കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ പല വമ്പന്‍ മാറ്റങ്ങളോടെയാണ് ടീമുകളിറങ്ങുന്നത്. പല ടീമുകളുടേയും പരിശീലക സംഘത്തിലും ക്യാപ്റ്റന്മാരിലുമടക്കം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അവസാന സീസണില്‍ കളിക്കാതിരുന്ന പല സൂപ്പര്‍ താരങ്ങളും ഇത്തവണത്തെ സീസണില്‍ കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്.
രണ്ട് തവണ കപ്പ് നേടിയ കെകെആര്‍ 2014ന് ശേഷം ആദ്യ കിരീടമാണ് സ്വപ്‌നം കാണുന്നത്. ഇത്തവണ ഗൗതം ഗംഭീര്‍ കെകെആറിന്റെ ഉപദേഷ്ടാവായുണ്ട്. ടീം രണ്ട് തവണ കപ്പടിച്ചത് ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. ഇടവേളക്ക് ശേഷം ഗംഭീര്‍ ടീമിനൊപ്പമെത്തുമ്പോള്‍ കപ്പിലേക്കെത്താമെന്ന പ്രതീക്ഷയിലാണ് കെകെആര്‍. ശ്രേയസ് അയ്യര്‍ക്ക് കീഴിലിറങ്ങുന്ന കെകെആറില്‍ ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, വെങ്കടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍ തുടങ്ങി നിരവധി മാച്ച് വിന്നര്‍മാര്‍ കെകെആറിലുണ്ട്.
ഇപ്പോഴിതാ ടീമിന്റെ എക്‌സ് ഫാക്ടര്‍ താരമാരാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഗൗതം ഗംഭീര്‍. അത് ശ്രേയസ് അയ്യരോ റസലോ റിങ്കുവോ അല്ലെന്നും മിച്ചല്‍ സ്റ്റാര്‍ക്കാണെന്നുമാണ് ഗംഭീര്‍ പറയുന്നത്. 'ലേലത്തില്‍ ഇരുന്നപ്പോള്‍ത്തന്നെ എക്‌സ് ഫാക്ടര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവന്‍ ഇത്തവണ മികച്ച പ്രകടനം നടത്തുമെന്ന് എനിക്കുറപ്പുണ്ട്. വലിയ പ്രതിഫലത്തിന്റെ സമ്മര്‍ദ്ദം അവനുണ്ടാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവ് കെകെആറിനൊപ്പവും ആവര്‍ത്തിക്കാന്‍ അവന് സാധിക്കും' ഗംഭീര്‍ പറഞ്ഞു.
എട്ട് വര്‍ഷത്തിന് ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്കെത്തുന്നത്. 24.75 കോടിയെന്ന റെക്കോഡ് തുകയ്ക്കാണ് കെകെആറിനായി സ്റ്റാര്‍ക്ക് കളിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഇടം കൈയന്‍ പേസറുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. നേരത്തെ ആര്‍സിബിക്കായും കളിച്ചിട്ടുള്ള താരമാണ് സ്റ്റാര്‍ക്ക്. രണ്ട് സീസണ്‍ കളിച്ച് 34 വിക്കറ്റാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. അതിവേഗ പന്തുകള്‍ക്കൊണ്ടും സ്വിങ് യോര്‍ക്കര്‍ക്കൊണ്ടും വിറപ്പിക്കാന്‍ സ്റ്റാര്‍ക്കിന് കഴിവുണ്ട്.

ഇത്തവണ കെകെആര്‍ സംതുലിതമായ താരനിരയാണ്. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. കെകെആറിലേക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും ഇത്തവണ വലിയ പ്രതീക്ഷയാണുള്ളതെന്നുമാണ് ഗംഭീര്‍ പറയുന്നത്. 'കെകെആര്‍ കേവലമൊരു ഫ്രാഞ്ചൈസിയല്ല. അതൊരു വികാരമാണ്. ടീമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. അവര്‍ക്ക് സംതൃപ്തി നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
മിച്ചല്‍ സ്റ്റാര്‍ക്കിന്റെ വരവ് കെകെആറിനെ സഹായിച്ചേക്കും. എന്നാല്‍ പേസ് നിര ശക്തമാണെന്ന് പറയാനാവില്ല. ചേതന്‍ സക്കറിയ, ദുഷ്മന്ത് ചമീര എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിര അതി ശക്തമെന്ന് പറയാനാവില്ല. ബാറ്റിങ് നിരയും അതി ശക്തമല്ല. നിധീഷ് റാണ, ശ്രേയസ് അയ്യര്‍, റിങ്കു സിങ്, കെ എസ് ഭരത്, മനീഷ് പാണ്ഡെ, ഫില്‍ സാള്‍ട്ട്, വെങ്കടേഷ് അയ്യര്‍, ആന്‍ഡ്രേ റസല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന കെകെആര്‍ ബാറ്റിങ് നിരയുടെ സ്ഥിരതയാണ് പ്രശ്‌നം.
മാച്ച് വിന്നര്‍മാരായ താരങ്ങള്‍ ഒപ്പമുണ്ടെങ്കിലും ഇവര്‍ക്ക് സമ്മര്‍ദ്ദ സാഹചര്യത്തില്‍ തിളങ്ങാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. റസലിന് പഴയതുപോലെ ഫിനിഷിങ് മികവില്ല. ഇടക്കിടെ പരിക്കും വേട്ടയാടുന്നു. റിങ്കു സിങ് സൂപ്പര്‍ ഫിനിഷറാണ്. പക്ഷെ ടോപ് ഓഡറില്‍ ആരൊക്കെ കസറുമെന്നത് കണ്ടറിയണം. ഗൗതം ഗംഭീറിന്റെ വരവ് കെകെആറിന് ഗുണം ചെയ്യാനാണ് സാധ്യത.
എന്നാല്‍ ഈ സീസണില്‍ത്തന്നെ ടീമിനെ കപ്പിലേക്കെത്തിക്കുക പ്രയാസമാവും. നായകന്‍ ശ്രേയസ് അയ്യരുടെ ഫിറ്റ്‌നസ് പ്രശ്‌നമാണ്. സമീപകാലത്തെ മോശം ഫോമും താരത്തിന് തിരിച്ചടി നല്‍കുന്നു. എന്തായാലും കെകെആറിന് ശക്തമായ തിരിച്ചുവരവ് സാധ്യമാകുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.