For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഡിസിക്കെതിരേ 325, ചെന്നൈക്കെതിരേ 64.29! റിങ്കുവിന് എന്തു പറ്റി? ലോകകപ്പില്‍ ചതിക്കല്ലേ

ചെന്നൈ: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരേ ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൂപ്പര്‍ ഫിനിഷര്‍ റിങ്കു സിങിന്റെ ഫ്‌ളോപ്പ് ഷോ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ലഭിക്കുന്ന അവസരങ്ങള്‍ ശരിക്കും മുതലാക്കാറുള്ള അദ്ദേഹത്തിന്റെ വിചിത്രമായ ഇന്നിങ്‌സാണ് സിഎസ്‌കെയ്‌ക്കെതിരേ കണ്ടത്. ചെപ്പോക്കിലെ പിച്ചില്‍ സിഎസ്‌കെ ബൗളിങ് ആക്രമണത്തില്‍ കെകെആര്‍ ബാറ്റിങ് നിരയിലെ എല്ലാവര്‍ക്കും മുട്ടിടിച്ചപ്പോള്‍ റിങ്കുവിന്റെ കാര്യവും ഒട്ടും വ്യത്യസ്തമായിരുന്നില്ല.

ഏഴാം നമ്പറില്‍ ബാറ്റ് വീശിയ അദ്ദേഹത്തിനു ഒമ്പതു റണ്‍സ് മാത്രമേ നേടാനായുള്ളൂ. 14 ബോളുകളാണ് റിങ്കു നേരിട്ടത്. ഒരു ഫോറോ, സിക്‌സറോ പോലും നേടാന്‍ അദ്ദേഹത്തിനായില്ല. 64.29 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത അദ്ദേഹത്തെ തുഷാര്‍ ദേശ്പാണ്ഡെ ബൗള്‍ഡാക്കുകയായിരുന്നു. ക്രീസിലെത്തിയതു മുതല്‍ റിങ്കു റണ്ണെടുക്കാനും സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ശരിക്കും പാടുപെട്ടു. 12ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ രമണ്‍ദീപ് സിങ് (13) പുറത്തായതിനെ തുടര്‍ന്ന് റിങ്കുവിനു നേരത്തേ ക്രീസിലെത്തേണ്ടി വന്നിരുന്നു. മഹീഷ് തീക്ഷണയാണ് ഈ ഓവര്‍ ബൗള്‍ ചെയ്തത്.

RINKU SINGH

ക്രീസിന്റെ മറുഭാഗത്തു ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ടെസ്റ്റ് ശൈലിയിലുള്ള സ്ലോ ബാറ്റിങ് കാഴ്ചവയ്ക്കവെ ഇതേ സമീപനം തന്നെയാണ് റിങ്കുവും സ്വീകരിച്ചത്. ഇതോടെ സിഎസ്‌കെ ബൗളര്‍മാര്‍ക്കു കാര്യങ്ങള്‍ എളുപ്പമായി മാറുകയും ചെയ്തു. അഗ്രസീവ് ഷോട്ടുകള്‍ക്കു മുതിരാതെ സിംഗിളുകളുമായി ഇന്നിങ്‌സുമായി മുന്നോട്ടു കൊണ്ടുപോവാനാണ് ശ്രേയസും റിങ്കുവും ശ്രമിച്ചത്.

13 മുതല്‍ 15 വരെയുള്ള തുടര്‍ച്ചയായ മൂന്നോവറുകളില്‍ ഒരു ഫോറോ, സിക്‌സറോ പോലും നേടാന്‍ കെകെആറിനായില്ല. 16ാം ഓവറില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെതിരേ ഒരു ഫോറടിച്ച് ശ്രേയസ് കാത്തിരിപ്പ് അവസാനിപ്പിച്ചു. പക്ഷെ അപ്പോഴും റിങ്കുവിന്റെ ബാറ്റില്‍ നിന്നും വലിയ ഒരു ഷോട്ട് പോലും കണ്ടില്ല.

17ാം ഓവറില്‍ വലിയ ഷോട്ടുകളിലൂടെ മല്‍സരം ഫിനിഷ് ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോഴേക്കും റിങ്കു പുറത്താവുകയും ചെയ്തു. തുഷാറാണ് അദ്ദേഹത്തിന്റെ വിലപ്പെട്ട വിക്കറ്റ് സിഎസ്‌കെയ്ക്കു സമ്മാനിച്ചത്. ഓവറിലെ നാലാമത്തെ ബോളിലാണ് റിങ്കു വീണത്. ഓഫ് സ്റ്റംപിന് പുറത്ത് ഒരു സ്ലോ ബോളായിരുന്നു തുഷാര്‍ പരീക്ഷിച്ചത്.

റിങ്കു ആഞ്ഞടിച്ചെങ്കിലും ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ അകത്തേക്കു കയറുകയും വിക്കറ്റുകളില്‍ പതിക്കുകയുമായിരുന്നു. ഞെട്ടിയ റിങ്കു നിരാശയോടെ ക്രീസ് വിട്ടപ്പോള്‍ കെകെആറിന്റെ ഡ്രസിങ് റൂമും ആരാധകരും ഒരുപോലെ സ്തബ്ധരായി.

RINKU SINGH

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ റിങ്കുവിന്റെ സൂപ്പര്‍ ഫിനിഷിങ് കാണികളെ ത്രില്ലടിപ്പിച്ചിരുന്നു. വെറും എട്ടു ബോളില്‍ അദ്ദേഹം അന്നു വാരിക്കൂട്ടിയത് 26 റണ്‍സാണ്. മൂന്നു സിക്‌സറും ഒരു ഫോറുമുള്‍പ്പെടെയായിരുന്നു ഇത്. 325 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റും റിങ്കുവിനുണ്ടായിരുന്നു. പക്ഷെ സിഎസ്‌കെയ്‌ക്കെതിരേ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് കുത്തനെ 64.29ലേക്കു വീഴുകയായിരുന്നു.

റിങ്കുവിന്റെ ഈ കളിയിലെ മോശം ഇന്നിങ്‌സ് അത്ര കാര്യമാക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വളരെ അപൂര്‍വ്വമായി മാത്രമേ റിങ്കു സിങ് ഇതുപോലെ കളിക്കാറുള്ളൂ. ഈയൊരു ഇന്നിങ്‌സ് മാത്രം നോക്കി അദ്ദേഹത്തെ വില കുറച്ചു കാണുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

റിങ്കു സിങിന്റെ ഏറ്റവും മോശം ഇന്നിങ്‌സാണ് സിഎസ്‌കെയ്‌ക്കെതിരേ കണ്ടത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പുള്ള താരമാണ് അദ്ദേഹം. ഇതുപോലെയൊരു ഇന്നിങ്‌സൊന്നും ദയവു ചെയ്ത് ലോകകപ്പില്‍ കളിക്കരുതെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

Story first published: Monday, April 8, 2024, 22:24 [IST]
Other articles published on Apr 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+