മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. താരസമ്പന്നമായ 10 ടീമുകള്‍ കിരീടത്തിനായി പോരാടിക്കുമ്പോള്‍ ആവേശം വാനോളം. ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെയാവും നേരിടുക. ഇത്തവണ പല സീനിയര്‍ താരങ്ങളുടേയും അവസാന ഐപിഎല്‍ സീസണായി മാറാന്‍ സാധ്യതയുണ്ട്. പ്രഥമ സീസണില്‍ കളിക്കുകയും ഇപ്പോഴും കളി തുടരുകയും ചെയ്യുന്ന ചില ഹീറോസുണ്ട്.
എംഎസ് ധോണിയുള്‍പ്പെടെയുള്ള പ്രമുഖരെ പലരും ഫിറ്റ്‌നസിന്റെ കാര്യം പറഞ്ഞ് കൈയടിക്കുമ്പോഴും ഇപ്പോഴും കളി തുടരുന്ന വാഴ്ത്തപ്പെടാത്ത ചില ഹീറോസുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരമാണ് വൃദ്ധിമാന്‍ സാഹ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വേണ്ടപോലെ ഉപയോഗിക്കാത്ത പ്രതിഭയാണ് സാഹയെന്ന് പറയാം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സാഹ. ഐപിഎല്ലില്‍ സെഞ്ച്വറി ഉള്‍പ്പെടെ മികച്ച റെക്കോഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് അവകാശപ്പെടാം.
2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം സാഹയുണ്ടായിരുന്നു. പിന്നീട് അഞ്ച് ടീമുകളോടൊപ്പം കളിക്കാന്‍ സാഹക്കായി. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമാണ് സാഹ. വരുന്ന സീസണിലും ഗുജറാത്ത് നിരയില്‍ സാഹയുണ്ടാവും. ഈ സീസണോടെ സാഹ വിരമിക്കാനും സാധ്യതകളുണ്ട്. രണ്ടാമത്തെ താരം പീയൂഷ് ചൗളയാണ്. ലെഗ് സ്പിന്നറായ ചൗള പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. 2008ല്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു ചൗളയുണ്ടായിരുന്നത്.
വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്ന സ്പിന്നര്‍ കരിയറിലെ വലിയൊരു സമയവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ചിലവിട്ടത്. നിലവില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ചൗളയുള്ളത്. ഇത്തവണയും മുംബൈയുടെ സ്പിന്‍ നിരയെ നയിക്കുന്നത് ചൗളയാണ്. മികച്ച പ്രകടനം അവസാന സീസണിലും കാഴ്ചവെക്കാന്‍ ചൗളക്കായിരുന്നു. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ചൗളക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ വേണ്ടത്ര അംഗീകാരം ചൗളക്ക് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.

ഇഷാന്ത് ശര്‍മയാണ് മറ്റൊരാള്‍. ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ വലിയ പ്രതീക്ഷവെക്കാത്ത താരമാണ് ഇഷാന്ത് ശര്‍മ. സീനിയര്‍ ബൗളറായ ഇഷാന്ത് പ്രഥമ സീസണ്‍ കളിച്ച താരങ്ങളിലൊരാളാണ്. 2008ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് ഇഷാന്ത് ഐപിഎല്‍ കരിയര്‍ തുടങ്ങിയത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ് ഇഷാന്തുള്ളത്. ഈ സീസണിലും ഡല്‍ഹിയുടെ പേസ് നിരയില്‍ ഇഷാന്തുണ്ടാവും. സമീപകാല ഐപിഎല്ലുകളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഇഷാന്തിന് സാധിച്ചിട്ടുണ്ട്.
റിഷി ധവാനാണ് മറ്റൊരാള്‍. ഇന്ത്യന്‍ ടീമും ഐപിഎല്‍ ടീമുകളും വേണ്ടവിധം ഉപയോഗിക്കാത്ത മീഡിയം പേസ് ഓള്‍റൗണ്ടറാണ് റിഷി ധവാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി കസറാന്‍ റിഷി ധവാന് സാധിച്ചിരുന്നു. പ്രഥമ ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു റിഷി ധവാന്‍. 17ാം സീസണിലും പഞ്ചാബിനൊപ്പമാണ് റിഷി ധവാന്‍. അവസാന സീസണില്‍ റിഷി ധവാന് കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഈ സീസണിലും താരം പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ടേക്കും.
സ്വപ്‌നില്‍ സിങ്ങാണ് മറ്റൊരു താരം. 33കാരനായ താരത്തെ അധികമാര്‍ക്കും പരിചയമില്ല. എന്നാല്‍ ബറോഡക്കാരനായ താരം പ്രഥമ ഐപിഎല്‍ സീസണിലും ഈ സീസണിലും കളിക്കുന്നവരിലൊരാളാണ്. പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു സ്വപ്‌നില്‍ സിങ്. എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. പിന്നീട് പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്ന സ്വപ്‌നില്‍ വരുന്ന ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണുള്ളത്. ഈ സീസണില്‍ മികച്ച പ്രകടനം നടത്തി ഹീറോയാവാന്‍ സ്വപ്‌നില്‍ സിങ്ങിനാവുമോയെന്നത് കാത്തിരുന്ന് കാണാം.