മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കി പദ്ധതി മെനഞ്ഞ് ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പാണ്. ഇത്തവണ എല്ലാ ടീമും അതി ശക്തമാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ മുതല്‍ പിന്നോക്കം നില്‍ക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദുവരെ ശക്തമായ ടീം കരുത്തുമായാണ് വരുന്ന സീസണിലേക്കെത്തുന്നത്. ആര്‍സിബി ഇത്തവണയും കന്നി കിരീടം പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഇത്തവണ കിരീട പോരാട്ടം ശക്തമായിരിക്കുമെന്ന് പറഞ്ഞ എബി ഡിവില്ലിയേഴ്‌സ് ആരാവും കപ്പടിക്കുകയെന്നും പ്രവചിച്ചിരിക്കുകയാണ്. മുംബൈയോ സിഎസ്‌കെയോ ആര്‍സിബിയോ അല്ല ഇത്തവണ കപ്പടിക്കുകയെന്നും കപ്പടിക്കുന്ന ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആണെന്നുമാണ്. 'ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദാവും കപ്പടിക്കുക. മികച്ച താരങ്ങളെ അവര്‍ ഒപ്പം കൂട്ടിയിട്ടുണ്ട്. ശ്രീലങ്കന്‍ ലെഗ് സ്പിന്നര്‍ വനിന്‍ഡു ഹസരങ്കയെ 1.5 കോടിക്കാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
മത്സരം വിജയിപ്പിക്കാന്‍ കെല്‍പ്പുള്ളവനാണവന്‍. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാന്‍ ഹസരങ്കയ്ക്ക് കഴിവുണ്ട്. അവസാന സീസണിലും എന്റെ ഫേവറേറ്റുകളിലൊന്നായിരുന്നു ഹൈദരാബാദ്. പാറ്റ് കമ്മിന്‍സ്, ട്രാവിസ് ഹെഡ്, ജയദേവ് ഉനദ്ഘട്ട് എന്നിവരെല്ലാം ടീമിലേക്കെത്തിയത് ഹൈദരാബാദിന് കരുത്താകും. ഈ ടീമിന് ഐപിഎല്‍ കിരീടം നേടാനാവും. കരുതിയിരിക്കേണ്ട നിരയാണ് ഹൈദരാബാദെന്ന് പറയാം'- ഡിവില്ലിയേഴ്‌സ് പറഞ്ഞു.
അവസാന സീസണില്‍ ബ്രയാന്‍ ലാറയുടെ പരിശീലനത്തിന് കീഴിലും എയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലുമാണ് ഹൈദരാബാദ് കളിച്ചത്. 2016ലെ ചാമ്പ്യന്മാരായ ഹൈദരാബാദിന് അവസാന സീസണില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. 2016 മുതല്‍ 2020വരെ തുടര്‍ച്ചയായ അഞ്ച് സീസണുകളിലും പ്ലേ ഓഫ് കളിച്ച ടീമാണ് ഹൈദരാബാദ്. എന്നാല്‍ അവസാന മൂന്ന് സീസണിലും പ്ലേ ഓഫിലേക്കെത്താന്‍ ഹൈദരാബാദിന് സാധിച്ചിട്ടില്ല.

അവസാന സീസണില്‍ നാല് ജയം മാത്രമാണ് ടീമിന് നേടാനായത്. അവസാന സ്ഥാനത്തായിരുന്നു ഹൈദരാബാദ്. ഈ ചീത്തപ്പേര് മാറ്റാന്‍ ഇത്തവണ തകര്‍പ്പന്‍ പ്രകടനം ടീമിന് കാഴ്ചവെക്കേണ്ടതായുണ്ട്. എയ്ഡന്‍ മാര്‍ക്രത്തെ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് മാറ്റിയേക്കും. 20.5 കോടിക്ക് പാറ്റ് കമ്മിന്‍സിനെ ടീമിലെത്തിച്ചത് നായകനാക്കാനാവും. ഓസ്‌ട്രേലിയന്‍ നായകനെന്ന നിലയില്‍ ഗംഭീര റെക്കോഡ് കമ്മിന്‍സിനുണ്ട്.
ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് നേടിക്കൊടുക്കാനും കമ്മിന്‍സിനായി. ഇത്തവണ മോശമല്ലാത്ത ടീം കരുത്ത് ഹൈദരാബാദിനുണ്ട്. സംതുലിതമായ ടീമാണെന്ന് പറയാം. ബാറ്റിങ്ങില്‍ എയ്ഡന്‍ മാര്‍ക്രം, രാഹുല്‍ ത്രിപാഠി, ഗ്ലെന്‍ ഫിലിപ്‌സ്, മായങ്ക് അഗര്‍വാള്‍, ഹെന്‍ റിച്ച് ക്ലാസന്‍, ട്രാവിസ് ഹെഡ് എന്നിവരെല്ലാമാണ് പ്രധാനികള്‍. അഭിഷേക് ശര്‍മ, മാര്‍ക്കോ യാന്‍സന്‍, വാഷിങ്ടണ്‍ സുന്ദര്‍, വനിന്‍ഡു ഹസരങ്ക എന്നിവര്‍ ഓള്‍റൗണ്ടര്‍മാരായും ഹൈദരാബാദിനൊപ്പമുണ്ട്.
ഇത്തവണയും ശക്തമായ ബൗളിങ് നിരയെ ഹൈദരാബാദിന് അവകാശപ്പെടാം. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, പാറ്റ് കമ്മിന്‍സ്, ജയദേവ് ഉനദ്ഘട്ട്, ഉമ്രാന്‍ മാലിക്ക് എന്നിവരെല്ലാം ഹൈദരാബാദിന്റെ പേസ് നിരയിലുണ്ട്. മായങ്ക് മാര്‍ക്കണ്ഡെ സ്പിന്‍ നിരയിലുമുണ്ട്. മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും കെകെആറുമെല്ലാം വലിയ പ്രകടനം കാഴ്ചവെക്കാന്‍ കരുത്തുള്ളവരാണ്. മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചെത്തിച്ചത് കപ്പടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്.
എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് വരുന്ന സീസണ്‍ കളിക്കാതിരുന്നാല്‍ മുംബൈക്കത് വലിയ തിരിച്ചടിയാവും. സിഎസ്‌കെയെ വരുന്ന സീസണിലും ധോണിയാവും നയിക്കുക. രചിന്‍ രവീന്ദ്ര ഉള്‍പ്പെടെ ധോണി ആവശ്യപ്പെട്ട എല്ലാ താരങ്ങളേയും സിഎസ്‌കെ ടീമിലെത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെയേയും വരുന്ന സീസണില്‍ ഭയക്കണം. ഗൗതം ഗംഭീറിന്റെ വരവ് കെകെആറിനെ കിരീടത്തിലേക്കെത്തിക്കുമോയെന്നത് കണ്ടറിയാം.