മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ എല്ലാവരും ശ്രദ്ധിക്കുന്ന താരങ്ങളിലൊരാള്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടം ചൂടിക്കുകയും തൊട്ടടുത്ത സീസണില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത ഹാര്‍ദിക് തികച്ചും അപ്രതീക്ഷിതമായാണ് പഴയ തട്ടകമായ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയെത്തിയത്. രോഹിത് ശര്‍മയെ മാറ്റി മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനവും ഹാര്‍ദിക്കിന് ലഭിച്ചു.
ഇത്തവണ വലിയ പ്രതീക്ഷകളും സമ്മര്‍ദ്ദവുമാണ് രോഹിത്തിന് മുന്നിലുള്ളത്. ഇന്ത്യന്‍ ടീമില്‍ നിന്ന് തുടര്‍ പരിക്കുകള്‍ മൂലം ഇടവേളയിലായിരുന്ന ഹാര്‍ദിക് ഇപ്പോള്‍ ഐപിഎല്ലിലൂടെയാണ് മടങ്ങിവരാനൊരുങ്ങുന്നത്. രഞ്ജി ട്രോഫി കളിക്കാതിരുന്ന ഹാര്‍ദിക് ഡിവൈ പാട്ടീല്‍ ട്രോഫി കളിച്ചാണ് മടങ്ങിവരവ് നടത്തിയത്. 2023ലെ ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. ഇതോടെ ലോകകപ്പിന്റെ പാതിവഴിയില്‍ ഹാര്‍ദിക്കിന് കളം വിടേണ്ടി വന്നു.
ഇപ്പോഴിതാ ഹാര്‍ദിക് പാണ്ഡ്യയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. ഹാര്‍ദിക്കിന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ബിസിസി ഐക്ക് ഹാര്‍ദിക്കിനെ പേടിയാണെന്നുമാണ് പ്രവീണ്‍ കുമാര്‍ പറയുന്നത്. 'ഹാര്‍ദിക് പാണ്ഡ്യയെ ആകാശത്ത് നിന്ന് താഴോട്ടിറക്കിയതാണോ?. അവനും രഞ്ജി ട്രോഫി കളിക്കണമായിരുന്നു. എന്തുകൊണ്ടാണ് അവന് വ്യത്യസ്തമായ നിയമം. ബിസിസി ഐ അവനോട് ചോദിക്കണമായിരുന്നു.
എന്തുകൊണ്ടാണ് ഡിവൈ പാട്ടില്‍ ടൂര്‍ണമെന്റ് മാത്രം കളിച്ചത്. എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാവണം. ഇനിയും ഹാര്‍ദിക് ടെസ്റ്റ് കളിക്കണം. കാരണം രാജ്യം അവനെ ആവശ്യപ്പെടുന്നു' പ്രവീണ്‍ കുമാര്‍ പറഞ്ഞു. 2023ലെ ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേല്‍ക്കുന്നത്. ഇതോടെ വിശ്രമത്തില്‍പ്പോയ താരം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനിന്നു. ഡിവൈ പാട്ടീല്‍ ട്രോഫി കളിച്ച് ഐപിഎല്ലിലൂടെ മടങ്ങിവരവിനൊരുങ്ങുന്നു.

ഇന്ത്യക്കായി പ്രധാന ടൂര്‍ണമെന്റ് കളിക്കുമ്പോള്‍ ഹാര്‍ദിക്കിനെ പരിക്ക് വേട്ടയാടുകയാണ്. ഇന്ത്യക്കായി 45 ശതമാനത്തോളം മത്സരങ്ങളാണ് പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക്കിന് നഷ്ടമായത്. എന്നാല്‍ 11 ശതമാനം മത്സരങ്ങള്‍ മാത്രമാണ് ഐപിഎല്ലില്‍ ഹാര്‍ദിക്കിന് നഷ്ടമായത്. ഇന്ത്യന്‍ ടീമിന് വേണ്ടത്ര പ്രാധാന്യം ഹാര്‍ദിക് നല്‍കുന്നില്ലെന്നതാണ് വസ്തുത. ഒരു തവണ പരിക്കേറ്റതിന് പിന്നാലെ ടെസ്റ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കാന്‍ ഹാര്‍ദിക് തീരുമാനിച്ചതും തെറ്റായ തീരുമാനമാണ്.
രഞ്ജി ട്രോഫി കളിക്കാത്തതിന് ശ്രേയസ് അയ്യരേയും ഇഷാന്‍ കിഷനേയും വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് എ ഗ്രേഡ് നല്‍കുകയാണ് ചെയ്തത്. ഇതിനേയും പ്രവീണ്‍ കുമാര്‍ വിമര്‍ശിച്ചു. 'ഞാന്‍ ടെസ്റ്റ് കളിക്കില്ലെന്ന് എങ്ങനെയാണ് ഹാര്‍ദിക്കിന് പറയാനാവുക. ബിസിസി ഐ ഇത് ചോദ്യം ചെയ്യേണ്ടതാണ്. ഒരു താരത്തിനായി മാറ്റം നിയമത്തില്‍ ഇങ്ങനെ മാറ്റം വരുത്തുന്നത് ശരിയല്ല.
എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയും ഹാര്‍ദിക് പാണ്ഡ്യ ടി20യില്‍ സമ്പാദ്യമാണെന്ന് തോന്നുകയും അവന്റെ ഫിറ്റ്‌നസ് പ്രശ്‌നമായതിനാല്‍ ടെസ്റ്റില്‍ നിന്ന് വിശ്രമം അനുവദിക്കുകയും ചെയ്താല്‍ അതില്‍ തെറ്റ് പറയാനാവില്ല. അല്ലാതെ ഒരു താരം ഞാന്‍ ഏകദിനവും ടി20യുമേ കളിക്കൂ ടെസ്റ്റ് കളിക്കില്ലെന്ന് പറയുന്നത് ശരിയായ രീതിയല്ല' പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. ഹാര്‍ദിക് പാണ്ഡ്യ ഐപിഎല്ലിന് നല്‍കുന്ന പ്രാധാന്യം അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് നല്‍കുന്നില്ല.
കഴിഞ്ഞ ദിവസം ഒരു ആരാധകന്‍ ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. ഹാര്‍ദിക്കിന് ദേശീയ ടീമിനോട് കൂറില്ലെന്നും കള്ളപ്പരിക്ക് ഉണ്ടാക്കുന്നുണ്ടെന്നുമാണ് ആരാധകന്‍ ആരോപിച്ചത്. മുഹമ്മദ് ഷമി ഇതിന് ലൈക്ക് ചെയ്തതും വൈറലായിരുന്നു. എന്തായാലും വരുന്ന ഐപിഎല്‍ സീസണ്‍ ഹാര്‍ദിക്കിനെ സംബന്ധിച്ച് നിര്‍ണ്ണായകമാവുമെന്നുറപ്പ്.