For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അവസാന ബോള്‍ ത്രില്ലറില്‍ ആര്‍സിബി വീണു! കെകെആര്‍ രക്ഷപ്പെട്ടു, ഒരു റണ്‍സ് ജയം

കൊല്‍ക്കത്ത: അവസാന ബോളിലേക്കു നീണ്ട ഐപിഎല്‍ ത്രില്ലറില്‍ പൊരുതിവീണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. എവേ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ഒരു റണ്‍സിനാണ് ആര്‍സിബി കീഴടങ്ങിയത്. ജയിക്കാമായിരുന്ന മല്‍സരമാണ് ചില മോശം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് കൈവിട്ട് ആര്‍സിബി കൈവിട്ടത്. സീസണില്‍ അവരുടെ തുടര്‍ച്ചയായ ആറാം തോല്‍വി കൂടിയാണിത്. ഇതോടെ ആര്‍സിബിയുടെ പ്ലേഓഫ് സാധ്യതകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. 223 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് കെകെആര്‍ മുന്നില്‍ വച്ചത് . ആര്‍സിബി ഇതേ നാണയത്തില്‍ തിരിച്ചടിച്ചതെങ്കിലും 221 റണ്‍സിനു പുറത്താവുകയായിരുന്നു.

മിച്ചെല്‍ സ്റ്റാര്‍ക്കെറിഞ്ഞ അവസാന രണ്ടു ബോളില്‍ ആര്‍സിബിക്കു ജയിക്കാന്‍ മൂന്നു റണ്‍സ് മാത്രം മതിയായിരുന്നു. എന്നാല്‍ അഞ്ചാമത്തെ ബോളില്‍ കരണ്‍ ശര്‍മ (ഏഴു ബോളില്‍ 20) പുറത്തായത് കളിയിലെ ടേണിങ് പോയിന്റായി മാറി. അവസാന ബോളില്‍ ജയിക്കാന്‍ മൂന്നു റണ്‍സ് വേണമെന്നിരിക്കെ ഒരു റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. ഡബിളിനു ശ്രമിക്കവെ ലോക്കി ഫെര്‍ഗൂസന്‍ റണ്ണൗട്ടായതോടെ ആര്‍സിബിയുടെ ഇന്നിങ്‌സും അവസാനിച്ചു.

KKR

വില്‍ ജാക്ക്‌സ്, രജത് പാട്ടിധാര്‍ എന്നിവരുടെ അഗ്രസീവ് ഫിഫ്റ്റികളാണ് ആര്‍സിബിയെ ജയത്തിനു തൊട്ടരികെയെത്തിച്ചത്. 32 ബോളില്‍ അഞ്ചു സിക്‌സറും നാലു ഫോറുമടക്കം ജാക്ക്‌സ് 55 റണ്‍സ് അടിച്ചെടുത്തു. പാട്ടിധാര്‍ 23 ബോളില്‍ വാരിക്കൂട്ടിയത് 52 റണ്‍സമാണ്. അഞ്ചു ഫോറും മൂന്നു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. റണ്‍ചേസില്‍ ആര്‍സിബിയുടെ തുടക്കം പാളി. വിവാദപരമായ തീരുമാനത്തിലൂടെ വിരാട് കോലി (18), പിന്നാലെ നായകന്‍ ഡുപ്ലെസി (7) എന്നിവര്‍ മടങ്ങുമ്പോള്‍ ആര്‍സിബിയുടെ സ്‌കോര്‍ ബോര്‍ഡില്‍ 35 റണ്‍സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ജാക്‌സ്- പാട്ടിധാര്‍ ജോടി 102 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. അതിവേഗം റണ്‍സ് വാരിക്കൂട്ടിയ ഇരുവരും കെകെആറിനെ പ്രതിരോധത്തിലാക്കുകായിരുന്നു. ഈ ജോടി ആര്‍സിബിയെ എളുപ്പത്തില്‍ ജയത്തിലേക്കു നയിച്ചുകൊണ്ടിരിക്കെയായിരുന്നു ആന്ദ്രെ റസ്സലിന്റെ ഇരട്ടപ്രഹരം. റസ്സസലെറിഞ്ഞ 12ാം ഓവറില്‍ ജാക്‌സും പാട്ടിധാറും പുറത്തായതോടെ ആര്‍സിബി ഞെട്ടി.

സമാനമായ ഷോക്ക് 13ാം ഓവറിലും ആര്‍സിബിക്കു നേരിട്ടു, സുനില്‍ നരെയ്‌ന്റെ ഓവറില്‍ കാമറൂണ്‍ ഗ്രീന്‍ (6), മഹിപാല്‍ ലൊംറോര്‍ (4) എന്നിവര്‍ പുറത്തായതോടെ ആര്‍സിബി ആറു വിക്കറ്റിനു 155ലേക്കു വീഴുകയും ചെയ്തു. ദിനേശ് കാര്‍ത്തിക് (25) ഒരിക്കല്‍ക്കൂടി പൊരുതിയെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. സുനില്‍ നരെയ്ന്‍ റണ്‍സ് കണ്ടെത്താനാവാതെ പ്രയാസപ്പെട്ടപ്പോള്‍ ഫില്‍ സാള്‍ട്ട് കടന്നാക്രമിച്ചു. 14 പന്തില്‍ 7 ഫോറും 3 സിക്സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത ഫില്‍ സാള്‍ട്ടിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്. രജത് പാട്ടീധാറിന്റെ ക്യാച്ചിലായിരുന്നു സാള്‍ട്ടിന്റെ മടക്കം. പവര്‍പ്ലേയില്‍ കത്തിക്കയറുന്ന നരെയ്നെ ഓഫ് സൈഡ് യോര്‍ക്കറുകളിലൂടെയാണ് ആര്‍സിബി ബൗളര്‍മാര്‍ പൂട്ടിയത്.

