ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സിഎസ്‌കെയെ തകര്‍ത്ത് ആര്‍സിബി പ്ലേ ഓഫ് സീറ്റ് നേടിയിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ സിഎസ്‌കെയെ 18 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാലെ ആര്‍സിബിക്ക് പ്ലേ ഓഫിലെത്താന്‍ സാധിക്കുകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ തട്ടകത്തില്‍ 27 റണ്‍സിന്റെ ജയത്തോടെ രാജകീയമായിത്തന്നെ ആര്‍സിബി പ്ലേ ഓഫിലേക്കെത്തി. ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് യഷ് ദയാലിന്റെ ഓവറാണ്.
അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലേക്കെത്താന്‍ 17 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും മികച്ച ഫോമില്‍ കളിക്കവെ സിഎസ്‌കെയ്ക്ക് ഇത് എത്തിപ്പിടിക്കാവുന്ന സ്‌കോറായിരുന്നു. യഷ് ദയാലെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സര്‍ പറത്തിയതോടെ ആര്‍സിബിക്ക് പ്ലേ ഓഫ് സീറ്റ് നഷ്ടമാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ രണ്ടാം പന്തില്‍ ദയാല്‍ ധോണിയെ മടക്കി.
പിന്നീടുള്ള നാല് പന്തും ദയാല്‍ ഗംഭീരമായി എറിഞ്ഞതോടെ ആവേശ ജയവും പ്ലേ ഓഫ് സീറ്റും ആര്‍സിബിക്ക് ലഭിച്ചു. ദഷ് ദയാലിനെ സംബന്ധിച്ച് ഇത് വലിയൊരു പക വീട്ടലാണ്. 2023ലെ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ വില്ലനായി മാറി വിമര്‍ശനം കേട്ട ബൗളറാണ് ദയാല്‍. അന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ അവസാന ഓവറില്‍ 29 റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ ദയാലിന് പിഴച്ചു. റിങ്കു സിങ് അഞ്ച് സിക്‌സുകള്‍ പറത്തി കെകെആറിനെ ജയിപ്പിച്ചു.
ഇതോടെ ദയാല്‍ എല്ലാവരുടേയും വിമര്‍ശനം ഏറ്റുവാങ്ങുകയും തല്ലുകൊള്ളി ബൗളര്‍ ഗണത്തിലേക്ക് തഴയപ്പെടുകയും ചെയ്തു. പക്ഷെ ഇതുകൊണ്ട് താരം തളര്‍ന്നില്ല. ആര്‍സിബിക്കൊപ്പം ശക്തമായ തിരിച്ചുവരവ് നടത്തിയ ദയാല്‍ സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബിയുടെ ഹീറോയായി. കാലം കാത്തുവെച്ച കാവ്യനീതിയാണ് ദയാലിനെന്ന് പറയാം. ഇപ്പോഴിതാ അന്ന് ദയാലിനെ വില്ലനാക്കി മാറ്റിയ റിങ്കു സിങ് ദയാലിന്റെ ഹീറോയിസത്തെ പ്രശംസിച്ചിരിക്കുകയാണ്.

'ദൈവത്തിന്റെ പദ്ധതിയാണ് കുട്ടി' എന്നാണ് ദയാലിനെ പ്രശംസിച്ച് റിങ്കു പോസ്റ്റ് ചെയ്തത്. ഇത് വലിയ വൈറലാവുകയും ചെയ്തു. അന്ന് വിമര്‍ശിച്ചവരെല്ലാം ഇപ്പോള്‍ ദയാലിന്റെ പ്രകടനത്തെ വാഴ്ത്തുകയാണ്. ആറ് തുടര്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതോടെ ആര്‍സിബി പുറത്താകുമെന്ന് വിലയിരുത്തിയവര്‍ ഏറെയാണ്. എന്നാല്‍ ആറ് തുടര്‍ ജയങ്ങളോടെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ആര്‍സിബിക്ക് സാധിച്ചിരിക്കുകയാണ്. ഇത്തവണ ആര്‍സിബി കപ്പിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.
തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസം ആര്‍സിബിക്കുണ്ട്. എലിമിനേറ്ററില്‍ മൂന്നാം സ്ഥാനക്കാരായെത്തുന്ന ടീമിനെ ആര്‍സിബി നേരിടും. സാധ്യത വിലയിരുത്തുമ്പോള്‍ രാജസ്ഥാനോ ഹൈദരാബാദോ ആവും എലിമിനേറ്ററിലെ ആര്‍സിബിയുടെ എതിരാളി. ഈ മത്സരം ജയിക്കുകയും രണ്ടാം ക്വാളിഫയറില്‍ ഒന്നാം ക്വാളിഫയറിനെ വിജയിയെ തോല്‍പ്പിക്കുകയും ചെയ്താല്‍ വലിയൊരു കാത്തിരിപ്പിന് വിരാമമിടാന്‍ ആര്‍സിബിക്ക് സാധിക്കും.
വിരാട് കോലിയുടെ ഉജ്ജ്വല ഫോമിലാണ് ആര്‍സിബിയുടെ കുതിപ്പ്. സീസണില്‍ 700ലധികം റണ്‍സ് നേടിയ കോലി സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്കും മറുപടി നല്‍കി. സീസണില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് നിലവില്‍ കോലിയുടെ പേരിലാണ്. ഫഫ് ഡുപ്ലെസിസ്, രജത് പാട്ടീധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെല്ലാം ബാറ്റുകൊണ്ട് മികവ് കാട്ടുന്നു. ബൗളിങ് നിരയുടെ പരിമിതിയെ മറികടക്കാന്‍ ബാറ്റിങ് നിരക്ക് സാധിക്കുന്നുണ്ട്.
ഇതുവരെ ഭാഗ്യം തുണക്കാത്ത ടീമാണ് ആര്‍സിബി. എന്നാല്‍ ഇത്തവണ ഭാഗ്യം ആര്‍സിബിക്കൊപ്പമുണ്ട്. അതുകൊണ്ടുതന്നെ രണ്ട് ജയമകലെ സ്വപ്‌ന കിരീടം ആര്‍സിബിയെ കാത്തിരിക്കുന്നു. എത്തിപ്പിടിക്കാന്‍ ടീമിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.