന്‍ഡ്രേ റസലിന്റേയും പ്രകടനം നോക്കുക. എന്ത് ചെയ്താല്‍ താരങ്ങള്‍ ഫോമിലേക്കെത്തുമെന്ന് ഗംഭീറിന് നന്നായി അറിയാം. റസലും നരെയ്‌നും മാച്ച് വിന്നര്‍മാരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്. പിന്തുണക്കാന്‍ ഗംഭീറുണ്ടെന്ന ധൈര്യം അവര്‍ക്കുണ്ട്.

അതുകൊണ്ടുതന്നെ ആത്മവിശ്വാസത്തോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുന്നു. എല്ലാവരുടേയും റോള്‍ ഗംഭീര്‍ കൃത്യമായി നല്‍കുന്നുണ്ട്' ഉത്തപ്പ പറഞ്ഞു. ഗംഭീര്‍ വന്നതിന് ശേഷം കെകെആര്‍ ടീമില്‍ വലിയ പൊളിച്ചെഴുത്താണ് നടത്തിയത്. ടീം മാനേജ്‌മെന്റ് ഗംഭീറിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുകയും വിശ്വാസം അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഗംഭീറിന് ടീമിനുള്ളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ധൈര്യവും ലഭിക്കുന്നു.
സുനില്‍ നരെയ്ന്‍ ഗംഭീര്‍ കെകെആര്‍ നായകനായിരുന്ന സമയത്ത് ടീമിന്റെ ഓപ്പണറായിരുന്നു. എന്നാല്‍ ഗംഭീര്‍ ടീം വിട്ടതോടെ നരെയ്‌നെ മധ്യനിരയിലേക്ക് മാറ്റുകയും താരത്തിന്റെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം തടുക്കുകയും ചെയ്തു. എന്നാല്‍ ഗംഭീര്‍ തിരിച്ചെത്തിയതോടെ നരെയ്‌നെ ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിച്ചു. സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ കെകെആറിന്റെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവാനും നരെയ്‌ന് സാധിച്ചു.
റസലിനെ ഓള്‍റൗണ്ടറെന്ന നിലയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ ഗംഭീറിന് ശേഷം കെകെആറിന്റെ നായകന്മാര്‍ക്കോ പരിശീലകര്‍ക്കോ സാധിച്ചിരുന്നില്ല. ബാറ്റിങ് ഓഡറില്‍ വളരെ പിന്നോട്ടിറക്കിയതിലെ അതൃപ്തി റസല്‍ തന്നെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഗംഭീര്‍ വന്നപ്പോള്‍ റസലിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പിന്തുണച്ചു. ഇതിന്റെ മികവ് ഈ സീസണില്‍ റസല്‍ കാഴ്ചവെച്ചിട്ടുമുണ്ട്. വെങ്കടേഷ് അയ്യര്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങളും ഫോമിലേക്കുയര്‍ന്നതിന് കാരണം ഗംഭീറിന്റെ പിന്തുണയാണ്.
കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് ഗംഭീര്‍. അതുകൊണ്ടുതന്നെ വലിയ മത്സരങ്ങളിലെ സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കണമെന്ന് ഗംഭീറിന് നന്നായി അറിയാം. ഇത് നായകന്‍ ശ്രേയസ് അയ്യര്‍ക്കും വലിയ സഹായമായിട്ടുണ്ട്.
എന്തായാലും ഗംഭീറിന്റെ വരവാണ് ഇത്തവണത്തെ കെകെആറിന്റെ കുതിപ്പിന്റെ നട്ടെല്ലെന്ന് നിസംശയം പറയാം. ഫൈനലിലും ഗംഭീര്‍ ഇഫക്ട് കെകെആറിനെ സഹായിച്ചേക്കും. ഇത്തവണ കപ്പിലേക്കെത്താനുള്ള എല്ലാ കരുത്തും കെകെആറിനുണ്ട്. ഭാഗ്യം തുണക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.