മൊഹാലി: നീണ്ട കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റിഷഭ് പന്ത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയ റിഷഭ് നാലാമനായി ക്രീസിലെത്തി. വലിയ പ്രതീക്ഷ നല്‍കുന്ന ഷോട്ടോടെ തുടങ്ങിയ താരത്തിന് ഒരു ലൈഫും ലഭിച്ചു. നാല് റണ്‍സില്‍ നില്‍ക്കവെ രാഹുല്‍ ചഹാറിന്റെ പന്തില്‍ റിഷഭ് ക്യാച്ച് നല്‍കിയെങ്കിലും ഹര്‍ഷല്‍ പട്ടേലിന് ക്യാച്ചെടുക്കാനായില്ല. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ഹര്‍ഷല്‍ തന്നെയെത്തി.
13 പന്തില്‍ 2 ബൗണ്ടറിയടക്കം 18 റണ്‍സെടുത്ത റിഷഭിനെ ഹര്‍ഷല്‍ പട്ടേല്‍ ജോണി ബെയര്‍സ്‌റ്റോയുടെ കൈയിലെത്തിക്കുകയായിരുന്നു. അനായാസ ക്യാച്ച് നല്‍കിയാണ് റിഷഭിന്റെ മടക്കം. നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലെത്തിയ റിഷഭ് വലിയ സ്‌കോറോടെ കസറിയില്ലെങ്കിലും പ്രതീക്ഷകളേറെയാണ്. പഴയ മികവ് തെളിയിക്കുന്ന കാലിന്റെ ചലനങ്ങളും ഷോട്ടുകളും പുറത്തെടുക്കാന്‍ റിഷഭിനായി. അദ്ദേഹത്തിന്റെ ക്രീസിലെ പ്രകടനം വലിയ പരിക്കിന്റെ യാതൊരു ക്ഷീണവും തോന്നിക്കാത്തതാണ്.
ക്രീസില്‍ നിന്ന് കയറി ഷോട്ടടക്കം കളിച്ചാണ് റിഷഭ് കളം വിട്ടത്. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് വൈകില്ലെന്ന വ്യക്തമായ സന്ദേശം നല്‍കാന്‍ റിഷഭ് പന്തിന് സാധിച്ചിട്ടുണ്ട്. അനായാസമായുള്ള ക്രീസിലെ റിഷഭിന്റെ ചലനം പ്രതീക്ഷ ഉയര്‍ത്തുന്നതാണ്. പഴയ റിഷഭ് തിരിച്ചുവന്നെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. വിക്കറ്റ് കീപ്പര്‍ റോളിലും തിളങ്ങാനായാല്‍ മാത്രമെ റിഷഭിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സാധ്യമാകൂ.
നിലവിലെ അദ്ദേഹത്തിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ തിരിച്ചുവരാന്‍ റിഷഭിന് അല്‍പ്പം കൂടി സമയം ആവശ്യമാണ്. ടി20 ലോകകപ്പിലൂടെ റിഷഭിന് തിരിച്ചുവരാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്. നവംബറില്‍ ആരംഭിക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരക്ക് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുകയാവും റിഷഭിന്റെ ലക്ഷ്യം. നിലവിലെ താരത്തിന്റെ പ്രകടനത്തിലൂടെ ഫിറ്റ്‌നസ് വളരെയധികം മെച്ചപ്പെട്ടതായി വ്യക്തം. അതുകൊണ്ടുതന്നെ അതിവേഗത്തില്‍ പഴയ ഫോമിലേക്കെത്താന്‍ റിഷഭിനാകുമെന്ന് പ്രതീക്ഷിക്കാം.

വിക്കറ്റ് നഷ്ടമായപ്പോള്‍ കടുത്ത നിരാശയോടെയാണ് റിഷഭ് കളം വിട്ടത്. ദേഷ്യത്തോടെ പതിവ് ശൈലിയില്‍ അലറിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ഡല്‍ഹി വലിയ പ്രതിസന്ധിയെ മുന്നില്‍ക്കണ്ട സമയത്ത് റിഷഭ് അല്‍പ്പം കൂടി നേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ അത്തരമൊരു ശ്രമം റിഷഭ് നടത്തിയത്. മോശം ഷോട്ട് കളിച്ചാണ് അദ്ദേഹം പുറത്തായത്. എന്തായാലും ഒരു ലൈഫ് ലഭിച്ചിട്ടും അതിന് മുതലാക്കാന്‍ റിഷഭിന് സാധിക്കാതെ പോയി.
പ്രതിഭാശാലിയാണ് റിഷഭ്. അദ്ദേഹം തിരിച്ചുവരേണ്ടത് ഇന്ത്യയെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതുകൊണ്ടുതന്നെ എല്ലാവരും റിഷഭിന്റെ പ്രകടനത്തിലേക്ക് ഉറ്റുനോക്കുകയായിരുന്നു. ഐപിഎല്ലിന്റെ ഈ സീസണിലൂടെത്തന്നെ റിഷഭ് വിക്കറ്റ് കീപ്പിങ് പുനരാരംഭിക്കുമെന്നുറപ്പാണ്. എത്രയും വേഗം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയാവും അദ്ദേഹവും ആരംഭിക്കുക. റിഷഭിന്റെ വിടവ് ഇന്ത്യന്‍ ടീമില്‍ നികത്തപ്പെടാതെ തുടരുകയാണ്. അതുകൊണ്ടുതന്നെ റിഷഭിന്റെ നിലവിലെ തിരിച്ചുവരവ് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.