ബോളിവുഡ് സൂപ്പര്‍ നായികമാരിലൊരാളാണ് ജാന്‍വി കപൂര്‍. യുവാക്കളുടെ ആവേശമെന്ന് പറയാവുന്ന ജാന്‍വി അഭിനയ വിസ്മയം തീര്‍ത്ത ശ്രീദേവിയുടെ മകളാണ്. അമ്മയുടെ പാതയിലൂടെ ഇപ്പോള്‍ സിനിമയില്‍ ജാന്‍വി സജീവമാണ്. മോഡലിങ് രംഗത്തും പരസ്യങ്ങളിലും താരം തിളങ്ങുന്നു. സിനിമയോടൊപ്പം കായിക മേഖലയോടും ജാന്‍വിക്ക് വലിയ താല്‍പര്യമുണ്ട്. ക്രിക്കറ്റ് ആരാധികയായ ജാന്‍വി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും സജീവമായി പിന്തുടരുന്നു.
കഴിയുന്ന സമയത്തെല്ലാം ക്രിക്കറ്റ് മത്സരങ്ങള്‍ കാണാറുണ്ടെന്ന് ജാന്‍വി നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റിനോടുള്ള തന്റെ ആരാധനയും ഇഷ്ട ഐപിഎല്‍ ടീമിനെക്കുറിച്ചും താരങ്ങളെക്കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് സൂപ്പര്‍ താരം. ഇഷ്ട ഐപിഎല്‍ ടീം ആര്‍സിബിയാണെന്ന് പറഞ്ഞ ജാന്‍വി ഇഷ്ട താരങ്ങളായി വിരാട് കോലിയേയും ദിനേഷ് കാര്‍ത്തികിനേയുമാണ് തിരഞ്ഞെടുത്തത്. രണ്ട് പേരും കഠിനമായി അധ്വാനിക്കുന്നവരാണെന്നാണ് ജാന്‍വി പറയുന്നത്.
വിരാട് കോലിയോട് ഇഷ്ടമില്ലാത്ത ക്രിക്കറ്റ് പ്രേമികള്‍ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ജാന്‍വിയുടെ ഈ ആരാധനയില്‍ കൗതുകമില്ല. എന്നാല്‍ ദിനേഷ് കാര്‍ത്തികിനെയാണ് രണ്ടാമത്തെ ഇഷ്ട താരമായി ജാന്‍വി തിരഞ്ഞെടുത്തത്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍ തുടങ്ങി യുവതാരങ്ങള്‍ നിരവധിയാണെങ്കിലും ഇവരോടൊന്നും തനിക്ക് ആരാധന ഇല്ലെന്നാണ് ജാന്‍വി പറയുന്നത്. ദിനേഷ് കാര്‍ത്തിക് പ്രായത്തിന് മുന്നില്‍ തോല്‍ക്കാത്ത താരമാണ്.
വരുന്ന സീസണിലും ആര്‍സിബിക്കൊപ്പം കാര്‍ത്തിക് കളിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേഷ് കാര്‍ത്തിക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനി തിരിച്ചെത്താന്‍ സാധ്യതയില്ല. കമന്റേറ്ററായും അവതാരകനായും കാര്‍ത്തിക് ഇതിനോടകം കരിയര്‍ ആരംഭിച്ചിട്ടുണ്ട്. അവസാന സീസണോടെ അദ്ദേഹം ഐപിഎല്‍ മതിയാക്കുമെന്നാണ് വിലയിരുത്തപ്പെട്ടതെങ്കിലും ഇത്തവണയും ടീമിനൊപ്പം തുടരാന്‍ കാര്‍ത്തിക് താല്‍പര്യം കാട്ടുകയായിരുന്നു.

ഇത്തവണ ആര്‍സിബി കിരീടം നേടണമെന്നാണ് തന്റെ ആഗ്രഹമെന്നും ജാന്‍വി പറഞ്ഞു. താരത്തിന്റെ വീഡിയോ ആര്‍സിബി ആരാധകര്‍ക്കിടയില്‍ വൈറലാണ്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്‍ കളിക്കുന്ന ടീമാണ് ആര്‍സിബി. എന്നാല്‍ ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്കായിട്ടില്ല. ഇത്തവണ ടീം സജീവ പ്രതീക്ഷയിലാണ്. മികച്ച താരങ്ങള്‍ ഇത്തവണ ആര്‍സിബിക്കൊപ്പമുണ്ട്. എന്നാല്‍ ടീമിന്റെ ബൗളിങ് കരുത്താണ് ചോദ്യം ചെയ്യപ്പെടുന്നത്.
ബാറ്റിങ്ങില്‍ ഫഫ് ഡുപ്ലെസിസ്, വിരാട് കോലി, രജത് പാട്ടീധാര്‍, ഗ്ലെന്‍ മാക്‌സ് വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവരെല്ലാമുണ്ട്. ഫോമിലേക്കെത്തിയാല്‍ ഏത് വലിയ സ്‌കോറിനേയും മറികടക്കാന്‍ കെല്‍പ്പുള്ളവരുടെ നിരയാണ് ആര്‍സിബി. എന്നാല്‍ ബൗളിങ് നിരയുടെ കരുത്ത് പ്രശ്‌നമാണ്. ഹര്‍ഷല്‍ പട്ടേലിനെ ആര്‍സിബി ഒഴിവാക്കിയിട്ടുണ്ട്. അല്‍സാരി ജോസഫ്, ലോക്കി ഫെര്‍ഗൂസന്‍, മുഹമ്മദ് സിറാജ്, ടോം കറെന്‍, റീസി ടോപ്ലി എന്നിവരാണ് പേസ് നിരയിലെ പ്രമുഖര്‍. സ്പിന്‍ നിരയില്‍ കരണ്‍ ശര്‍മയാണ് പ്രധാന താരം.
ആര്‍സിബിയുടെ ബൗളര്‍മാരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിട്ടുള്ളവരാണെങ്കിലും ടി20യില്‍ ഇവരെല്ലാം തല്ലുകൊള്ളികളാണ്. വനിന്‍ഡു ഹസരങ്കയെ ആര്‍സിബി കൈവിട്ടത് മണ്ടത്തരമായിപ്പോയെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. വിരാട് കോലി ഐപിഎല്‍ കിരീടം നേടുന്നത് കാണാനായുള്ള കാത്തിരിപ്പ് നീണ്ട് പോവുകയാണ്. ഇത്തവണയെങ്കിലും ആര്‍സിബിക്ക് കപ്പിലേക്കെത്താനാവുമോയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
വാശിയേറിയ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ഇടവേളക്ക് ശേഷം കപ്പടിക്കാമെന്ന കണക്കുകൂട്ടലിലാണ്. സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണിയുടെ അവസാന സീസണായിരിക്കും. വരാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാനാവും താരങ്ങളും ആരാധകര്‍ ആഗ്രഹിക്കുക. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പവും ശക്തമായ താരനിരയുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പ്.