കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആറാം തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 7 വിക്കറ്റിനാണ് ഡല്‍ഹിയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയുടെ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ 9 വിക്കറ്റിന് 153 റണ്‍സാണ് ടീമിന് നേടാനായത്. മറുപടിക്കിറങ്ങിയ കെകെആര്‍ 21 പന്ത് ബാക്കിയാക്കിയാണ് വിജയം നേടിയത്. ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന തോല്‍വിയാണിത്.
ഡല്‍ഹിയുടെ ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. 35 റണ്‍സെടുത്ത കുല്‍ദീപ് യാദവിന്റെ പ്രകടനമാണ് ഡല്‍ഹിയെ വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. 26 പന്ത് നേരിട്ട് 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ കുല്‍ദീപ് നടത്തിയ പോരാട്ടമില്ലായിരുന്നെങ്കില്‍ ഡല്‍ഹി ചിലപ്പോള്‍ 120 റണ്‍സില്‍ ഒതുങ്ങുമായിരുന്നു. 27 റണ്‍സെടുത്ത റിഷഭ് പന്താണ് ഡല്‍ഹിയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.
ഡല്‍ഹിയുടെ തോല്‍വിയില്‍ റിഷഭിനെയാണ് കൂടുതല്‍ പേരും വിമര്‍ശിക്കുന്നത്. എന്നാല്‍ ഡല്‍ഹിയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് കാരണം പരിശീലക സംഘമാണെന്നാണ് മൈക്കല്‍ ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടത്. കൊല്‍ക്കത്തയ്‌ക്കെതിരേ ടോസ് നേടിയപ്പോള്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത് മണ്ടത്തരമായെന്നും. ആദ്യം ബൗളിങ്ങായിരുന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നതെന്നുമാണ് ക്ലാര്‍ക്ക് പറഞ്ഞത്. ഇത്തരമൊരു തീരുമാനം ഡല്‍ഹിയെടുക്കാന്‍ കാരണം ഗാംഗുലിയും പോണ്ടിങ്ങുമാണെന്നാണ് ക്ലാര്‍ക്കിന്റെ വിമര്‍ശനം.
'മത്സരശേഷം റിഷഭ് പറഞ്ഞ എല്ലാ കാര്യങ്ങളും വിശ്വസിക്കാന്‍ സാധിക്കുന്നതല്ല. ഈ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചതാണ് തെറ്റായ തീരുമാനമെന്നാണ് കരുതുന്നത്. ഇത് റിഷഭിന്റെ തീരുമാനമാണെന്ന് കരുതുന്നില്ല. പരിശീലകരുടെ ഇടപെടലുണ്ടായിട്ടുണ്ടാവും. അവര്‍ 10 റണ്‍സ് കുറവാണ് നേടിയതെന്നല്ല 50 റണ്‍സെങ്കിലും കുറവാണ് നേടിയതെന്നാണ് കരുതുന്നത്. 3 വിക്കറ്റ് മാത്രം നഷ്ടമാക്കിയ കെകെആറിന് 3.3 ഓവര്‍ ബാക്കിയുണ്ടായിരുന്നു.

40, 50 റണ്‍സ് കൂടി ഉണ്ടായിരുന്നെങ്കിലും ജയിക്കാന്‍ തയ്യാറായാണ് കെകെആര്‍ ഇരുന്നത്. ഡല്‍ഹി 200ന് മുകളിലേക്ക് സ്‌കോര്‍ നേടണമായിരുന്നുവെന്നാണ് കരുതുന്നത്' ക്ലാര്‍ക്ക് പറഞ്ഞു. കൊല്‍ക്കത്തയില്‍ മഞ്ഞ് വീഴ്ചയുടെ ആനുകൂല്യം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകള്‍ക്ക് ലഭിക്കും. എന്നിട്ടും ടോസ് നേടിയ റിഷഭ് പന്ത് എന്തുകൊണ്ടാണ് ബാറ്റിങ് തിരഞ്ഞെടുത്തതെന്നതാണ് ചോദ്യം. കെകെആറിന് ശക്തമായ ബാറ്റിങ് നിരയുണ്ട്.
എന്നാല്‍ ഡല്‍ഹിയുടെ ബൗളിങ് നിരയെക്കാള്‍ മികച്ചത് ബാറ്റിങ് നിരയാണ്. അതുകൊണ്ടുതന്നെ പിന്തുടര്‍ന്ന് ജയിക്കാന്‍ ധൈര്യം കാട്ടണമായിരുന്നു. എന്നാല്‍ റിഷഭ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. പരിശീലകരായ റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയും ഇത്തരമൊരു നിര്‍ദേശം വെച്ചതുകൊണ്ടാവും റിഷഭ് ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തത്. മഞ്ഞ് വീഴ്ച്ചയുടെ ഗുണം ലഭിക്കുമായിരുന്നിട്ടും എന്തുകൊണ്ടാണ് ഗാംഗുലിയും പോണ്ടിങ്ങും ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നാണ് എല്ലാവരുടേയും സംശയം.
ടീമിന്റെ പദ്ധതിക്കനുസരിച്ച് ഡല്‍ഹിയുടെ ബാറ്റിങ് നിരക്ക് ഉയരാന്‍ സാധിച്ചില്ല. പൃഥ്വി ഷാ (13), ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് (12), അഭിഷേക് പോറല്‍ (18), ഷായ് ഹോപ്പ് (6) എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാനായില്ല. റിഷഭ് പന്തും മോശം ഷോട്ട് കളിച്ചാണ് പുറത്തായത്. അക്ഷര്‍ പട്ടേല്‍ 15 റണ്‍സാണ് നേടിയത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കുമായില്ല. എന്നാല്‍ മറുപടിക്കിറങ്ങിയ കെകെആറിനായി ഫില്‍ സാള്‍ട്ട് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.
33 പന്തില്‍ 68 റണ്‍സാണ് അദ്ദേഹം നേടിയത്. 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ സാള്‍ട്ട് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് കെകെആറിന് കരുത്തായത്. ശ്രേയസ് അയ്യരും (33), വെങ്കടേഷ് അയ്യരും (26) അവസരത്തിനൊത്ത് ഉയര്‍ന്നു. ഡല്‍ഹിക്ക് സീസണില്‍ മികച്ചൊരു പ്ലേയിങ് 11പോലും സൃഷ്ടിക്കാനായിട്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.