വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലൂടെ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത് ആരാധകരെ സംബന്ധിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. തിരിച്ചുവരവില്‍ രണ്ട് വെടിക്കെട്ട് ഫിഫ്റ്റിയും നേടാന്‍ റിഷഭിനായി എന്നത് ഇന്ത്യന്‍ ടീമിനും ഡല്‍ഹി ക്യാപിറ്റല്‍സിനും ഒരുപോലെ ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ നായകനെന്ന നിലയില്‍ ഡല്‍ഹിക്കൊപ്പം റിഷഭിന് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിന് റിഷഭിന് പിഴ നല്‍കേണ്ടി വന്നിരിക്കുകയാണ്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ തോല്‍വിക്ക് പിന്നാലെ വിലക്കിലേക്ക് നീങ്ങുകയാണ് റിഷഭ് പന്ത്. ഏഴാം തീയ്യതി മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും കുറഞ്ഞ ഓവര്‍ നിരക്ക് ആവര്‍ത്തിച്ചാല്‍ റിഷഭിനെ ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും മത്സരഫീയുടെ 100 ശതമാനം പിഴയായി നല്‍കുകയും ചെയ്യും.
അതുകൊണ്ടുതന്നെ വലിയ തോല്‍വിക്ക് പിന്നാലെ നായകനെന്ന നിലയില്‍ റിഷഭിനും കടുത്ത തിരിച്ചടിയായിരിക്കുകയാണ്. വിലക്കിലേക്ക് കാര്യങ്ങള്‍ പോകുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്. ക്യാപ്റ്റന്‍ സ്ഥാനത്ത് റിഷഭ് തോല്‍വിയാണെന്നതാണ് വസ്തുത. ഈ സീസണില്‍ നാല് മത്സരത്തില്‍ മൂന്നിലും തോറ്റ ഡല്‍ഹി സിഎസ്‌കെയെ തോല്‍പ്പിച്ചതാണ് ആശ്വസിക്കാനുള്ള ഏക കാര്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഡല്‍ഹി തോറ്റതിന് പിന്നാലെ വലിയ വിമര്‍ശനം റിഷഭിനെതിരേ ഉയരുകയാണ്.
106 റണ്‍സിന്റെ തോല്‍വിയാണ് കെകെആറിനോട് ഡല്‍ഹി നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 272 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് 166 റണ്‍സാണ് നേടാനായത്. സുനില്‍ നരെയ്‌ന്റെ വെടിക്കെട്ടാണ് തട്ടകത്തില്‍ ഡല്‍ഹിയെ നാണംകെടുത്തിയത്. 39 പന്തില്‍ 7 ഫോറും സിക്‌സും ഉള്‍പ്പെടെ 85 റണ്‍സാണ് നരെയ്ന്‍ നേടിയത്. 24 റണ്‍സില്‍ നരെയ്‌നെ പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും റിഷഭിന്റെ പിഴവിലാണ് ഇൗ വിക്കറ്റ് നഷ്ടമായത്.

മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ നരെയ്ന്‍ എഡ്ജായി റിഷഭ് പന്തിന്റെ കൈയിലേക്ക്. അംപയര്‍ നോട്ടൗട്ട് വിളിച്ചപ്പോള്‍ റിവ്യൂവെടുക്കാന്‍ മിച്ചല്‍ മാര്‍ഷ് പറഞ്ഞതാണ്. എന്നാല്‍ മടിച്ച റിഷഭ് റിവ്യൂവെടുത്തപ്പോഴേക്കും സമയം അതിക്രമിച്ചിരുന്നു. റിഷഭിന്റെ ഈ തീരുമാനം മത്സരഫലം മാറ്റി. പിന്നീട് റിപ്ലേയില്‍ നരെയ്‌ന്റെ ബാറ്റില്‍ പന്ത് ടെച്ച് ചെയ്തിരുന്നുവെന്ന് വ്യക്തമായിരുന്നു. പിന്നീട് കത്തിക്കയറിയ നരെയ്ന്‍ ഡല്‍ഹിയുടെ അന്തകനായി മാറുകയായിരുന്നു.
നായകനെന്ന നിലയില്‍ മികച്ച തന്ത്രം മെനയാനോ ഫീല്‍ഡിങ് ഒരുക്കാനോ റിഷഭിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കെകെആറിനെതിരായ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം റിഷഭിനാണെന്ന് പറയാം. കെകെആറിനായി അന്‍ക്രിഷ് രഘുവന്‍ഷി 27 പന്തില്‍ 54 റണ്‍സെടുത്തു. 18 കാരനായ താരം 5 ഫോറും 3 സിക്‌സുമാണ് പറത്തിയത്.
ആന്‍ഡ്രേ റസല്‍ 19 പന്തില്‍ 41 റണ്‍സാണ് അടിച്ചെടുത്തത്. 4 ഫോറും 3 സിക്‌സും അദ്ദേഹം നേടി. റിങ്കു സിങ് 8 പന്തില്‍ 26 റണ്‍സാണ് സ്വന്തമാക്കിയത്. 1 ഫോറും 3 സിക്‌സുമാണ് റിങ്കുവിന്റെ സമ്പാദ്യം. ഇതോടെ 7 വിക്കറ്റിന് 272 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് കെകെആറെത്തി.
മറുപടിക്കിറങ്ങിയ ഡല്‍ഹിക്കായി റിഷഭ് പന്ത് ബാറ്റുകൊണ്ട് മികവ് കാട്ടി. 25 പന്തില്‍ 4 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 55 റണ്‍സാണ് റിഷഭ് അടിച്ചെടുത്തത്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 32 പന്തില്‍ 4 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 54 റണ്‍സും നേടി. എന്നാല്‍ ഡല്‍ഹിയെ ജയിപ്പിക്കാന്‍ ഈ സ്‌കോര്‍ മതിയാകുമായിരുന്നില്ല.