മുംബൈ ഇന്ത്യന്‍സിന്റെ ഒരു മോശം തീരുമാനം മുട്ടന്‍ പണി കിട്ടാന്‍ പോവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതു മുതല്‍ മുംബൈ ടീം രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്. സീനിയര്‍ താരങ്ങളും യുവതാരങ്ങളുമടക്കം വലിയൊരു വിഭാഗത്തിന്റെയും പിന്തുണ രോഹിത്തിനാണ്. ഇഷാന്‍ കിഷനടക്കം ചിലരും ടീം മാനേജ്‌മെന്റും ഹാര്‍ദിക്കിന്റെ കൂടെയുമാണ്.
ടീമിലെ ഈ പടലപ്പിണക്കങ്ങള്‍ തന്നെയാണ് മുംബൈയുടെ മോശം പ്രകടനത്തിനു കാരണം. സീസണില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും തോറ്റ മുംബൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുമാണ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഹാര്‍ദിക് തട്ടിയെടുത്തതു മുതല്‍ ആരാധകരോഷം ശക്തമാണ്. കഴിഞ്ഞ മൂന്നു കളിയിലും വലിയ പരിഹാസവും അധിക്ഷേപവുമാണ് കാണികളില്‍ നിന്നും ഹാര്‍ദിക്കിനു നേരിട്ടത്. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ രോഹിത് അതൃപ്തനാണെന്നും സീസണിനു ശേഷം ടീം വിടുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുംബൈ ഡ്രസിങ് റൂമിലെ ഈ തര്‍ക്കവും ഭിന്നിപ്പുമെല്ലാം കാരണം ടീം ഇന്ത്യയാണ് യഥാര്‍ഥത്തില്‍ പെട്ടിരിക്കുന്നത്. കാരണം ജൂണില്‍ ഐസിസിയുടെ ടി20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായി നടക്കാനിരിക്കുകയാണ്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക രോഹിത്താണെങ്കില്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക്കുമാണ്. ഇന്ത്യയെ ലോക കിരീടത്തിലേക്കു ഒരുമിച്ച് നയിക്കേണ്ട ഇരുവരും മുംബൈ ടീമിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്കു ശേഷം വലിയ ശത്രുതയിലാണ്.
അതുകൊണ്ടു തന്നെ ലോകകപ്പില്‍ എങ്ങനെയാണ് ഒറ്റക്കെട്ടായി രോഹിത്തിനും ഹാര്‍ദിക്കിനും ദേശീയ ടീമിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയെന്നതാണ് ആശങ്കയിലാക്കുന്ന ചോദ്യം. ഹാര്‍ദിക്കുമായി മുംബൈ ടീമില്‍ ഒത്തുപോവാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കിയ രോഹിത്തിനൊപ്പം ഇനി അദ്ദേഹം ദേശീയ ടീമില്‍ കളിക്കാന്‍ തയ്യാറാവുമോയെന്നതും കാത്തിരുന്നു കാണണം.
മുംബൈ ടീമിനകത്ത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം രോഹിത്തിനെ പിന്തുണയ്ക്കുന്നവരാണ്. ഇക്കാര്യം ഇപ്പോള്‍ ഹാര്‍ദിക്കിനും മനസ്സിലായിട്ടുണ്ടാവും. അതുകൊണ്ടു തന്നെ നേരത്തേ ഉണ്ടായിരുന്നതു പോലെയൊരു സൗഹദം ഇനി ദേശീയ ടീമില്‍ കളിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ ഉണ്ടാവാനും സാധ്യതയില്ല. ഇതു ലോകകപ്പിലും ഇന്ത്യന്‍ ടീമില്‍ ഗ്രൂപ്പിസത്തിനു വഴിയൊരുക്കുകയും അതു തകര്‍ച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്യും.

നേരത്തേ വിരാട് കോലി ക്യാപ്റ്റനായിരിക്കെയാണ് ഈ തരത്തില്‍ ഇന്ത്യന്‍ ടീമിനകത്ത് ഗ്രൂപ്പിസമുണ്ടായിരുന്നത്. അന്നു കോലിയും രോഹിത്തും രണ്ടു തട്ടിലായിരുന്നു. ഈഗോ പ്രശ്‌നമായിരുന്നു ഇവര്‍ക്കിടയിലെ അഭിപ്രായപ്രശ്‌നങ്ങള്‍ക്കും ശത്രുതയ്ക്കും കാരണം. 2022ലെ ടി20 ലോകകപ്പിനു മുമ്പാണ് ഈ പ്രശ്‌നങ്ങളെല്ലാം ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ ഇടപെടലിലൂടെ പരിഹരിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അതിനു ശേഷം കളിക്കളത്തിനകത്തും പുറത്തും വലിയ സൗഹൃദത്തിലാണ് രോഹിത്തും കോലിയും കാണപ്പെടുന്നത്. കഴിഞ്ഞ ഏഷ്യാ കപ്പ് വിജയത്തിലും ഏകദിന ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതിലുമെല്ലാം ഇവര്‍ക്കിയയിലെ ഈ ഐക്യവും പരസ്പര സഹായവുമെല്ലാം ഏറെ സഹായിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വീണ്ടുമൊരു ടി20 ലോകകപ്പ് പടിവാതില്‍ക്കെ നില്‍ക്കെ ടീം ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായിരിക്കുകയാണ്. നേരത്തേ കോലി-രോഹിത് വെടിനിര്‍ത്തല്‍ രമ്യമായി പരിഹരിച്ച ജയ് ഷായ്ക്കു ഇതും തീര്‍ക്കാന്‍ സാധിക്കുമോയെന്ന് കാത്തിരുന്നു കാണണം. എത്രയും പെട്ടെന്നു അദ്ദേഹം ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് അനിവാര്യവുമാണ്. അതിനു സാധിച്ചില്ലെങ്കില്‍ ലോകകപ്പില്‍ ഒരു പക്ഷെ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ ഇന്ത്യന്‍ ടീം നാണംകെട്ട് പുറത്തായാലും അദ്ഭുതപ്പെടാനില്ല.