ഐപിഎല്ലിന്റെ 17ാം സീസണിനു ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഏതു താരത്തിന്റെ പ്രകടനമാണ് ഏറ്റുമധികം ആവേശത്തോടെ കാത്തിരിക്കുന്നതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മല്‍സരത്തോടയാണ് ഐപിഎല്ലിനു കൊടിയേറുക. അടുത്ത വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് ഈ സൂപ്പര്‍ പോരാട്ടം.
ഏതെങ്കിലുമൊരു ബാറ്ററുടെ പ്രകടനമല്ല. മറിച്ച് ഒരു ബൗളറുടെ പ്രകടനമാണ് എബിഡി ഈ ഐപിഎല്ലില്‍ കാണാന്‍ കാത്തിരിക്കുന്നത് എന്നതാണ് കൗതുകകരമായ കാര്യം. മുംബൈ ഇന്ത്യന്‍സ് പേസ് ബൗളിങിലെ കുന്തമുനയും ഇന്ത്യന്‍ സ്റ്റാര്‍ പേസറുമായ ജസ്പ്രീത് ബുംറയുടെ പ്രകടനത്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്നു എബിഡി വെളിപ്പെടുത്തി.

സ്വന്തം യൂട്യൂബ് ചാനലില്‍ പുതിയ ഐപിഎല്‍ സീസണിനെക്കുറിച്ച് സംസാരിക്കവെയാണ് ബുംറയുടെ ബൗളിങ് പ്രകടനത്തിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്നതായി മിസ്റ്റര്‍ 360 തുറന്നുപറഞ്ഞത്. ബൂം ബൂം ബുംറ. അദ്ദേഹം വീണ്ടും കളിക്കുന്നതു കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ് എന്നായിരുന്നു എബിഡിയുടെ വാക്കുകള്‍. പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുബൈ കളിക്കുന്ന ആദ്യ സീസണാണ് ഇത്തവണത്തേത്.
ഒരിടവേളയ്ക്കു ശേഷം ഐപിഎല്ലിലേക്കുള്ള ബുംറയുടെ മടങ്ങിവരവ് കൂടിയാണ് ഈ സീസണിലേത്. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ സീസണില്‍ ഒരു മല്‍സരം പോലും കളിക്കാന്‍ സാധിക്കാതെ അദ്ദേഹത്തിനു പിന്‍മാറേണ്ടതായി വന്നിരുന്നു. അതു മുംബൈ ബൗളിങിന്റെ മൂര്‍ച്ച കുറയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ഉജ്ജ്വല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബുംറ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പവും ഇതാവര്‍ത്തിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇംഗ്ലണ്ടുമായി സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ മാരക ബൗളിങ് ബൗളിങായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. ബുംറയുടെ മടങ്ങിവരവ് മുംബൈയ്ക്കു ടീമിനു വളരെയധികം ഗുണം ചെയ്യുമെന്നും വര്‍ഷങ്ങളായി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിക്കുന്നതെന്നും എബിഡി വിലയിരുത്തി.
കഴിഞ്ഞ തവണത്തെ ഐപിഎല്ലില്‍ ബുംറയെ നമ്മളെല്ലാം മിസ്സ് ചെയ്തു. ഇപ്പോള്‍ ഫുള്‍ ഫോമിലേക്കു അദ്ദേഹം മടങ്ങിവന്നിരിക്കുകയാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ബുംറയുടെ പ്രകടനം നമ്മള്‍ കണ്ടിട്ടുള്ളതാണ്. അതിശയിപ്പിക്കുന്ന പ്രകടനം തന്നെയായിരുന്നു അദ്ദേഹം പുറത്തെടുത്തത്.

കളിയുടെ തീവ്രത കൂടുമ്പോള്‍ ജസ്പ്രീത് ബുംറ ടീമില്‍ വേണമെന്നു നിങ്ങള്‍ ആഗ്രഹിക്കും. 10ല്‍ ഒമ്പതു തവണയും ഏതു ദുഷ്‌കരമായ സാഹചര്യങ്ങളില്‍ നിന്നും അദ്ദേഹം നിങ്ങളെ രക്ഷിച്ചിരിക്കും. എതിര്‍ ടീമിലെ വലിയൊരു വിക്കറ്റ് നേടാന്‍ അദ്ദേഹത്തിനു കഴിയും.
മുംബൈ ഇന്ത്യന്‍സ് വര്‍ഷങ്ങളായി ഇത്രയും നേട്ടങ്ങള്‍ കൈവരിക്കാനുള്ള കാരണങ്ങളിലൊന്ന് കൂടിയാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നന്നായി ഈ സീസണില്‍ കളിക്കണമെന്നായിരിക്കും അവര്‍ ആഗ്രഹിക്കുകയെന്നും എബിഡി കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയുടെ വിരമിക്കലിനു ശേഷം മുംബൈ പേസാക്രമണത്തിലെ കുന്തമുനയായി ബുംറ മാറിയിരുന്നു.
ന്യൂബോള്‍ കൊണ്ട് മാത്രമല്ല ഡെത്ത് ഓവറുകളിലും അപകടം വിതയ്ക്കാന്‍ അസാധാരണ മിടുക്കുള്ള ബൗളറാണ് ബുംറ. അവസാനത്തെ മൂന്നു സീസണുകളെടുത്താല്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കണ്ടത് 2020ലായിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകളാണ് ബുംറ പോക്കറ്റിലാക്കിയത്. 2021ല്‍ 21ഉം 2022ല്‍ 15ഉം വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കിയിരുന്നു.