വിശാഖപട്ടണം: ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും തഴയപ്പെട്ട ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെടിക്കെട്ട് ബാറ്റര്‍ പൃഥ്വി ഷാ മിന്നുന്ന പ്രകടനവുമായി മടങ്ങിവരവ് ഉജ്ജ്വലമാക്കിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള കളിയില്‍ ഓപ്പണറായി ഇംപാക്ടുള്ള ഇന്നിങ്‌സ് കളിച്ചാണ് താരം ക്രീസ് വിട്ടത്. 27 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടക്കം 43 റണ്‍സ് പൃഥ്വി അടിച്ചെടുത്തു. പക്ഷെ അര്‍ഹിച്ച ഫിഫ്റ്റി തികയ്ക്കാന്‍ താരത്തിനായില്ല. എംഎസ് ധോണിയുടെ ഒരു വണ്ടര്‍ ക്യാച്ചില്‍ പൃഥ്വി വീഴുകയായിരുന്നു.
പൃഥ്വിയുടെ ഈ പ്രകടനം ആരാധകരെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്. എന്തിനാണ് ഡിസി കോച്ച് റിക്കി പോണ്ടിങ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹത്തെ പുറത്ത് ഇരുത്തിയതെന്നാണ് അവരുടെ ചോദ്യം. ഐസിസിയുടെ ടി20 ലോകകപ്പ് ജൂണില്‍ നടക്കാനിരിക്കെ ഓപ്പണര്‍ സ്ഥാനത്തേക്കു ഇന്ത്യന്‍ ടീമിലേക്കു പൃഥ്വിയും അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

ലോകകപ്പ് സ്‌ക്വാഡിലെ ഫേവറിറ്റുകളായ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും സീസണില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കവെയാണ് പൃഥ്വി ആദ്യ കളിയില്‍ തന്നെ കസറിയത്. ഡിസിക്കായി തുടര്‍ന്നുള്ള മല്‍സരങ്ങളിലും മിന്നിച്ചാല്‍ ജയ്‌സ്വാള്‍, ഗില്‍ എന്നിവരെ ഓവര്‍ടേക്ക് പൃഥ്വി ടീമിലേക്കു വരുമോയെന്നു അറിയാനുള്ളത്.
ഡിസിയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും വാര്‍ണറുടെ ഓപ്പണിങ് പങ്കാളി നാട്ടുകാരന്‍ കൂടിയായ മിച്ചെല്‍ മാര്‍ഷായിരുന്നു. പക്ഷെ ഈ ജോടി ക്ലിക്കാവാതിരുന്നതോടെയാണ് സിഎസ്‌കെയ്‌ക്കെതിരേ പൃഥ്വിയെ പോണ്ടിങ് തിരികെ വിളിച്ചത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തു. പതിയെ തുടങ്ങിയ വാര്‍ണര്‍- പൃഥ്വി ജോടി പിന്നീട് സിഎസ്‌കെ ബൗളിങിനു മേല്‍ കത്തിക്കയറി. ആദ്യത്തെ നാലോവറില്‍ 24 റണ്‍സ് മാത്രമേ ഡിസിയുടെ അക്കൗണ്ടിലുണ്ടായിരുന്നുള്ളൂ.
പക്ഷെ അഞ്ചാം ഓവറില്‍ ദീപക് ചാഹറിനെതിരേ വാര്‍ണര്‍- പൃഥ്വി ജോടി ഗിയര്‍ മാറ്റുകയായിരുന്നു. രണ്ടു ഫോറും ഒരു സിക്‌സറുമടക്കം 18 റണ്‍സ് ഈ ജോടി വാരിക്കൂട്ടി. അടുത്ത ഓവറില്‍ മുസ്തഫിസുര്‍ റഹ്മാനെയും ഇവര്‍ കടന്നാക്രമിച്ചു. 20 റണ്‍സാണ് ഡിസിയുടെ അക്കൗണ്ടിലേക്കു വന്നത്. നാലു ഫോറുകള്‍ ഇതിലുള്‍പ്പെടും. 56 ബോളില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി കരുത്താര്‍ജിക്കവെയാണ് മുസ്തഫിസുര്‍ സിഎസ്എകെയ്ക്കു ബ്രേക്ക്ത്രൂ നല്‍കിയത്. 52 റണ്‍സെടുത്ത വാര്‍ണറ പതിരാന ഒരു വണ്ടര്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.

വാര്‍ണര്‍ മടങ്ങിയെങ്കിലും പൃഥ്വി വലിയൊരു ഇന്നിങ്സ് കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. 11ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ രവീന്ദ്ര ജഡേജയ്‌ക്കെതിരേ പൃഥ്വി ഒരു വമ്പന്‍ സിക്‌സര്‍ പറത്തി. മിഡ് വിക്കറ്റിനു മുകളിലൂടെയായിരുന്നു ഈ ഷോട്ട്. പക്ഷെ അടുത്ത ബോളില്‍ പൃഥ്വിയെ പുറത്താക്കി ജഡ്ഡു കണക്കുതീര്‍ത്തു.
കട്ട് ചെയ്യാന്‍ ശ്രമിച്ച പൃഥ്വിയുടെ ബാറ്റില്‍ എഡ്ജായ ബോള്‍ കണ്ണടച്ചുതുറക്കും വേഗത്തിലാണ് വിക്കറ്റിനു പിറകില്‍ ധോണി കൈക്കുള്ളിലാക്കിയത്. ഇതോടെ ഫിഫ്റ്റിക്കു ഏഴു റണ്‍സ് മാത്രമകലെ താരത്തിനു നിരാശനായി ക്രീസ് വിടേണ്ടി വരികയും ചെയ്തു. എങ്കിലും സിഎസ്‌കെയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ് കാഴ്ചവയ്ക്കാനായതില്‍ പൃഥ്വിക്കു സന്തോഷിക്കാം.
അതേസമയം, ചെന്നൈക്കു 192 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഡിസി നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡിസി അഞ്ചു വിക്കറ്റിനു 191 റണ്‍സ് നേടുകയായിരുന്നു. വാര്‍ണര്‍ (52), നായകന്‍ റിഷഭ് പന്ത് (51) എന്നിവര്‍ ഡിസിക്കായി ഫിഫ്റ്റികള്‍ കുറിച്ചു.