ചെന്നൈ: തുടര്‍ച്ചയായ നാലാം ജയത്തോടെ ഐപിഎല്ലില്‍ അപരാജിത കുതിപ്പ് തുടരാനുറച്ച് ഇറങ്ങിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തരിപ്പണമായി നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ബൗളിങ് മികവിലാണ് കെകെആറിനെ സിഎസ്കെ സ്തബ്ധരാക്കിയത്. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് റുതുരാജ് ഗെയ്ക്വാദും സംഘവും ആഘോഷിച്ചത്. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം സിഎസ്‌കെ വിജയവഴിയിലേക്കു മടങ്ങിയെത്തുകയു ചെയ്തു.
ഒരേ ഓവറില്‍ കെകെആറിന്റെ അപകടകാരികളായ രണ്ടു പേരെ പുറത്താക്കിയ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജാണ് കളി മാറ്റിമറിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കെകെആറിനെ ഒമ്പതു വിക്കറ്റിനു 137 റണ്‍സില്‍ ഒതുക്കിയപ്പോള്‍ തന്നെ സിഎസ്‌കെ വിജയമുറപ്പിച്ചിരുന്നു. നായകന്റെ ഇന്നിങ്‌സുമായി റുതുരാജ് (67*) മുന്നില്‍ നിന്നും പട നയിച്ചപ്പോള്‍ സിഎസ്‌കെ 17.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തുകയും ചെയ്തു.

58 ബോളുകള്‍ നേരിട്ട റുതുവിന്റെ ഇന്നിങ്‌സില്‍ ഒമ്പതു ഫോറുകളുണ്ടായിരുന്നു. ശിവം ദുബെ (28), ഡാരില്‍ മിച്ചെല്‍ (25) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. റുതുരാജിനൊപ്പം ഒരു റണ്‍സുമായി എംഎസ് ധോണി പുറത്താവാതെ ക്രീസില്‍ നിന്നു.
നേരത്തേ കെകെആറിന്റെ ശക്തമായ ബാറ്റിങ് നിരയെ ആദ്യ ഓവറിലെ ആദ്യത്തെ ബോള്‍ മുതല്‍ തന്നെ വിക്കറ്റെടുത്ത് സിഎസ്‌കെ മൂക്കുകയറിട്ടു. 34 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യര്‍ക്കു മാത്രമേ 30ന് മുകളില്‍ സ്‌കോര്‍ ചെയ്യാനായുള്ളൂ. 32 ബോളുകള്‍ നേരിട്ട താരം മൂന്നു ഫോറുകളടിച്ചു. സുനില്‍ നരെയ്ന്‍ (27), അന്‍ക്രിഷ് രഘുവംശി (24), രമണ്‍ദീപ് സിങ് (13), ആന്ദ്രെ റസ്സല്‍ (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറുള്ളവര്‍.

ഫില്‍ സാള്‍ട്ടിനെ (0) ഗോള്‍ഡന്‍ ഡെക്കായി മടക്കിയ ശേഷം രണ്ടാം വിക്കറ്റില്‍ നരെയ്ന്‍- രഘുവംശി ജോടി 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു ജഡ്ഡുവിന്റെ മാജിക്കല്‍ പ്രകടനം. ഏഴാം ഓവറിലെ ആദ്യ ബോളില്‍ രഘുവംശിയെയും അഞ്ചാമത്തെ ബോള്‍ നരെയ്‌നെയും അദ്ദേഹം മടക്കി. തന്റെ അടുത്ത ഓവറില്‍ വെങ്കടേഷ് അയ്യരെയും (3) ജഡ്ഡു പുറത്താക്കി. ഇതോടെ കെകെആര്‍ നാലിനു 64ലേക്കു തകര്‍ന്നു.
പിന്നീട് കെകെറിനു കൃത്യമായ ഇടവേളയില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. കെകെആറിന്റെ ഒരു കൂട്ടുകെട്ടിനെയും അധികനേരം ക്രീസില്‍ തുടരാന്‍ സിഎസ്‌കെയുടെ ബൗളിങ് നിര അനുവദിച്ചില്ല. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത ജഡേജയും തുഷാര്‍ ദേശ്പാണ്ഡെയുമാണ് കെകെആര്‍ ബാറ്റിങ് ലൈനപ്പില്‍ ഏറ്റവുവുമധികം നാശംവിതച്ചത്. രണ്ടു വിക്കറ്റുകളുമായി മുസ്തഫിസുര്‍ റഹ്‌മാന്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തു.
പ്ലെയിങ് ഇലവന്‍
ചെന്നൈ സൂപ്പര്‍ കിങ്‌സ്- രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, ശിവം ദുബെ, ഡാരില്‍ മിച്ചെല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- സുനില്‍ നരെയ്ന്‍, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), അന്‍ക്രിഷ് രഘുവംശി, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.