ലോകത്തിലെ ഏറ്റവും വലിയ ടി20 ലീഗെന്നു വിശേഷിപ്പിക്കപ്പെടുന്ന ടൂര്‍ണമെന്റാണ് ഐപിഎല്‍. ഐസിസി ടൂര്‍ണമെന്റുകളെപ്പോലും വെല്ലുന്ന തരത്തിലേക്കു ഐപിഎല്‍ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിനു പ്രതിഭാശാലികളായ നിരവധി താരങ്ങളെ സമ്മാനിക്കാന്‍ ഐപിഎല്ലിനായിട്ടുണ്ട്. ജസ്പ്രീത് ബുറ മുതല്‍ യുസ്വേന്ദ്ര ചഹല്‍ വരെ ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞ 16 വര്‍ഷത്തെ ചരിത്രമെടുത്താല്‍ നിരവധി ലോകോത്തര ഓള്‍റൗണ്ടര്‍മാരെ നമുക്കു ഐപിഎല്ലില്‍ എടുത്തു കാണിക്കാന്‍ സാധിക്കും. ഇവരില്‍ നിന്നും ഏറ്റവും മികച്ചവരെ കണ്ടെത്തുകയെന്നതു കടുപ്പം തന്നെയാണ്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് വിദഗ്ധരുടെ പാനല്‍ ഐപിഎല്ലിലെ എക്കാലത്തെും ബെസ്റ്റ് ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ വസീം അക്രം. ഓസ്ട്രലേിയയുടെ മുന്‍ ഇടിവെട്ട് ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, ഓസ്‌ട്രേലിയയുടെ തന്നെ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ഓള്‍ടൈം ബെസ്റ്റിനെ തിരഞ്ഞെടുത്തിട്ടുള്ളത്.

മുംബൈ ഇന്ത്യസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഷെയ്ന്‍ വാട്‌സന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ താരം കരെണ്‍ പൊള്ളാര്‍ഡ് എന്നിവരായിരുന്നു പ്രധാനമായും മല്‍സരരംഗത്തുണ്ടായിരുന്നത്. പക്ഷെ ഇവര്‍ നാലു പേരെയുമല്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴേ്‌സിന്റെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനെയാണ് കേമനായി അക്രം ചൂണ്ടിക്കാണിച്ചത്.
ആന്ദ്രെ റസ്സലിന്റെ ടി20 റെക്കോര്‍ഡിനെക്കുറിച്ച് പരാമര്‍ശിച്ച അക്രം താരത്തിന്റെ ബാറ്റിങ്, ബൗളിങ് മികവിനെയും പ്രശംസിച്ചു. ബാറ്റിങില്‍ വളരെ ശക്തമായി ആഞ്ഞടിക്കാറുള്ള റസ്സല്‍ നല്ല വേഗതയില്‍ ബൗള്‍ ചെയ്യാറുമുണ്ട്. കൂടാതെ മികച്ച ഫീല്‍ഡറുമാണ്. ബോളിനെ ദീര്‍ഘദൂരത്തേക്കു അടിച്ചുപറത്താന്‍ കൊല്‍പ്പുള്ള ഒരാളെയാണ് ഏഴാം നമ്പറില്‍ ടീമിനു ആവശ്യമെന്നും റസ്സലിനെ പുകഴ്ത്തിക്കൊണ്ട് അക്രം ചൂണ്ടിക്കാട്ടി.
വസീം അക്രമിന്റെ ഈ അഭിപ്രായത്തെ അനുകൂലിച്ച ഡെയ്ല്‍ സ്റ്റെയ്ന്‍ റസ്സലിനോടൊപ്പം രവീന്ദ്ര ജഡേജയെയും കേമനായി തിരഞ്ഞെടുക്കുകയായിരുന്നു. ജഡേജയുടെ ഓള്‍റൗണ്ട് മികവിനെ വാനോളം പുകഴ്ത്തിയ സ്റ്റെയ്ന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തിനു ബാറ്റിങില്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവുണ്ടെന്നും അഭിപ്രായപ്പെട്ടു.
കൂടാതെ ജഡ്ഡുവിന്റെ ഫീല്‍ഡിങ് മിടുക്കിനെയും സ്റ്റെയ്ന്‍ പ്രശംസിച്ചു. മാത്രമല്ല മികച്ചൊരു ഇടംകൈയന്‍ സ്പിന്നര്‍ കൂടിയാണ് ജഡേജയെന്നും വിലയിരുത്തി. ആന്ദ്രെ റസ്സല്‍ മികച്ച പവര്‍ ഹിറ്ററും തകര്‍പ്പന്‍ ഫില്‍ഡറുമാണെന്നും സ്റ്റെയ്ന്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ടോം മൂഡിയുടെ ഫേവറിറ്റ് മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. ബൗണ്ടറി ഹിറ്ററായ ഹാര്‍ദിക്കിനു ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നും മൂഡി വിലയിരുത്തി. മോശമല്ലാത്ത വേഗതയിയില്‍ ടീമിനു ബൗളിങില്‍ വിലപ്പെട്ട ഓവറുകള്‍ നല്‍കാനുള്ള മിടുക്കും ഹാര്‍ദിക്കിന്നുണ്ടെന്നും മൂഡി ചൂണ്ടിക്കാട്ടി.
അദ്ദേഹത്തിന്റെ അഭിപ്രായത്തോടു മാത്യു ഹെയ്ഡനും യോജിക്കുകയായിരുന്നു. ഐപിഎല്ലിന്റെ ഓള്‍ടൈം 16 അംഗ ടീമിലേക്കു ഹാര്‍ദിക്കിനോടൊപ്പം രവീന്ദ്ര ജഡേജയെയും അദ്ദേഹം തിരഞ്ഞെടുക്കുകയും ചെയ്തു. രണ്ടു പേരും മഹാന്‍മാരായ ഫീര്‍ഡര്‍മാരാണെന്നും മല്‍സരത്തിലുടനീളം മികച്ച ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ സാധിക്കുമെന്നും ഹെയ്ഡന്‍ നിരീക്ഷിച്ചു.
ഐപിഎല്ലിന്റെ 17ാം സീസണിനു മാര്‍ച്ച് 22നാണ് തുടക്കമാവുകയെന്നാണ് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ അറിയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുറത്തുവരുന്ന സൂചനകള്‍ പ്രകാകം ആദ്യ പോരില്‍ സിഎസ്‌കയെും ഗുജറാത്ത് ടൈറ്റന്‍സുമായിരിക്കും ഏറ്റുമുട്ടുകയെന്നാണ് വിവരം.