മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കത്തിലാണ് ടീമുകള്‍. താരലേലം പൂര്‍ത്തിയായതിനാല്‍ ഇനി ടൂര്‍ണമെന്റിനായി താരങ്ങളെ സജ്ജമാക്കാനുള്ള സമയമാണ്. മിനി ലേലത്തിന് ശേഷം എല്ലാ ടീമുകളും ഒന്നിനൊന്ന് ശക്തരാണ്. അതുകൊണ്ടുതന്നെ ആര് കിരീടം നേടുമെന്ന് പറയുക പ്രയാസമാണ്. മിച്ചല്‍ സ്റ്റാര്‍ക്കിനെ 24.75 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പാറ്റ് കമ്മിന്‍സിനെ 20.5 ലക്ഷത്തിന് സണ്‍റൈസേഴ്‌സ് ഹൈദാരാബാദും സ്വന്തമാക്കിയത് ഇത്തവണ കണ്ടതാണ്.
മുംബൈ ഇന്ത്യന്‍സ് ഹാര്‍ദിക് പാണ്ഡ്യയെ തിരികെ ടീമിലേക്കെത്തിച്ച് നായകസ്ഥാനം നല്‍കിയാണ് കപ്പിലേക്കെത്താന്‍ ശ്രമിക്കുന്നത്. സിഎസ്‌കെ കിരീടം നിലനിര്‍ത്താനുള്ള സജീവ ശ്രമത്തിലാണ്. ഇപ്പോഴിതാ ഇത്തവണത്തെ കിരീട ജേതാവ് ആരായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ആകാശ് ചോപ്ര. അത് സിഎസ്‌കെയോ മുംബൈ ഇന്ത്യന്‍സോ അല്ലെന്നും സണ്‍റൈസേഴ്‌സ് ഹൈദാരാബാദാണെന്നുമാണ് ആകാശിന്റെ പ്രവചനം.

'പേപ്പറിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഇത്തവണ അതിശക്തരായ ടീമുകളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. അവസാന സീസണിലെ പ്രകടനം മോശമായെങ്കിലും ഹൈദരാബാദിന്റെ ടീം കരുത്ത് മികച്ചതായിരുന്നു. ഇത്തവണയും താരസമ്പന്നമാണവര്‍. തീര്‍ച്ചയായും അവര്‍ പ്ലേ ഓഫില്‍ സ്ഥാനം അര്‍ഹിക്കുന്നു. ഹൈദരാബാദില്‍ പുതിയ താരങ്ങളായിരുന്നു അവസാന സീസണില്‍ കൂടുതലുണ്ടായിരുന്നത്. ഇത്തവണ സംതുലിതമാകാന്‍ ടീമിനായിട്ടുണ്ട്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താനും സാധ്യത കൂടുതലാണ്.
അവസാന സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എയ്ഡന്‍ മാര്‍ക്രമാണ് നയിച്ചത്. എന്നാല്‍ പാറ്റ് കമ്മിന്‍സിന് കീഴിലാവും ഇത്തവണ ഹൈദരാബാദ് ഇറങ്ങുക. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് അഗര്‍വാള്‍, ഹെന്‍ റിച്ച് ക്ലാസന്‍, ട്രാവിസ് ഹെഡ് എന്നിവരെല്ലാം ഹൈദരാബാദിന് ബാറ്റിങ് കരുത്ത് നല്‍കുന്നു. മാര്‍ക്കോ യാന്‍സന്‍, അഭിഷേക് ശര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, വനിന്‍ഡു ഹസരങ്ക എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍.
പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഫസല്‍ഹഖ് ഫറൂഖി, ജയദേവ് ഉനദ്ഘട്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് പ്രധാനികള്‍. ഇത്തവണ ഹൈദരാബാദിന് അഭിമാന പ്രശ്‌നം. തുടര്‍ച്ചയായി നാല് സീസണുകളില്‍ പ്ലേ ഓഫ് കളിക്കുകയും 2016ലെ ഐപിഎല്ലില്‍ ചാമ്പ്യന്മാരാവുകയും ചെയ്ത ടീമാണ് ഹൈദരാബാദ്. എന്നാല്‍ അവസാന സീസണില്‍ അവസാന സ്ഥാനക്കാരായി പിന്തള്ളപ്പെട്ടു. അതുകൊണ്ടുതന്നെ ഇത്തവണ ശക്തമായ തിരിച്ചുവരവ് ഹൈദരാബാദിന് നടത്തേണ്ടതായുണ്ട്.
എന്നാല്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സ് എല്ലാ ടീമുകള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയേക്കും. ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉള്‍പ്പെടുന്ന മുംബൈയെ എതിരാളികള്‍ ഭയക്കുക തന്നെ ചെയ്യണം. തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഡെവാള്‍ഡ് ബ്രെവിസ്, ടിം ഡേവിഡ് എന്നിവരും ടീമിനൊപ്പമുണ്ട്. അവസാന സീസണില്‍ ബൗളിങ്ങായിരുന്നു മുംബൈയെ പിന്നോട്ടടിച്ചത്. ഇതിനും പരിഹാരം കാണാനായിട്ടുണ്ട്.
ദില്‍ഷന്‍ മധുശനക, നുവാന്‍ തുഷാര, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ആകാശ് മധ്‌വാള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന മുംബൈ ബൗളിങ് നിര എതിരാളികള്‍ക്ക് വലിയ ഭീഷണിയാണെന്നുറപ്പ്. ഇത് എംഎസ് ധോണിയുടെ താരമെന്ന നിലയിലെ അവസാന ഐപിഎല്‍ സീസണാവും. അതുകൊണ്ടുതന്നെ ഇത്തവണ സിഎസ്‌കെയെ കപ്പടിച്ച് ധോണിയെ യാത്രയാക്കാനാവും സഹതാരങ്ങള്‍ ശ്രമിക്കുക.