മുംബൈ: ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് റിഷഭ് പന്ത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു. ഇപ്പോള്‍ വരുന്ന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി റിഷഭ് പന്ത് തിരിച്ചുവരാനൊരുങ്ങുകയാണ്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്കും തിരിച്ചെത്താന്‍ റിഷഭ് പന്തിന് സാധിച്ചേക്കും. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് ഇതിനോടകം തന്നെ മികവ് തെളിയിച്ചിട്ടുള്ള താരങ്ങളിലൊരാളാണ്.
എംഎസ് ധോണിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ് റിഷഭ് പന്ത്. ധോണിക്ക് ശേഷം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് പല പരീക്ഷണങ്ങളും ടീം നടത്തിയെങ്കിലും ഒടുവിലായാണ് റിഷഭിനെ കണ്ടെത്തിയത്. ധോണിയുടെ പകരക്കാരനായി എല്ലാവരും വാഴ്ത്തുന്ന റിഷഭിന് ധോണിയോട് കടുത്ത ആരാധനയുണ്ടെന്ന് അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ തന്റെ റോള്‍ മോഡല്‍ വിക്കറ്റ് കീപ്പര്‍ മറ്റൊരു താരമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിഷഭ് പന്ത്.

അത് ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റാണെന്നാണ് മടങ്ങിവരവില്‍ റിഷഭ് വെളിപ്പെടുത്തിയിരിക്കുന്നത്. 'ആദം ഗില്‍ക്രിസ്റ്റാണ് എനിക്ക് വലിയ പ്രചോദനം നല്‍കിയ വിക്കറ്റ് കീപ്പര്‍. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ പ്രകടനം കാണുമായിരുന്നു. ക്രിക്കറ്റ് കാണാന്‍ വലിയ താല്‍പര്യം ഉണ്ടായിരുന്ന ആളല്ല ഞാന്‍. എന്നാല്‍ ഗില്‍ക്രിസ്റ്റിന്റെ ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും കാണാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്കിഷ്ടമാണ്.
ആദ്യമായി ഓസ്‌ട്രേലിയയില്‍ വെച്ച് ഗില്‍ക്രിസ്റ്റിനെ കണ്ടത് മറക്കാനാവാത്ത അനുഭവമാണ്' റിഷഭ് പറഞ്ഞു. ഒരു കാല ഘട്ടത്തില്‍ വിക്കറ്റ് കീപ്പിങ്ങില്‍ അത്ഭുതപ്പെടുത്തിയ താരമാണ് ഗില്‍ക്രിസ്റ്റ്. മിന്നല്‍ സ്റ്റംപിങ്ങിനെക്കാള്‍ കൂടുതല്‍ ഡൈവിങ് ക്യാച്ചുകളിലൂടെയാണ് ഗില്‍ക്രിസ്റ്റ് ഞെട്ടിച്ചിരുന്നത്. വിക്കറ്റിന് പിന്നില്‍ അസാധ്യ ടൈമിങ്ങും വേഗവും കൈമുതലായുള്ള കീപ്പറായിരുന്നു ഗില്‍ക്രിസ്റ്റ്. ബാറ്റിങ്ങിലും അദ്ദേഹം എല്ലാവരേയും ഞെട്ടിച്ചു.
വെടിക്കെട്ട് ബാറ്റിങ് നടത്തിയാണ് ഗില്‍ക്രിസ്റ്റ് കസറിയിരുന്നത്. ഓപ്പണറായി ഇറങ്ങി ഗില്‍ക്രിസ്റ്റ് നടത്തിയ വെടിക്കെട്ട് പ്രകടനങ്ങള്‍ എക്കാലവും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതാണ്. ഓസ്‌ട്രേലിയക്കൊപ്പം മൂന്ന് ഏകദിന ലോകകപ്പ് കിരീടം നേടാന്‍ ഗില്‍ക്രിസ്റ്റിനായി. 1999, 2003, 2007 ലോകകപ്പുകളാണ് ഓസീസിനൊപ്പം ഗില്‍ക്രിസ്റ്റ് നേടിയത്. മൂന്ന് ലോകകപ്പിന്റേയും ഫൈനലില്‍ 50ന് മുകളില്‍ റണ്‍സ് നേടാനും ഗില്‍ ക്രിസ്റ്റിന് സാധിച്ചിരുന്നുവെന്നാണ് എടുത്തു പറയേണ്ടത്.
വിക്കറ്റ് കീപ്പിങ്ങിലെ പല റെക്കോഡുകളും സ്വന്തമാക്കിയിട്ടുള്ള ഗില്‍ക്രിസ്റ്റ് ഒരു കാലഘട്ടത്തയാകെ പ്രചോദിപ്പിച്ച താരമാണ്. നിരവധി യുവതാരങ്ങളെ വിക്കറ്റ് കീപ്പിങ്ങിലേക്ക് ശ്രദ്ധ തിരിക്കാന്‍ ഗില്‍ക്രിസ്റ്റിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ധോണി വളര്‍ന്നതോടെ ഗില്‍ക്രിസ്റ്റിന്റെ പല വിക്കറ്റ് കീപ്പിങ് റെക്കോഡുകളും തകര്‍ക്കപ്പെട്ടു. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായി പല താരങ്ങളും ആരാധകരും വാഴ്ത്തുന്നത് ധോണിയെയാണ്.
അസാമാന്യ വേഗം കൈമുതലായുള്ള താരമാണ് ധോണി. മിന്നല്‍ സ്റ്റംപിങ്ങാണ് ധോണിയുടെ കരുത്ത്. രണ്ട് സെക്കന്റുകൊണ്ട് സ്റ്റംപ് ചെയ്യുന്ന തരത്തില്‍ അതിവേഗം വിക്കറ്റിന് പിന്നില്‍ ധോണിക്കുണ്ട്. പല വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. യുവ വിക്കറ്റ് കീപ്പര്‍മാരില്‍ ഏറ്റവും മികച്ച കീപ്പറായി വളര്‍ന്നുവരുന്നവനാണ് റിഷഭ്. മികച്ച സ്റ്റംപിങ്ങുകളും ഡൈവിങ് ക്യാച്ചുകളുമായി ഇതിനോടകം എല്ലാവരേയും ഞെട്ടിക്കാന്‍ റിഷഭ് പന്തിനായിട്ടുണ്ട്.
എന്നാല്‍ അപകടത്തില്‍ റിഷഭിന്റെ കാലിന് കാര്യമായി പരിക്കേറ്റിരുന്നു. അതുകൊണ്ടുതന്നെ വിക്കറ്റ് കീപ്പിങ്ങില്‍ പഴയ മികവിലേക്ക് റിഷഭിന് തിരിച്ചുവരാന്‍ സമയം വേണ്ടി വന്നേക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറായിരിക്കില്ല. എന്തായാലും നിലവിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് റിഷഭെന്ന് നിസംശയം പറയാം.