മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിനോടകം ടീമുകളെല്ലാം ക്യാംപുകള്‍ സജീവമാക്കി മുന്നോട്ട് പോവുകയാണ്. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ നിലവിലെ ടീമിനെ ഉപയോഗിച്ച് കപ്പടിക്കാനുള്ള അവസാന അവസരമാണ് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ സീസണില്‍ പോരാട്ടം കടുക്കും. കൂടാതെ ഇതിന് ശേഷം ടി20 ലോകകപ്പും നടക്കാന്‍ പോവുകയാണ്.
ഇത്തവണത്തെ സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില താരങ്ങളുടെ നീക്കങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിലൊന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി മുംബൈ ഇന്ത്യന്‍സിലേക്ക് താരം തിരിച്ചെത്തുകയായിരുന്നു.
രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക്കിനെ മുംബൈ ക്യാപ്റ്റനാക്കുകയും ചെയ്തിരുന്നു. ഇത്തവണ ഹാര്‍ദിക്കിന് കീഴിലാവും മുംബൈ ഇറങ്ങുക. ഇപ്പോഴിതാ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഹാര്‍ദിക്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാര്‍. ഹാര്‍ദിക് പണത്തിന് മാത്രം പ്രാധാന്യം നല്‍കുന്നവനാണെന്നാണ് പ്രവീണ്‍ കുമാറിന്റെ വിമര്‍ശനം. ' ഐപിഎല്ലിന് രണ്ട് മാസം മുമ്പ് ഹാര്‍ദിക്കിന് പരിക്കേറ്റിരുന്നു.
പരിക്കിനെത്തുടര്‍ന്ന് രാജ്യത്തിനായി അവന്‍ കളിച്ചില്ല. സംസ്ഥാനത്തിനായും കളിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഇപ്പോള്‍ നേരിട്ട് ഐപിഎല്‍ കളിക്കാനൊരുങ്ങുകയാണ്. ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നത് പണത്തിനായിട്ടാണെന്ന് വ്യക്തം. അതില്‍ തെറ്റില്ല. എന്നാല്‍ രാജ്യത്തിനും സംസ്ഥാനത്തിനും പ്രാധാന്യം നല്‍കാതെ ഐപിഎല്ലിന് മാത്രം പ്രാധാന്യം നല്‍കുന്നത് ശരിയായ രീതിയല്ല' പ്രവീണ്‍ കുമാര്‍ പറഞ്ഞു. ഇന്ത്യ ആതിഥേയരായ ഏകദിന ലോകകപ്പിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്.

ഇതോടെ നീണ്ട ഇടവേളയെടുത്ത താരം രഞ്ജി ട്രോഫിയില്‍ നിന്നടക്കം വിട്ടുനിന്നിരുന്നു. ഇപ്പോള്‍ ഡിവൈ പാട്ടീല്‍ ട്രോഫിയില്‍ കളിച്ചാണ് ഹാര്‍ദിക് തിരിച്ചുവരവ് നടത്തുന്നത്. ഐപിഎല്ലില്‍ മുംബൈക്കായി ഓള്‍റൗണ്ട് പ്രകടനം തന്നെ ഹാര്‍ദിക് നടത്തിയേക്കും. എന്നാല്‍ വരുന്ന ടി20 ലോകകപ്പിന് മുമ്പ് ഹാര്‍ദിക്കിന് വീണ്ടും പരിക്കേല്‍ക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് ആരംഭിക്കുകയാണ്.
ഹാര്‍ദിക്കിനെ മുംബൈയുടെ നായകനാക്കിയതില്‍ ടീമിനുള്ളില്‍ത്തന്നെ പ്രശ്‌നങ്ങളുണ്ട്. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരായിരുന്നു രോഹിത്തിന് ശേഷം മുംബൈയുടെ നായകനാവാന്‍ കൂടുതല്‍ അര്‍ഹിച്ചിരുന്നത്. എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞാണ് അപ്രതീക്ഷിതമായി ഹാര്‍ദിക് എത്തുന്നത്. ഇതില്‍ ഇവര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. രോഹിത്തിനോട് ആലോചിക്കാതെയാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന റിപ്പോര്‍ട്ടുമുണ്ട്.
രോഹിത്തിനെ മുംബൈ നായകനായി തുടരാന്‍ അനുവദിക്കണമായിരുന്നുവെന്നും ഇനിയും നാല് വര്‍ഷമെങ്കിലും തുടരാനുള്ള അവസരം രോഹിത്തിന് മുന്നിലുണ്ടായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു. രോഹിത് ശര്‍മ ഈ സീസണോടെ മുംബൈ വിടാനുള്ള സാധ്യത കൂടുതലാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സിഎസ്‌കെ, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളെല്ലാം രോഹിത്തിനെ നോട്ടമിടുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ രോഹിത്തിന്റെ മുംബൈ ജേഴ്‌സിയിലെ അവസാന സീസണായിരിക്കും.
രോഹിത് ശര്‍മ ഇന്ത്യയുടെ നായകനായി തുടരുന്നുണ്ട്. എന്നാല്‍ ഇടവേളക്ക് ശേഷമാണ് ഐപിഎല്ലില്‍ നായക റോളിലല്ലാതെ രോഹിത് കളിക്കുന്നത്. 2020ന് ശേഷമുള്ള രോഹിത്തിന്റെ ഐപിഎല്ലിലെ ബാറ്റിങ് പ്രകടനങ്ങള്‍ മോശമാണ്. ഇത്തവണ നായകസ്ഥാനമില്ലാതെ കളിക്കുമ്പോള്‍ രോഹിത്തിന് ബാറ്റിങ്ങില്‍ തിളങ്ങാനാവുമെന്ന് പ്രതീക്ഷിക്കാം.ഇന്ത്യക്കായി സമീപകാലത്തായി ഗംഭീര പ്രകടനമാണ് രോഹിത് ശര്‍മ കാഴ്ചവെക്കുന്നത്.