15 പന്തില്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 10 റണ്‍സെടുത്ത നരെയ്നെ യഷ് ദയാല്‍ പുറത്താക്കി. യഷ് ദയാലിന്റെ യോര്‍ക്കറില്‍ കാല്‍ വിരലിന് പരിക്കേറ്റതോടെ താളത്തോടെ ബാറ്റ് ചെയ്യാന്‍ നരെയ്ന് സാധിക്കാതെ പോയി. മൂന്നാം നമ്പറില്‍ മികവ് കാട്ടിയിരുന്ന അന്‍കൃഷ് രഘുവന്‍ഷിക്ക് തിളങ്ങാനായില്ല. 4 പന്തില്‍ 3 റണ്‍സെടുത്ത രഘുവന്‍ഷിയെ യഷ് ദയാലാണ് പുറത്താക്കിയത്. മിക്ക മത്സരങ്ങളിലും ടോപ് ഓഡറിന്റെ ബാറ്റിങ് മികവിലാണ് കെകെആര്‍ കസറിയിരുന്നത്.

KOHLI

എന്നാല്‍ ഇത്തവണ ടോപ് ഓഡറിന് പ്രതീക്ഷിച്ചപോലെ റണ്‍സുയര്‍ത്താനാവാതെ പോയി. നാലാം നമ്പറിലിറങ്ങിയ വെങ്കടേഷ് അയ്യര്‍ മൂന്ന് ബൗണ്ടറിയടക്കം നേടി പ്രതീക്ഷ നല്‍കി. എന്നാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ താരത്തിനായില്ല. 8 പന്തില്‍ 16 റണ്‍സാണ് വെങ്കടേഷ് നേടിയത്. പ്ലേയിങ് 11ലേക്ക് തിരിച്ചെത്തിയ കാമറൂണ്‍ ഗ്രീനാണ് വെങ്കടേഷിനെ പുറത്താക്കിയത്. വമ്പനടിക്കാരനായ ഫിനിഷര്‍ റിങ്കു സിങ്ങിനും കാര്യമായ പ്രകടനം നടത്താനായില്ല.

16 പന്തില്‍ 2 ഫോറും 1 സിക്സുമടക്കം 24 റണ്‍സ് റിങ്കു നേടി. ലോക്കി ഫെര്‍ഗൂസന്റെ പന്തിലാണ് റിങ്കുവിന്റെ മടക്കം. ഒരു വശത്ത് ശ്രേയസ് അയ്യര്‍ റണ്‍സുയര്‍ത്തി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും അര്‍ധ സെഞ്ച്വറിയോടെ അടിത്തറ പാകാന്‍ ശ്രേയസിനായി. 36 പന്തില്‍ 7 ഫോറും 1 സിക്സുമടക്കം 50 റണ്‍സ് നേടിയ ശ്രേയസിനെ ഗ്രീനാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ രമന്‍ദീപ് സിങ് കെകെആറിനായി റണ്‍സുയര്‍ത്തി.

9 പന്തില്‍ 2 വീതം സിക്സും ഫോറുമായി താരം പുറത്താവാതെ നിന്നു. ആന്‍ഡ്രേ റസല്‍ 20 പന്തില്‍ 4 ഫോറുള്‍പ്പെടെ 27 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ 6 വിക്കറ്റിന് 222 എന്ന സ്‌കോറിലേക്കെത്താന്‍ കെകെആറിനായി. ആര്‍സിബിക്കായി യഷ് ദയാല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് പങ്കിട്ടപ്പോള്‍ മുഹമ്മദ് സിറാജും ലോക്കി ഫെര്‍ഗൂസനും ഓരോ വിക്കറ്റും വീഴ്ത്തി

പ്ലേയിങ് 11

ആര്‍സിബി- ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, വില്‍ ജാക്സ്, രജത് പാട്ടീധാര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ, ലോക്കി ഫെര്‍ഗൂസന്‍, യഷ് ദയാല്‍, മുഹമ്മദ് സിറാജ് .

കെകെആര്‍- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സുനില്‍ നരെയ്ന്‍, അന്‍കൃഷ് രഘുവന്‍ഷി, റിങ്കു സിങ്, ആന്‍ഡ്രേ റസല്‍, രമന്‍ദീപ് സിങ്, മിച്ചല്‍ സ്റ്റാര്‍ക്ക്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ

Story first published: Sunday, April 21, 2024, 13:30 [IST]
Other articles published on Apr 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+