കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ നാളെ ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. എല്ലാ ടീമുകളും ഒന്നിനൊന്ന് ശക്തമായതിനാല്‍ ഇത്തവണ തീപാറും പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. ടീമുകളെല്ലാം അവസാന ഘട്ട പടയൊരുക്കത്തിലാണ്. നിലവില്‍ ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരങ്ങള്‍ കളിക്കുകയാണ് ടീമുകള്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കപ്പെടുന്ന ടീമാണ്. രണ്ട് തവണ ചാമ്പ്യന്മാരായ കെകെആറിന് 2014ന് ശേഷം ഒരു തവണ പോലും കിരീടത്തിലേക്കെത്താനായില്ല. ഇപ്പോള്‍ പഴയ നായകനായ ഗൗതം ഗംഭീര്‍ ഉപദേശകന്റെ റോളില്‍ കെകെആറിലേക്ക് തിരിച്ചെത്തുമ്പോള്‍ ടീം കിരീടം സ്വപ്‌നം കാണുന്നു. ഇത്തവണ കെകെആറിന്റെ വലിയ പ്രതീക്ഷയായ റിങ്കു സിങ് ഇന്‍ഡ്രാ സ്‌ക്വാഡ് മത്സരത്തില്‍ കസറിയിരിക്കുകയാണ്.
കെകെആറിന്റെ ഇത്തവണത്തെ തുറുപ്പുചീട്ട് ഓസീസ് സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ്. 24.75 കോടിക്ക് കെകെആര്‍ ടീമിലെത്തിച്ച സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ വെടിക്കെട്ട് പ്രകടനം നടത്തിയിരിക്കുകയാണ് റിങ്കു സിങ്. 16 റണ്‍സാണ് സ്റ്റാര്‍ക്കിന്റെ ഒരോവറില്‍ റിങ്കു നേടിയത്. യോര്‍ക്കറിന് ശ്രമിച്ച സ്റ്റാര്‍ക്കിന് പിഴച്ചപ്പോള്‍ രണ്ട് വമ്പന്‍ സിക്‌സുകള്‍ റിങ്കു പറത്തി. സ്റ്റാര്‍ക്കിന്റെ യോര്‍ക്കറുകളെപ്പോലും അനായാസമായി നേരിടാന്‍ റിങ്കുവിനായി.
25 പന്തില്‍ 39 റണ്‍സാണ് റിങ്കു നേടിയത്. ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി കെകെആറിനെ വിജയത്തിലേക്കെത്തിച്ച താരമാണ് റിങ്കു സിങ്. ഇത്തവണയും താരത്തിന്റെ ഫിനിഷിങ് മികവില്‍ കെകെആറിന് വലിയ പ്രതീക്ഷയുണ്ട്. പരിശീലന മത്സരത്തിലെ റിങ്കുവിന്റെ പ്രകടനം കെകെആറിന്റെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നതാണ്. എന്തായാലും സ്റ്റാര്‍ക്കിനെപ്പോലും തല്ലിപ്പറത്തുന്ന റിങ്കുവിന്റെ ബാറ്റിങ് മികവ് കെകെആറിനൊപ്പം ഇന്ത്യക്കും പ്രതീക്ഷ നല്‍കുന്നു.

റിങ്കുവിനൊപ്പം അന്‍കൃശ് രഘുവന്‍ശി 27 പന്തില്‍ 36 റണ്‍സുമായി തിളങ്ങി. റൂതര്‍ ഫോര്‍ഡ് വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 19 പന്തില്‍ 33 റണ്‍സോടെ അദ്ദേഹം കസറി. ഗൗതം ഗംഭീറടക്കം വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് റഹ്‌മാനുല്ല ഗുര്‍ബാസ്.
20 പന്തില്‍ 32 റണ്‍സുമായി ഗുര്‍ബാസ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മനീഷ് പാണ്ഡെ 20 പന്തില്‍ 31 റണ്‍സും നേടി. ബൗളിങ്ങില്‍ ഷക്കീബ് അല്‍ ഹസന്‍ 30 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയപ്പോള്‍ അനുകുല്‍ റോയിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലുണ്ട്. ഇവരെയെല്ലാം ഒത്തൊരുമയോടെ കളിപ്പിക്കാന്‍ ഗംഭീറിനായാല്‍ ടീം കിരീടത്തിലേക്കെത്തുമെന്നുറപ്പ്. ആന്‍ഡ്രേ റസലില്‍ നിന്ന് മികച്ച പ്രകടനം ഉണ്ടാകേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മിക്ക സീസണുകളിലും റസല്‍ പരിക്കിന്റെ പിടിയിലാണ്. ഇത് കെകെആറിനെ പിന്നോട്ടടിക്കുന്നു. ഈ സാഹചര്യത്തില്‍ റസലിന്റെ ഫിറ്റ്‌നസും ടീമിനെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്.
പരീക്ഷണങ്ങള്‍ നടത്താന്‍ മടികാട്ടാത്ത ആളാണ് ഗംഭീര്‍. ക്യാപ്റ്റനായിരുന്നപ്പോള്‍ സുനില്‍ നരെയ്‌നെ ഓപ്പണറാക്കി ഇറക്കിയടക്കം ഗംഭീര്‍ ഞെട്ടിച്ചിട്ടുണ്ട്. ഇത്തരം സര്‍പ്രൈസ് നീക്കങ്ങള്‍ ഇത്തവണയും പ്രതീക്ഷിക്കാം. കഴിഞ്ഞ സീസണുകളിലെല്ലാം കെകെആറിന്റെ ബൗളിങ് നിര അല്‍പ്പം ദുര്‍ബലമായിരുന്നു. എന്നാല്‍ സ്റ്റാര്‍ക്കിന്റെ വരവോടെ പവര്‍പ്ലേയിലും ഡെത്തോവറിലും ടീമിന് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും. ഇത്തവണ കപ്പിലേക്കെത്താനുള്ള കരുത്ത് ടീമിനുണ്ട്. ഭാഗ്യം തുണച്ചാല്‍ കെകെആര്‍ കിരീടത്തില്‍ മുത്തമിടാന്‍ സാധ്യതകളേറെ.