ഐപിഎല്‍ ലേലത്തിനു ശേഷം ട്രേഡ് വിന്‍ഡോ വീണ്ടും തുറന്നതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വലിയ സര്‍പ്രൈസ് നല്‍കുന്ന സൂചനകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. അഞ്ചു തവണ ജേതാക്കളും നിലവിലെ ചാംപ്യന്‍മാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ അടുത്ത ക്യാപ്റ്റന്‍ ആരാവണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞുവെന്നാണ് വിവരം,
ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വരാനിരിക്കുന്ന സീസണില്‍ കൂടി കളിച്ച ശേഷം വിരമിക്കലിനു തയ്യാറെടുക്കുകയാണ്. അതുകൊണ്ടു തന്നം 2025ല്‍ പുതിയ നായകനു കീഴിലായിരിക്കും സിഎസ്‌കെ ഇറങ്ങുക. യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദായിരിക്കും സിഎസ്‌കെയുടെ ഭാവി നായകനാവുകയെന്നായിരുന്നു ഇതുവരെയുള്ള സൂചനകള്‍.

മാത്രമല്ല രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനെയും ക്യാപ്റ്റന്‍ സ്ഥാനത്തേക്കു സിഎസ്‌കെ നോട്ടമിടുന്നതായി അഭ്യൂഹങ്ങള്‍ വന്നിരുന്നു. പക്ഷെ വമ്പന്‍ ട്വിസ്റ്റാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു പേരുമാവില്ല, മറിച്ച് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് ധോണിയുടെ പിന്‍ഗാമിയായി സിഎസ്‌കെ നായകസ്ഥാനത്തേക്കു വരികയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സ്‌പോര്‍ട്‌സ് തക്കാണ് (sports Tak) ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് നായകനായ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് തിരികെ വാങ്ങുമെന്നു എട്ടു മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇവര്‍ പ്രവചിച്ചിരുന്നു.
റിഷഭിനെ സിഎസ്‌കെയ്ക്കു വില്‍ക്കാന്‍ ഡിസിയും തയ്യാറെടുത്തു കൊണ്ടിരിക്കുകയാണെന്നാണ് വിവരം. കൂടുതല്‍ യുവ വിക്കറ്റ് കീപ്പര്‍മാരെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് തങ്ങളുടെ ടീമിലേക്കു കൊണ്ടുവരുന്നത് ഇതു മുന്‍കൂട്ടി കണ്ടു കൊണ്ടാണെന്നാണ് അഭ്യൂഹം.
റിഷഭ് സിസ്‌കെയിലേക്കു ചേക്കേറിയാല്‍ ആരാവും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറെന്നു ഡിസിക്കു കണ്ടെത്തിയേ തീരു, ഇതിന്റെ ഭാഗമായാണ് പുതിയ പലരെയും ഡിസി വാങ്ങിയിരിക്കുന്നത്. ഇത്തവണത്തെ ലേലത്തില്‍ ധോണിയുടെ നാട്ടുകാരന്‍ കൂടിയായ യുവ വിക്കറ്റ് കീപ്പര്‍ കുമാര്‍ കുശാഗ്രയ്ക്കായി ഡിസി മുടക്കിയത് 7.2 കോടി രൂപയായിരുന്നു.
ഒരുപക്ഷെ നിലവിലെ ട്രേഡ് വിന്‍ഡോയില്‍ തന്നെ റിഷഭിനെ ഡിസിയില്‍ നിന്നും സിഎസ്‌കെ വാങ്ങിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. താരത്തിന്റെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ സംശയമുള്ളതിനാല്‍ അടുത്ത സീസണില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചേക്കും.
2024ലെ സീസണിനു ശേഷം ധോണി പടിയിറങ്ങിയാല്‍ റിഷഭിനെ പുതിയ നായകനായി പ്രഖ്യാപിക്കാനാണ് സിഎസ്‌കെയുടെ പ്ലാന്‍. അതു സംഭവിക്കുകയാണെങ്കില്‍ 2025ലെ ഐപിഎല്ലില്‍ റിഷഭിനു കീഴിലായിരിക്കും സിഎസ്‌കെ പോര്‍ക്കളത്തിലിറങ്ങുക.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടൊപ്പം കരിയര്‍ തുടങ്ങിയ താരമാണ് റിഷഭ്. 2016ലെ ലേലത്തിലാണ് അദ്ദേഹത്തെ ഡിസി വാങ്ങിയത്. വളരെ പെട്ടെന്നു ഡിസിയുടെ വിശ്വസ്തനായ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി അദ്ദേഹം മാറുകയും ചെയ്തു. 2021ലാണ് ഡിസിയുടെ നായകസ്ഥാനത്തേക്കു റിഷഭ് വന്നത്.
സ്ഥിരം ക്യാപ്റ്റര്‍ ശ്രേയസ് അയ്യര്‍ക്കു പരിക്കു കാരണം സീസണില്‍ നിന്നും പിന്‍മാറേണ്ടി വന്നതോടെ റിഷഭിനെ ഡിസി താല്‍ക്കാലിക ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടടുത്ത സീസണില്‍ അദ്ദേഹത്തെ അവര്‍ സ്ഥിരം ക്യാപ്റ്റനാക്കുകയും ചെയ്തു.
ഡിസിക്കു വേണ്ടി ഐപിഎല്ലില്‍ 98 മല്‍സരങ്ങളില്‍ റിഷഭ് കളിച്ചുകഴിഞ്ഞു. ഇവയില്‍ നിന്നും 147.97 സ്‌ട്രൈക്ക് റേറ്റില്‍ 2838 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 15 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. പുറത്താവാതെ നേടിയ 128 റണ്‍സാണ് റിഷഭിന്റെ ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ ഡിസംബറില്‍ കാറപകടത്തില്‍ പരിക്കേറ്റതുടര്‍ന്ന് ഈ വര്‍ഷത്തെ ഐപിഎല്ലില്‍ അദ്ദേഹത്തിനു കളിക്കാനായിരുന്നില്ല.