ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം അവസാനിച്ചിരിക്കുകയാണ്. 10 ടീമുകള്‍ ചേര്‍ന്ന് 71 താരങ്ങളെയാണ് സ്വന്തമാക്കിയിരിക്കുന്നത്. അവസാന സീസണില്‍ ചാമ്പ്യന്മാരായ സിഎസ്‌കെയടക്കം എല്ലാ ടീമുകളും തങ്ങളുടെ മുന്‍ പദ്ധതികള്‍ പ്രകാരം താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്. നിര്‍ണ്ണായകമായ പല താരങ്ങളും ഇത്തവണ ടീമുകളിലേക്ക് പുതിയതായി എത്തിയിട്ടുണ്ട്. ഓരോ ടീമിന്റെയും ലേലത്തിലെ നീക്കം പരിഗണിച്ച് ഏറ്റവും വിലപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് രചിന്‍ രവീന്ദ്രയാണ് ഏറ്റവും പ്രധാനപ്പെട്ട സൈനിങ്. സ്പിന്‍ ഓള്‍റൗണ്ടറായ രചിനെ വെറും 1.8 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. അഞ്ച് കോടിയിലധികം രൂപ രചിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ചെറിയ തുകയ്ക്ക് രചിനെ സ്വന്തമാക്കാന്‍ സിഎസ്‌കെയ്ക്കായി. അടുത്ത സീസണില്‍ സിഎസ്‌കെയുടെ വജ്രായുധമായി രചിന്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ നിര്‍ണ്ണായക താരമായി ഷാരൂഖ് ഖാനെ പരിഗണിക്കാം. തമിഴ്‌നാട്ടുകാരനായ ഫിനിഷറെ ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. പഞ്ചാബ് കിങ്‌സ് ശ്രമം നടത്തിയെങ്കിലും 7.4 കോടിക്ക് ഷാരൂഖിനെ ഗുജറാത്ത് വാങ്ങുകയായിരുന്നു. ഫിനിഷര്‍ റോളില്‍ ഗുജറാത്തിനൊപ്പം നിര്‍ണ്ണായക പ്രകടനം നടത്താന്‍ ഷാരൂഖ് പ്ലേയിങ് 11ലുണ്ടാവുമെന്നുറപ്പാണ്.
മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിച്ച മുംബൈ ചില നിര്‍ണ്ണായക താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും വിലപ്പെട്ട താരം ജെറാള്‍ഡ് കോയിറ്റ്‌സിയാണ്. ദക്ഷിണാഫ്രിക്കന്‍ പേസറെ അഞ്ച് കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. ഏകദിന ലോകകപ്പില്‍ തിളങ്ങിയ കോയിറ്റ്‌സി മുംബൈക്ക് മുതല്‍ക്കൂട്ടാവുമെന്ന കാര്യം ഉറപ്പാണ്.
ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ സംബന്ധിച്ച് എം സിദ്ധാര്‍ത്ഥാണ് നിര്‍ണ്ണായക താരം. ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നോട്ടമിട്ട സ്പിന്നറാണ് സിദ്ധാര്‍ത്ഥ്. എന്നാല്‍ ലഖ്‌നൗ താരത്തെ സ്വന്തമാക്കുകയായിരുന്നു. രവി ബിഷ്‌നോയ്ക്കും ക്രുണാല്‍ പാണ്ഡ്യക്കുമൊപ്പം ലഖ്‌നൗവിന്റെ സ്പിന്‍ നിരക്ക് കരുത്ത് പകരാന്‍ സിദ്ധാര്‍ത്ഥുമുണ്ടാവും.

രാജസ്ഥാന്‍ റോയല്‍സിനെ സംബന്ധിച്ച് വരുന്ന സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. അവസാന സീസണിലും പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഇത്തവണ റോവ്മാന്‍ പവലിനെയടക്കം രാജസ്ഥാന്‍ സ്വന്തമാക്കിയെങ്കിലും നിര്‍ണ്ണായക താരം ശുബം ദുബൈയാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ താരം ലോവര്‍ മിഡില്‍ ഓഡറിലാണ് കൂടുതല്‍ തിളങ്ങുന്നത്. ഇത്തവണ രാജസ്ഥാന് പ്ലേ ഓഫിലെത്താനാവാതെ പോയാല്‍ സഞ്ജുവിന്റെ നായകസ്ഥാനം തെറിക്കാന്‍ സാധ്യത കൂടുതലാണ്.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രധാന താരം ലോക്കി ഫെര്‍ഗൂസനാണ്. കിവീസ് പേസറുടെ സ്ഥിരത പ്രശ്‌നമാണെങ്കിലും ഫോമിലേക്കെത്തിയാല്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കും. ഇത്തവണത്തെ ബംഗളൂരുവിന്റെ ബൗളിങ് നിരയിലെ ഏറ്റവും നിര്‍ണ്ണായക താരം ഫെര്‍ഗൂസനാണെന്ന് പറയാം. ഇത്തവണയും ആര്‍സിബിയുടെ ബൗളിങ് ദുര്‍ബലമാണെന്ന ആക്ഷേപം പൊതുവേ എല്ലാവര്‍ക്കുമുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിര്‍ണ്ണായക താരം മിച്ചല്‍ സ്റ്റാര്‍ക്കാണെന്ന കാര്യത്തില്‍ സംശയമില്ല. 24.75 എന്ന ഐപിഎല്ലിലെ റെക്കോഡ് തുകയ്ക്കാണ് സ്റ്റാര്‍ക്കിനെ കെകെആര്‍ സ്വന്തമാക്കിയത്. അവസാന രണ്ട് സീസണിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ വരുന്ന സീസണില്‍ വലിയ പ്രകടനം തന്നെ കെകെആറില്‍ നിന്ന് പ്രതീക്ഷിക്കാം.
പഞ്ചാബ് കിങ്‌സിന്റെ നിര്‍ണ്ണായക താരമായി ഹര്‍ഷല്‍ പട്ടേലിനെ പരിഗണിക്കാം. ആര്‍സിബി ഒഴിവാക്കിയ ഇന്ത്യന്‍ പേസറെ പഞ്ചാബ് ടീമിലേക്കെത്തിക്കുകയായിരുന്നു. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണ് ഹര്‍ഷല്‍ പട്ടേല്‍. പഞ്ചാബിന്റെ ബൗളിങ് നിരയില്‍ നിര്‍ണ്ണായക സ്ഥാനം ഹര്‍ഷലിനുണ്ടാവുമെന്നുറപ്പാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിന്റ നിര്‍ണ്ണായക താരമായി ഹാരി ബ്രൂക്കിനെ പരിഗണിക്കാം. അവസാന സീസണില്‍ ഹൈദരാബാദിനൊപ്പമായിരുന്നു താരം. സ്ഥിരതയില്ലായിരുന്നെങ്കിലും സെഞ്ച്വറിയടക്കം നേടി കൈയടി നേടാന്‍ ബ്രൂക്കിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നിര്‍ണ്ണായക താരം ട്രാവിസ് ഹെഡാണ്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലടക്കം സെഞ്ച്വറിയോടെ കസറാന്‍ താരത്തിനായി. ഹെഡിന്റെ വരവ് ഹൈദരാബാദിന് ഗുണം ചെയ്യുമെന്നുറപ്പ്.