ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തുടക്കം പാളിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് തോറ്റ ഡല്‍ഹി രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടും നാണംകെട്ടിരിക്കുകയാണ്. റിഷഭ് പന്ത് നായകനായി തിരിച്ചെത്തിയപ്പോള്‍ ഡല്‍ഹിക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാല്‍ റിഷഭിന് കീഴിലും ടീമിന് പ്രതീക്ഷ നിലവാരം കാട്ടാനാവുന്നില്ല. രാജസ്ഥാനെതിരേ 12 റണ്‍സിനാണ് ഡല്‍ഹിയുടെ തോല്‍വി.
ജയിക്കാവുന്ന മത്സരം ഡല്‍ഹി കൈവിട്ടുകളയുകയായിരുന്നുവെന്ന് പറയാം. മത്സരത്തില്‍ ഡല്‍ഹി നായകനായ റിഷഭിന് പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ല. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി. 26 പന്തില്‍ 28 റണ്‍സാണ് റിഷഭ് നേടിയത്. 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് റിഷഭിന്റെ ബാറ്റിങ്. 107.69 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റിഷഭ് ബാറ്റു ചെയ്തത്. യുസ് വേന്ദ്ര ചഹാലിന്റെ പന്തിലാണ് റിഷഭിന്റെ മടക്കം.
നിലയുറപ്പിച്ച് ഫോമിലേക്ക് വരികയായിരുന്ന റിഷഭിനെ ചഹാല്‍ ലോ ബൗണ്‍സ് ഓഫ് സൈഡ് പന്തില്‍ കുടുക്കുകയായിരുന്നു. എഡ്ജായ പന്തില്‍ സഞ്ജു സാംസണിന്റെ ഗംഭീര ക്യാച്ചിലാണ് റിഷഭിന്റെ മടക്കം. ഡല്‍ഹി കളി കൈവിട്ട് തുടങ്ങിയത് ഇവിടെ മുതലാണെന്ന് പറയാം. അതുകൊണ്ടുതന്നെ വിക്കറ്റ് നഷ്ടമായതില്‍ റിഷഭ് കടുത്ത നിരാശനായിരുന്നു. ഡ്രസിങ് റൂമിലേക്ക് പോകും വഴി റിഷഭ് ബാറ്റ് നിലത്തെറിയുകയും സൈഡ് സ്‌ക്രീനില്‍ ബാറ്റുകൊണ്ട് അടിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. റിഷഭിന്റെ നിരാശ മത്സരശേഷവും മുഖത്ത് വ്യക്തമായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച തുടക്കം ലഭിച്ചത് മുതലാക്കാന്‍ ഡല്‍ഹിക്ക് സാധിക്കാതെ പോയി. ഇതാണ് റിഷഭിനെ കൂടുതല്‍ നിരാശപ്പെടുത്തിയത്. 36 റണ്‍സിന് രാജസ്ഥാന്റെ 3 വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആദ്യ 10 ഓവറില്‍ ഗംഭീര ബൗളിങ് കാഴ്ചവെച്ച ഡല്‍ഹി ഡെത്തോവറിലാണ് കളി കൈവിട്ടത്. അവസാന ഓവറില്‍ മാത്രം 25 റണ്‍സാണ് ആന്റിച്ച് നോക്കിയേ വിട്ടുകൊടുത്തത്.

ഖലീല്‍ അഹമ്മദ് റണ്ണൊഴുക്ക് തടുത്ത് കളിയില്‍ പിടി മുറുക്കിയപ്പോള്‍ മുകേഷ് കുമാറും നോക്കിയേയും കൈയയഞ്ഞ് സഹായിച്ചു. ഇതാണ് 185 എന്ന മികച്ച സ്‌കോറിലേക്ക് രാജസ്ഥാനെ എത്തിച്ചത്. മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് ഒന്നാം വിക്കറ്റില്‍ 30 റണ്‍സിന്റെ കൂട്ടുകെട്ട് ലഭിച്ചു. ആദ്യത്തെ 10 ഓവറില്‍ ഡല്‍ഹിയായിരുന്നു ഡ്രൈവിങ് സീറ്റില്‍. എന്നാല്‍ റണ്‍റേറ്റ് പിന്നീട് താഴോട്ട് പോയി. റിഷഭ് പന്തിന്റെ സ്ലോ ബാറ്റിങ്ങാണ് ഡല്‍ഹിയുടെ റണ്‍റേറ്റ് താഴോട്ടാക്കിയത്.
മത്സര ശേഷം തോല്‍വിയുടെ കാരണമായി റിഷഭ് പറഞ്ഞത് നോക്കിയേയുടെ പ്രകടനമാണ്. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തോല്‍വിക്ക് കാരണമായെന്നാണ് റിഷഭ് പറഞ്ഞത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിക്കുന്ന താരങ്ങളുടെ കുറവ് ഡല്‍ഹി നിരയിലുണ്ട്. റിഷഭ് പന്ത് പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. തിരിച്ചുവരവ് മോശമായില്ലെങ്കിലും പഴയതുപോലെ വെടിക്കെട്ട് പ്രകടനം നടത്താന്‍ ഇപ്പോള്‍ റിഷഭിന് സാധിക്കുന്നില്ല.
അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരങ്ങളെ മധ്യനിരയിലേക്ക് കൊണ്ടുവരേണ്ടത് ഡല്‍ഹിയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇംപാക്ട് പ്ലേയറായി രാജസ്ഥാനെതിരേ ഡല്‍ഹി ഇറക്കിയത് അഭിഷേക് പോറലിനെയാണ്. യുവ താരത്തെ വെടിക്കെട്ട് ഫിനിഷറായി ഉപയോഗിക്കാമെന്ന ഡല്‍ഹിയുടെ ചിന്ത തന്നെ മണ്ടത്തരമാണ്.
പൃഥ്വി ഷായെ പ്ലേയിങ് 11ല്‍ നിന്ന് ഡല്‍ഹി മാറ്റിനിര്‍ത്തുന്നതിനെതിരേയും വിമര്‍ശനം ശക്തമാണ്. വരുന്ന മത്സരങ്ങള്‍ ഡല്‍ഹിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. തെറ്റുകളില്‍ നിന്ന് പഠിച്ച് തിരിച്ചുവരാന്‍ ഡല്‍ഹിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.