ചെന്നൈ: വമ്പന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മൂക്കുകയറിട്ടിരിക്കുകയാണ് നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആര്‍ റണ്ണെടുക്കാന്‍ പാടുപെടുന്നതാണ് കാണുന്നത്. കൂറ്റന്‍ സ്‌കോറിലൂടെ സിഎസ്‌കെയെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ കെകെആറിനു മൂക്കുകയറിടാന്‍ സിഎസ്‌കെയെ സഹായിച്ചത് സ്റ്റാര്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്.
ഒരൊറ്റ ഓവര്‍ കൊണ്ടാണ് ജഡ്ഡു മല്‍സരഗതി അടിമുടി മാറ്റുകയും കെകെറിനെ ബാക്ക്ഫൂട്ടിലാക്കുകയും ചെയ്തത്. ആറോവറുകള്‍ കഴിയുമ്പോള്‍ കെകെആര്‍ രണ്ടു വിക്കറ്റിനു 56 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. ഇന്നിങ്‌സിലെ ആദ്യത്തെ ബോളില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്ടമായ ശേഷം സുനില്‍ നരെയ്ന്‍- അന്‍ഗ്രിഷ് രഘുവംശി എന്നിവര്‍ അഗ്രസീവ് ബാറ്റിങിലൂടെ കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. രണ്ടാം വിക്കറ്റില്‍ 36 ബോളില്‍ 56 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്.

പവര്‍പ്ലേ കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഏഴാം ഓവറില്‍ ജഡേജയെ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദ് പരീക്ഷിച്ചത്. 18 ബോളില്‍ 26 റണ്‍സോടെ നരെയ്‌നും 17 ബോളില്‍ 24 റണ്‍സുമായി രഘുവംശിയുമായിരുന്നു അപ്പോള്‍ ക്രീസില്‍. ജഡ്ഡുവിനെ കൊണ്ടുവന്ന റുതുരാജിന്റെ നീക്കമാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയത്.
ഓവറിലെ ആദ്യ ബോളില്‍ തന്നെ അപകടകാരിയായ രഘുവംശിയെ ജഡേജ മടക്കി. റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച അദ്ദേഹത്തിനു ടൈമിങ് പാളി. ബോള്‍ നേരെ രഘുവംശിയുടെ പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാലെ ജഡ്ഡുവിന്റെ ആത്മവിശ്വാസത്തോടെയുള്ള അപ്പീലിനു പിന്നാലെ അംപയര്‍ ഔട്ട് വിധിക്കുകയുമായിരുന്നു. തുടര്‍ന്നും കൃത്യമായ ലൈനിലും ലെങ്ത്തിലും ബൗള്‍ ചെയ്ത ജഡ്ഡു കെകെആര്‍ ബാറ്റിങ് നിരയെ സമ്മര്‍ദ്ദത്തിലാക്കി.
അടുത്ത നാലു ബോളില്‍ ഒരു വൈഡുള്‍പ്പെടെ നാലു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. അഞ്ചാമത്തെ ബോളില്‍ ജഡ്ഡു കെകെആറിനെ ശരിക്കും വിറപ്പിച്ചു. സീസണില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്ന നരെയ്‌നെ അഞ്ചാമത്തെ ബോളില്‍ അദ്ദേഹം മടക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് പുറത്താണ് നരെയ്‌ന് ജഡ്ഡു കെണിയൊരുക്കിയത്. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന നരെയ്‌ന് പാടെ പിഴയ്ക്കുകയും ചെയ്തു.

ലോങ് ഓഫ് ഏരിയയില്‍ നേരെ മഹീഷ് തീക്ഷണയുടെ കൈകളിലേക്കാണ് ഷോട്ട് വന്നത്. അദ്ദേഹം അതു അനായാസം കൈയ്ക്കുള്ളിലാക്കിയതോടെ കെകെആര്‍ മുന്നിന് 60 റണ്‍സിലേക്കു വീഴുകയും ചെയ്തു. അഞ്ചു റണ്‍സ് മാത്രം വിട്ടുകൊടുത്ത ജഡേജ ഈ ഓവറില്‍ പിഴുതത് രണ്ടു വിക്കറ്റുകളാണ്. മഹീഷ് തീക്ഷണയുടെ അടുത്ത ഓവറില്‍ രണ്ടു റണ്‍സ് മാത്രം.
ഒമ്പതാം ഓവറില്‍ ജഡേജ വീണ്ടുമെത്തി. രണ്ടാമത്തെ ഓവറില്‍ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള വെങ്കടേഷ് അയ്യരെയും (3) മടക്കി ജഡേജ കെകെആറിനെ ശരിക്കും ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. പുള്‍ ഷോട്ടിനു ശ്രമിച്ച വെങ്കടേഷിനെ മിഡ് വിക്കറ്റില്‍ ഡാരില്‍ മിച്ചെലാണ് പുറത്താക്കിയത്. ഈ ഓവറില്‍ ജഡ്ഡു വഴങ്ങിയത് മൂന്നു റണ്‍സ് മാത്രം.
ഇതോടെ കെകെആര്‍ ഒന്നിന് 56 റണ്‍സില്‍ നിന്നും നാലു വിക്കറ്റിനു 66 റണ്‍സിലേക്കും തകരുകയായിരുന്നു. കളിയില്‍ പിന്നീടൊരിക്കലും കെകെആറിനെ തിരിച്ചുവരാന്‍ സിഎസ്‌കെ ബൗളിങ് നിര അനുവദിച്ചില്ല. ഉജ്ജ്വല ബൗളിങിലൂടെ കെകെആറിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ സിഎസ്‌കെ വരിഞ്ഞു കെട്ടുകയായിരുന്നു.