മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഈ സീസണിന് ശേഷം ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ വാശിയേറിയ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. പല യുവതാരങ്ങളെ സംബന്ധിച്ചും ഇത്തവണത്തെ ഐപിഎല്‍ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
ഇത്തവണത്തെ ഐപിഎല്ലില്‍ കസറി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ചിലര്‍ തയ്യാറെടുക്കുന്നുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശാര്‍ദ്ദുല്‍ ടാക്കൂറാണ്. നിലവില്‍ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യ ഒഴിവാക്കിയ താരമാണ് ശാര്‍ദ്ദുല്‍. മീഡിയം പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുലിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണ്ണാവസരമാണ് ഐപിഎല്ലിലൂടെ ലഭിച്ചിരിക്കുന്നത്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ് ശാര്‍ദ്ദുലുള്ളത്.
മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ അദ്ദേഹത്തിന് പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്താനാവും. എംഎസ് ധോണിക്ക് കീഴില്‍ കളിക്കുമ്പോള്‍ ശാര്‍ദ്ദുലിന് പ്രത്യേക ആവേശമാണുള്ളത്. മുന്‍ സിഎസ്‌കെ താരമായ ശാര്‍ദ്ദുല്‍ പഴയ തട്ടകത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ ഗംഭീര പ്രകടനം തന്നെ പ്രതീക്ഷിക്കാം. രണ്ടാമത്തെ താരം വെങ്കടേഷ് അയ്യരാണ്. ഇടം കൈയന്‍ ടോപ് ഓഡര്‍ താരവും മീഡിയം പേസറുമാണ് വെങ്കടേഷ് അയ്യര്‍.
അതിവേഗം റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഇന്ത്യ വളര്‍ത്താന്‍ ശ്രമിച്ചത് വെങ്കടേഷിനെയായിരുന്നു. മധ്യനിരയില്‍ കളിച്ച് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ വെങ്കടേഷിനായി. എന്നാല്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റിലും അദ്ദേഹത്തിന് സീറ്റില്ല. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ വെങ്കടേഷിന് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനായേക്കും. മികച്ച കായിക ക്ഷമത അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് വെങ്കടേഷ്.

പൃഥ്വി ഷാ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ താരമാണെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടക്കം നേടിയ താരത്തിന് നിലവില്‍ ദേശീയ ടീമില്‍ ഇടമില്ല. ഫിറ്റ്‌നസ് മോശമായ പൃഥ്വിയെ ഇന്ത്യ പുറത്തിരുത്തിയിരിക്കുകയാണെങ്കിലും തിരിച്ചുവരാന്‍ അദ്ദേഹത്തിന് മുന്നില്‍ അവസരമുണ്ട്. വരുന്ന ഐപിഎല്ലിലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണര്‍ റോളില്‍ പൃഥ്വി ഷായുണ്ടാവും. വെടിക്കെട്ട് പ്രകടനം സ്ഥിരതയോടെ താരത്തിന് നടത്തേണ്ടതായുണ്ട്.
അങ്ങനെ വന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പൃഥ്വിയെ സംബന്ധിച്ച് കടുപ്പമായിരിക്കില്ല. അതുകൊണ്ടുതന്നെ വരുന്ന സീസണില്‍ പൃഥ്വിയുടെ കരിയറില്‍ വളരെ നിര്‍ണ്ണായകമാണ്. വരുണ്‍ ചക്രവര്‍ത്തിയാണ് മറ്റൊരാള്‍. സ്പിന്നറായ വരുണ്‍ ഇന്ത്യക്കായി 2021ലെ ടി20 ലോകകപ്പടക്കം കളിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ വരുണ്‍ ഇപ്പോഴും ആഗ്രഹിക്കുന്നു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം മികച്ച പ്രകടനം നടത്തിയാല്‍ വരുണ്‍ ചക്രവര്‍ത്തിക്ക് തിരിച്ചുവരവിനുള്ള അവസരം ലഭിച്ചേക്കും. എന്നാല്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. രവി ബിഷ്‌നോയ്, രാഹുല്‍ ചഹാര്‍ എന്നീ സ്പിന്നര്‍മാര്‍ക്കും വരുന്ന ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാനായാല്‍ ബിഷ്‌നോയ്ക്ക് ഇന്ത്യയുടെ ടി20 ലോകകപ്പിലേക്കടക്കം വിളിയെത്താനുള്ള സാധ്യതയുമുണ്ട്. ഇതിനോടകം ബിഷ്‌നോയ് പരിഗണനയിലുണ്ട്.
വിജയ് ശങ്കറാണ് മറ്റൊരു താരം. ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. അവസാന സീസണില്‍ മധ്യനിരയില്‍ തിളങ്ങിയിരുന്നു. ഇത്തവണയും മികവ് ആവര്‍ത്തിക്കാനായാല്‍ വിജയിക്ക് ദേശീയ ടീമിലേക്ക് തിരികെ വിളി ലഭിക്കാന്‍ സാധ്യത കൂടുതലാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഇപ്പോള്‍ വിജയിക്കാവുന്നു. ബൗളറെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് വിജയ് ശങ്കര്‍.