മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുമ്പോഴും വിരാട് കോലിക്കെതിരേ വിമര്‍ശനം ശക്തമാണ്. കോലിയുടെ സ്‌ട്രൈക്ക് റേറ്റാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാവുന്നത്. ഈ സീസണില്‍ സെഞ്ച്വറിയടക്കം നേടിയിട്ടും കോലിക്കെതിരേ ട്രോളുകള്‍ ഉയരുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ വിരാട് കോലിയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. 9 പന്ത് നേരിട്ട് 3 റണ്‍സാണ് കോലിക്ക് നേടാനായത്. 33.33 സ്‌ട്രൈക്ക് റേറ്റിലാണ് ഓപ്പണറായ കോലിക്ക് കളിക്കാനായത്.
ജസ്പ്രീത് ബുംറയുടെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച കോലിക്ക് പിഴച്ചപ്പോള്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയാണ് സൂപ്പര്‍ താരം മടങ്ങിയത്. കോലിയുടെ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം ഉയരവെ മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസറും കോലിയെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ്. പാക് പേസറായിരുന്ന ജുനൈദ് ഖാനാണ് എക്‌സിലൂടെ കോലിയെ ട്രോളിയത്. ഇതിനോടകം പാക് താരത്തിന്റെ പോസ്റ്റ് വൈറലായിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റ് 33.33 എന്ന് കുറിച്ച് ഒരു ഇമോജിയോടെയാണ് ജുനൈദ് ഖാന്‍ കോലിയെ ട്രോളിയത്.
വിരാട് കോലി രാജസ്ഥാന്‍ റോയല്‍സിനെതിരേ സെഞ്ച്വറി നേടിയതിന് പിന്നാലെയും ജുനൈദ് ഖാന്‍ കോലിയെ വിമര്‍ശിച്ചിരുന്നു. രാജസ്ഥാനെതിരേ 67 പന്തിലാണ് കോലി സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് സെഞ്ച്വറി നേടിയ താരമെന്ന നാണംകെട്ട റെക്കോഡിലേക്കാണ് കോലി പേരുചേര്‍ത്തത്. കോലിയുടെ ബാറ്റിങ് പ്രകടനത്തെ പല പ്രമുഖരും പ്രശംസിക്കുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ ആളുകള്‍ വിമര്‍ശനം ഉയര്‍ത്തുന്നുമുണ്ട്.
ടി20 ലോകകപ്പ് വരാനിരിക്കെ കോലി ഇന്ത്യന്‍ ടീമില്‍ വേണോ വേണ്ടയോ എന്ന ചോദ്യം സജീവമായി ഉയരവെയാണ് കോലി വീണ്ടും മെല്ലപ്പോക്ക് ബാറ്റിങ് നടത്തി നിരാശപ്പെടുത്തിയിരിക്കുന്നത്. മൂന്നാം നമ്പറിലാവും കോലി ഇന്ത്യക്കായി കളിക്കാന്‍ പോവുന്നത്. എന്നാല്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെ മൂന്നാം നമ്പറില്‍ കോലിയെക്കാള്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ശേഷിയുള്ള താരങ്ങള്‍ അവസരം തേടുകയാണ്. ഈ സാഹചര്യത്തില്‍ സെലക്ടര്‍മാരുടെ തീരുമാനം നിര്‍ണ്ണായകമാണ്.

ഇന്ത്യയുടെ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കര്‍ കോലി ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുണ്ടാവുമെന്ന സൂചന നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതേ സ്‌ട്രൈക്ക് റേറ്റിലാണ് കോലി കളി തുടരുന്നതെങ്കില്‍ സെലക്ടര്‍മാര്‍ മാറി ചിന്തിക്കാനുള്ള സാധ്യതയുമുണ്ട്. കോലിയുടെ മെല്ലപ്പോക്ക് ആര്‍സിബിയേയും കാര്യമായി ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഡുപ്ലെസിസ് പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കവെ കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ് ടീമിന് ബാധ്യതയായി മാറുന്നു.
അതേ സമയം കോലിയുടെ താരമൂല്യവും ആരാധക പിന്തുണയും പരിഗണിക്കുമ്പോള്‍ കോലിയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താനും സാധിക്കില്ല. ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ് ടീമിന്റെ ബാറ്റിങ് നിര അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സ് നേടേണ്ടതായുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇത് കോലിയെ ഉന്നം വെച്ചാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ടി20 ഫോര്‍മാറ്റില്‍ കോലി മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നതാണ് വസ്തുത.
അതുകൊണ്ടുതന്നെ പാക് പേസറുടെ പോസ്റ്റിനോട് അനുകൂലമായും ആരാധകര്‍ പ്രതികരിക്കുന്നുണ്ട്. ജുനൈദ് ഖാന്‍ നേരത്തെ മുതല്‍ കോലിക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്ന താരമാണ്. പാകിസ്താനായി കളിച്ചുകൊണ്ടിരുന്നപ്പോള്‍ കോലിയെ വിറപ്പിക്കുന്ന ബൗളിങ് പ്രകടനം ജുനൈദ് നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കോലിയെ സമയം കിട്ടുമ്പോഴെല്ലാം പരിഹസിക്കാന്‍ ജുനൈദ് മടി കാട്ടാറുമില്ല. അതേ സമയം തകോലിയെ പിന്തുണച്ച് ബ്രയാന്‍ ലാറ രംഗത്തെത്തി.
പതിയെ തുടങ്ങിയാലും അവസാനം വരെ ബാറ്റു ചെയ്യുമ്പോള്‍ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ കോലിക്ക് സാധിക്കുമെന്നും ടീമില്‍ കോലിയെപ്പോലൊരു താരം അത്യാവശ്യമാണെന്നുമാണ് ലാറ പറയുന്നത്. എന്തായാലും കോലിയുടെ സ്‌ട്രൈക്ക് റേറ്റ് ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.