ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ വമ്പന്‍ റെക്കോര്‍ഡിടാന്‍ തയ്യാറെടുക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. വെള്ളിയാഴ്ച രാത്രി 7.30നു ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഇതിഹാസ നായകന്‍ എംഎസ് ധോണിയും സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍. കണക്കുകളില്‍ മുന്‍തൂക്കം നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെയ്ക്കാണെങ്കിലും ആര്‍സിബി ഇതു തിരുത്താനുറച്ചായിരിക്കും എത്തുക.
ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആര്‍സിബിക്കെതിരേ ഏറ്റവുമധികം വിക്കറ്റുകളെടുത്തിട്ടുള്ള ബൗളറെന്ന അപൂര്‍വ്വ നേട്ടമാണ് ജഡ്ഡുവിനെ കാത്തിരിക്കുന്നത്. മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. ഇതു തിരുത്താന്‍ ഉദ്ഘാടന മല്‍സരത്തില്‍ ജഡ്ഡുവിനു സാധിച്ചേക്കും. ഇതിനായി ഈ കളിയില്‍ അദ്ദേഹത്തിനു വേണ്ടത് രണ്ടു വിക്കറ്റുകള്‍ മാത്രമാണ്.

നിലവില്‍ ആര്‍സിബിക്കെതിരേ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റില്‍ രണ്ടാസ്ഥാനത്താണ് ജഡേജയുള്ളത്. അദ്ദേഹത്തോടൊപ്പം ഒരാള്‍ കൂടി രണ്ടാംസ്ഥാനം പങ്കിടുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മയാണിത്. 26 വിക്കറ്റുകള്‍ വീതമാണ് ആര്‍ബിസിക്കെതിരേ ജഡേജയും സന്ദീപും വീഴ്ത്തിയത്. 27 വിക്കറ്റുകളുമായാണ് ഹര്‍ജന്‍ തലപ്പത്തുള്ളത്. അതുകൊണ്ടു തന്നെ സന്ദീപിനേക്കാള്‍ മുമ്പ് തന്നെ ഭാജിയെ ജഡ്ഡു ഓവര്‍ടേക്ക് ചെയ്യുമോയെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.
ജഡേജ മാത്രമല്ല ആര്‍സിബിയുടെ റണ്‍മെഷീനും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയും ഒരു വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ്. ഫിഫ്റ്റിയുടെ കാര്യത്തിലാണ് ഓവറോള്‍ റെക്കോര്‍ഡ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നിലവില്‍ ഒമ്പതു ഫിഫ്റ്റികളാണ് സിഎസ്‌കെയ്‌ക്കെതിരേ കോലിയുടെ പേരിലുള്ളത്.
ഉദ്ഘാടന മല്‍സരത്തില്‍ ഫിഫ്റ്റി കുറിക്കാനായാല്‍ ധോണിപ്പടയ്‌ക്കെതിരേ 10 ഫിഫ്റ്റികളുള്ള ആദ്യത്തെ താരമേന്ന അപൂര്‍വ്വ നേട്ടം അദ്ദേഹത്തെ തേടിയെത്തും. കോലിയെക്കൂടാതെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവും സിഎസ്‌കെയ്‌ക്കെതിരേ ഒമ്പത് വീതം ഫിഫ്റ്റികള്‍ നേടിയിട്ടുണ്ട്.

അതേസമയം, ഐപിഎല്ലിന്റെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഉദ്ഘാടന മല്‍സരത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ ആര്‍സിബിക്കു വലിയ പ്രതീക്ഷയ്ക്കു വകയില്ലെന്നു പറയേണ്ടി വരും. കാരണം ഇതുവരെ 31 മല്‍സരങ്ങളില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 20ലും വിജയം സിഎസ്‌കെയ്ക്കായിരുന്നു. വെറും 10 കളിയിലാണ് ആര്‍സിബിക്കു ജയിക്കാനായത്.
ഒരു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മോശം ബൗളിങ് നിര ആര്‍സിബിയുടെ സ്ഥിരം വീക്ക്‌നെസാണ്. ഈ സീസണിലും അതില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ മാറ്റിനിര്‍ത്തിയാല്‍ മികച്ചൊരു ബൗളര്‍ ടീമില്‍ ഇല്ലെന്നത് ആര്‍സിബിയുടെ പ്രധാന പോരായ്മയാണ്.
സിഎസ്‌കെ ഫുള്‍ സ്‌ക്വാഡ്
എംഎസ് ധോണി (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, മതീശ പതിരാന, മോയിന്‍ അലി, ദീപക് ചാഹര്‍, ഷെയ്ഖ് റഷീദ്, മിച്ചെല്‍ സാന്റ്‌നര്‍, സിമര്‍ജീത് സിംഗ്, നിഷാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, രചിന്‍ രവീന്ദ്ര, ഷര്‍ദുല്‍ ടാക്കൂര്‍, ഡാരില്‍ മിച്ചെല്‍, സമീര്‍ റിസ്വി, മുസ്തഫിസുര്‍ റഹ്മാന്‍, അവനീഷ് റാവു ആരവെല്ലി, തുഷാര്‍ ദേശ്പാണ്ഡെ.
ആര്‍സിബി ഫുള്‍ സ്‌ക്വാഡ്
ഫഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, വിരാട് കോലി, കാമറൂണ്‍ ഗ്രീന്‍, രജത് പാട്ടിദാര്‍, അനൂജ് റാവത്ത്, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായ്, വില്‍ ജാക്ക്സ്, മഹിപാല്‍ ലോംറോര്‍, കരണ്‍ ശര്‍മ, മനോജ് ഭണ്ഡാഗെ, മായങ്ക് ഡാഗര്‍, വിജയ്കുമാര്‍ വൈശാക്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ് ടോപ്ലെ, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, അല്‍സാരി ജോസഫ്, യഷ് ദയാല്‍, ടോം കറെന്‍, ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്‌നില്‍ സിംഗ്, സൗരവ് ചൗഹാന്‍.